- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അങ്ങ് വൈറ്റ് ഹൗസിലും മലയാളികൾക്ക് പിടിയുണ്ട് കേട്ടോ! പ്രസിഡന്റ് ജോ ബൈഡന്റെ സംഘത്തിലെ നിർണായക സ്ഥാനത്ത് മലയാളി വനിത; ആലപ്പുഴയിൽ കുടുംബ വേരുകളുള്ള ശാന്തി കളത്തിൽ നിയമിതയായത് ദേശീയ സുരക്ഷാ സമിതിയിൽ ഉയർന്ന തസ്തികയിൽ; 49കാരിയായ ശാന്തി ജനിച്ചതും വളർന്നതും അമേരിക്കയിൽ
ആലപ്പുഴ: ലോകത്തിന്റെ വിവിധ ഭരണതലങ്ങളിൽ മലയാളികൾ ഇടംപിടിക്കുന്ന കാലമാണിത്. ന്യൂസിലാൻഡിൽ മന്ത്രിയായി മലയാളി പ്രിയങ്ക രാധാകൃഷ്ണൻ മാറിയതിന് പിന്നാലെ ഇപ്പോഴിതാ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ടീമിലും ഒരു മലയാളി വനിത ഇടംപടിച്ചിരിക്കുന്നു. തമിഴ്നാട്ടിൽ വേരുകളുള്ള കമല ഹാരിസ് വൈസ് പ്രസിഡന്റ് ആയ ഘട്ടത്തിൽ തന്നെയാണ് ഒരു മലയാളിയും സുപ്രധാന പദവിയിൽ എത്തിയിരിക്കുന്നത്.
കേരളത്തിലെ ആലപ്പുഴയിലെ കണ്ണൻകര ഗ്രാമത്തിന്റെ 'ചെറുമകൾ' ശാന്തി കളത്തിലാണ് അമേരിക്കയിൽ നിർണായക പദവി അലങ്കരിക്കുന്നത്. ദേശീയ സുരക്ഷാ സമിതിയിൽ ഉയർന്ന തസ്തികയിൽ കളത്തിൽ കുടുംബാംഗമായ ശാന്തി കളത്തിലിനെ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു. പരേതനായ ജയിംസ് കളത്തിലിന്റെ മകളായ ശാന്തി കളത്തിൽ ദേശീയ സുരക്ഷാ സമിതിയിൽ ജനാധിപത്യവും മനുഷ്യാവകാശവുമായ ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോർഡിനേറ്റർ ചുമതലയാണ് നിർവഹിക്കുക.
49 വയസുകാരിയായ ശാന്തി ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. നാഷണൽ എൻഡോവ്മെന്റ് ഫോർ ഡെമോക്രസിയിൽ ഇന്റർനാഷണൽ ഫോറം ഫോർ ഡെമോക്രാറ്റിക് സ്റ്റഡീസിന്റെ മുതിർന്ന ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ നിയോഗം. കുടുംബത്തിനും ഗ്രാമത്തിനും അഭിമാനിക്കാവുന്ന നിമിഷങ്ങളാണെന്ന് ബന്ധു പാപ്പച്ചൻ കളത്തിൽ പറയുന്നു.
'40 വർഷം മുൻപാണ് എന്റെ മൂത്ത ചേട്ടൻ ജയിംസും ഞാനും അമേരിക്കയിൽ പോയത്. വിവിധ സർവകലാശാലകളിൽ പ്രൊഫസറായിരുന്നു ചേട്ടൻ. ജയിംസ് വർഷങ്ങൾക്ക് മുൻപാണ് മരിച്ചത്. ശാന്തി പഠിക്കാൻ മിടുക്കിയായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നാണ് ശാന്തി പത്രപ്രവർത്തനം പൂർത്തിയാക്കിയത്. ശാന്തിയുടെ പുതിയ ഉത്തരവാദിത്തം ജനാധിപത്യത്തിന് കരുത്തുപകരും' -പാപ്പച്ചൻ പറയുന്നു.
യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്പ്മെന്റിൽ സീനിയർ ഡെമോക്രസി ഫെല്ലോയായും ശാന്തി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നയതന്ത്രം, വികസനം, സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കാലിഫോർണിയയിൽ താമസിക്കുന്ന ശാന്തി യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ നിന്നുമാണ് ബിരുദം നേടിയത്.
