ഡൂയീസ്ബുർഗ്: ജർമനിയിൽ മലയാളി യുവതിയെ ഭർത്താവ് കൊന്നു കുഴിച്ചുമൂടി. ജർമനിയിലെ ആദ്യ തലമുറക്കാരായ അങ്കമാലി സ്വദേശി സെബാസ്റ്റ്യൻ കിഴക്കേടത്തിന്റെയും റീത്തയുടെയും ഏകമകളായ ജാനെറ്റ് (34) ആണ് കൊല്ലപ്പെട്ടത്. ജർമൻകാരനായ ഭർത്താവാണ് ജാനറ്റിനെ കൊലപ്പെടുത്തിയത്. മധ്യജർമൻ നഗരമായ ഡൂയീസ്ബുർഗിന് അടുത്തുള്ള ഹോംബെർഗിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റെനെ ഫെർഹോവനെ (33) പൊലീസ് അറസ്റ്റ് ചെയ്തു.

ജാനെറ്റിനെ കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിന്റെ പുറകുവശത്തുള്ള തോട്ടത്തിൽ കുഴിച്ചുമൂടിയ നിലയിൽ ജാനെറ്റിന്റെ മൃതദേഹം കണ്ടെത്തിയത്. റെനെയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ കൃത്യം നടത്തിയത് താനാണെന്ന് റെനെ പൊലീസിനോട് സമ്മതിച്ചു. ജാനെറ്റ് സ്വമേധയാ വീടുവിട്ടു പോയെന്നാണ് റെനെ പൊലീസിനെ അറിയിച്ചിരുന്നത്. ഇതിനിടയിൽ ജാനെറ്റിന്റെ മൊബൈൽ ഫോണിൽ നിന്ന് അയച്ച വാട്സാപ്പിൽ സന്ദേശങ്ങൾ പൊലീസ് കണ്ടെത്തി.

ജാനെറ്റ് എന്ന പേരിൽ ഫെർഹോഫനാണ് ഇത് അയച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൊല എന്ന് നടന്നുവെന്നോ എങ്ങനെ കൊലപ്പെടുത്തിനോ ഇതുവരെ വ്യക്തമായിട്ടില്ല. മരണകാരണം ശനിയാഴ്ച നടത്തുന്ന പോസ്റ്റ്മോർട്ടത്തിലേ വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് വക്താവ് പറഞ്ഞു. സംഭവത്തെപ്പറ്റിയുള്ള ഊർജ്ജിതമായ അന്വേഷണത്തിന് പൊലീസ് ഒരു കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.

ഹോംബെർഗിൽ സ്‌കൂൾതലം മുതലേ ഫെർഹോവനും ജാനെറ്റും തമ്മിൽ കൂട്ടുകാരായിരുന്നു. കഴിഞ്ഞ 15 കൊല്ലമായി പ്രണയത്തിലുമായിരുന്നു. ഇതിനെ തുടർന്ന് മാതാപിതാക്കളുടെ സമ്മതപ്രകാരം അങ്കമാലിയിൽ വച്ചാണ് ഇവരുടെ വിവാഹം നടത്തിയത്. ചെറുപ്പം മുതൽ അറിയുന്നവരായിരുന്നു ജാനെറ്റും ഫെർഹോവനും. 15 കൊല്ലമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം അങ്കമാലിയിൽ വച്ചാണ് നടന്നത്. നർത്തകിയായ ജാനറ്റ് ജർമ്മനിയിലെ കലാരംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

ജാനെറ്റ് ഫെർഹോവൻ ദമ്പതികൾക്ക് ആലീസ് എന്ന് പേരുള്ള എട്ടുമാസം പ്രായമുള്ള ഒരു പെൺകുട്ടിയുമുണ്ട്. ജർമ്മനിയിലെ മലയാളഇ സമൂഹത്തെയും ജാനെറ്റിന്റെ മരണം ഞെട്ടിച്ചിട്ടുണ്ട്.