ദമാം: ഇന്ത്യയിൽ പോൺസൈറ്റ് നിരോധനത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ആശങ്കപ്പെടാൻ സൗദിയിൽ നിന്നും ഒരു വാർത്ത. അശ്ലീല വെബ്‌സൈറ്റുകൾക്ക് കർശന വിലക്കുള്ള നാടായ സൗദി അറേബ്യയിൽ അശ്ലീല വീഡിയോ കണ്ടതിന് മലയാളി യുവാവിനെ അറസ്റ്റു ചെയ്തുവെന്നാണ് വാർത്ത. ദമാമിലാണ് യുവാവ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇന്റർനെറ്റിൽ സ്ഥിരമായി അശ്ലീല വീഡിയോകൾ കാണുന്നതിന് പുറമേ ചില വീഡിയോകൾ ഇയാൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിരുന്നതായും സൗദി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്.

പിടിയിലായ മലയാളി യുവാവിനെ സൗദി സൈബർ സെൽ ഏറെ നാളായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിലൂടെ താമസ സ്ഥലത്തെ ഇന്റർനെറ്റ് കണക്ഷൻ വഴിയാണ് ഇയാൾ അശ്ലീല വെബ്‌സൈറ്റുകൾ സന്ദർശിച്ചിരുന്നതെന്നും കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ചതോടെ ഇയാളെ ഹാജരാക്കാൻ സ്‌പോൺസറോട് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, താൻ അശ്ലീല ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും ഇന്റർനെറ്റ് കണക്ഷൻ തന്റെ പേരിലാണെങ്കിലും മുറിയിൽ തനിക്കൊപ്പം മറ്റ് നാലുപേർ കൂടിയുണ്ടെന്നും അവരാകാം അശ്ലീല വീഡിയോകൾ സന്ദർശിച്ചിരുന്നതെന്നുമാണ് പിടിയിലായ യുവാവിന്റെ വാദം. അശ്ലീല വെബ്‌സൈറ്റുകൾക്ക് കർശന വിലക്കുന്ന രാജ്യമാണ് സൗദിയെങ്കിലും പ്രത്യേക സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിച്ച് ഇത്തരം സൈറ്റുകളിൽ കയറിപ്പറ്റുന്നവർ ഒരുപാടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.