കാൾ പോളി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ പ്രഫസർ ആയിരുന്ന ജയിംസ് സക്കറിയ കളത്തിൽ ഇലിനോയ് സർവകലാശാലയിൽ ഉപരിപഠനത്തിനായാണ് കേരളത്തിൽ നിന്ന്അമേരിക്കയിൽ എത്തിയത്. ബറാക് ഒബാമയുടെ മുൻ സ്പെഷൽ അസിസ്റ്റന്റും ആണവായുധ വിരുദ്ധ പ്രവർത്തകനും കോളമിസ്റ്റുമായ ജോൺ വൂൾഫ്സ്താലാണ് ശാന്തിയുടെ ഭർത്താവ്. ജയൻ കളത്തിൽ ആണ് സഹോദരൻ.
ആകെ 20 ഇന്ത്യൻ വംശജരെയാണ് വൈറ്റ്ഹൗസിലെ വിവിധ പദവികളിലേക്ക് ബൈഡൻ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. വിവിധ വകുപ്പുകളിലായി ഉന്നതപദവിയിലേക്ക് എത്തുന്നത് 17 പേരാണ്. അതിൽ 13 പേർ വനിതകളുമാണുള്ളത്. ബൈഡന്റെ ടീമിലെ ഇന്ത്യൻ താരങ്ങൾ ഇവരൊക്കെയാണ്- നീര ഠണ്ഡൻ (ഡയറക്ടർ, വൈറ്റ്ഹൗസ് ഓഫിസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ്), ഡോ. വിവേക് മൂർത്തി (യു.എസ് സർജൻ ജനറൽ), വനിത ഗുപ്ത (അസോഷ്യേറ്റ് അറ്റോർണി ജനറൽ, ജസ്റ്റിസ് വകുപ്പ്), ഉസ്ര സേയ (സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ സിവിലിയൻ സെക്യൂരിറ്റി, ഡമോക്രസി ഹ്യൂമൻ റൈറ്റ്സ് അണ്ടർ സെക്രട്ടറി), മാല അഡിഗ (യു.എസ് പ്രഥമവനിതയാകാൻ പോകുന്ന ജിൽ ബൈഡന്റെ പോളിസി ഡയറക്ടർ), ഗരിമ വർമ (പ്രഥമവനിതയുടെ ഓഫിസിലെ ഡിജിറ്റൽ ഡയറക്ടർ), സബ്രിന സിങ് (വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി), ഐഷ ഷാ (പാർട്നർഷിപ് മാനേജർ, വൈറ്റ് ഹൗസ് ഓഫിസ് ഓഫ് ഡിജിറ്റൽ സ്ട്രാറ്റജി), സമീറ ഫാസിലി (നാഷനൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ), ഭരത് രാമമൂർത്തി (നാഷനൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ), ഗൗതം രാഘവൻ ( ഡപ്യൂട്ടി ഡയറക്ടർ, ഓഫിസ് ഓഫ് പ്രസിഡൻഷ്യൽ പഴ്സനേൽ), വിനയ് റെഡ്ഡി (ഡയറക്ടർ സ്പീച് റൈറ്റിങ്), വേദാന്ത് പട്ടേൽ (അസിസ്റ്റന്റ് പ്രസ് സെക്രട്ടറി), തരുൺ ഛബ്ര (സീനിയർ ഡയറക്ടർ ഫോർ ടെക്നോളജി ആൻഡ് നാഷനൽ സെക്യൂരിറ്റി), സുമന ഗുഹ (സീനിയർ ഡയറക്ടർ ഫോർ സൗത്ത് ഏഷ്യ), ശാന്തി കളത്തിൽ (കോഓർഡിനേറ്റർ ഫോർ ഡമോക്രസി ആൻഡ് ഹ്യൂമൻ റൈറ്റ്സ്), സോണിയ അഗർവാൾ (സീനിയർ അഡൈ്വസർ ഫോർ ക്ലൈമറ്റ് പോളിസി ആൻഡ് ഇന്നവേഷൻ), വിദുർ ശർമ (കോവിഡ് കർമസമിതി പോളിസി അഡൈ്വസർ ഫോർ ടെസ്റ്റിങ്), നേഹ ഗുപ്ത (അസോഷ്യേറ്റ് കോൺസൽ), റീമ ഷാ (ഡപ്യൂട്ടി അസോഷ്യേറ്റ് കോൺസൽ).
മറുനാടന് ഡെസ്ക്