ആലപ്പുഴ: റെക്കോർഡുകൾ പലതരത്തിലുമാവാം. അത് അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നൽകിക്കൊണ്ടുമാകാം എന്നു തെളിയിക്കുകയാണ് ആലപ്പുഴ ചേർത്തല സ്വദേശിയായ അർവിന്ദ് കുമാർ പൈ. നന്നേ ചെറുപ്പത്തിലെ സ്റ്റാമ്പുകളോട് ചങ്ങാത്തം പുലർത്തിയിരുന്ന അർവിന്ദ് ഇപ്പോൾ ലോകത്തിലുള്ള മിക്ക രാജ്യങ്ങളുടെയും സ്റ്റാമ്പുകളുടെ കൂട്ടുകാരനാണ്. മാത്രമല്ല ഒരു സമയത്ത് മൂന്നു റെക്കോർഡുകളുടെ ഉടമ കൂടിയാണ്. ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിലാണ് ഇപ്പോൾ അർവിന്ദ് മുത്തമിട്ടിട്ടുള്ളത്. ഏഷ്യൻ രാജ്യങ്ങളിലേയും ഇന്ത്യയിലെ തന്നെ ഇതര സ്റ്റാമ്പ് ശേഖരങ്ങളെയും പിന്തള്ളിയാണ് അർവിന്ദ് ഈ നേട്ടം കൈവരിച്ചത്.

ഗിന്നസിലേക്കുള്ള അശ്രാന്തപരിശ്രമത്തിലാണ് അർവിന്ദ്. 2015 ലാണ് ഈ അഭൂതപൂർവ്വമായ റെക്കോർഡുകളുടെ തോഴനായി അർവിന്ദ് മാറിയത്. രണ്ടു പതിറ്റാണ്ടിലേറെയായി ഈ ചെറുപ്പക്കാരൻ സ്റ്റാമ്പ് കളക്ഷൻ തുടങ്ങിയിട്ട്. രണ്ടു പൈസയടേതു മുതൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാമ്പുകളുടെ വരെ ശേഖരം അർവിന്ദിനുണ്ട്. പ്രധാനമായും മഹാത്മജിയുടെ സ്റ്റാമ്പുകളുടെ വൻ ശേഖരമാണ് ഗാന്ധീയൻ കൂടിയായ ഈ യുവാവ് നടത്തിയിട്ടുള്ളത്. പതിനായിരത്തിലധികം സ്റ്റാമ്പുകൾ നിധിയായി സൂക്ഷിക്കുന്നു. ഈ മേഖലയിലുള്ള ഒരു സംഘടനയിലും അർവിന്ദിന് അംഗത്വമില്ല.

ചെറുപ്പത്തിൽ വന്നുപെട്ട അപസ്മാരബാധയാണ് സ്റ്റാമ്പ് ശേഖരണത്തിലേക്ക് തന്നെ തിരിച്ചുവിട്ടതെന്ന് ഈ യുവാവ് പറയുന്നു. അസുഖത്തെ തുടർന്ന് പുറംലോകത്തേക്ക് പോകാൻ മടിച്ച അർവിന്ദിന് സ്റ്റാമ്പുകളായിരുന്നു കൂട്ടുകാർ. പഠനകാലത്തുതന്നെ ഏറെ സുഹ്യത്തുക്കളില്ലാതിരുന്നതും ഈ ചെറുപ്പക്കാരനെ സ്റ്റാമ്പുകളുടെ ലോകത്തെത്തിച്ചു. ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തങ്ങളിലൊന്നായിരുന്നു അമ്മയ്ക്ക് പിറന്നാൾ സമ്മാനം അയച്ച് റെക്കോർഡിലേക്കെത്തിയത്. 'ഹാപ്പി ബെർത്ത് ഡേ അമ്മ' എന്ന തലക്കെട്ടിൽ 2 പൈസ മുതൽ 5 പൈസ വരെയുള്ള 322 സ്റ്റാമ്പുകൾ പതിപ്പിച്ചാണ് ആശംസാക്കത്ത് തീർത്തത്. ഇതാണ് അർവിന്ദിനെയും അമ്മയെയും ലിംകാ ബുക്ക് ഓഫ് റെക്കോർഡിലേക്ക് എത്തിച്ചത്.

അച്ഛന്റെ സാമീപ്യമായിരുന്നു അർവിന്ദിന്റെ കരുത്ത്. ഇന്നു പിതാവിന്റെ അഭാവം ഈ ചെറുപ്പക്കാരനെ അലട്ടുന്നുണ്ട്. അർബുദമെന്ന മാരകരോഗത്തിനു കീഴ്‌പ്പെട്ട് മൂന്നു വർഷംമുമ്പ് അർവിന്ദിന്റെ അച്ഛൻ മുരളീധരബാബു വിടവാങ്ങിയിരുന്നു. കേരള സർവ്വകലാശാലയിൽനിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അർവിന്ദ് 2009 -ലെ രണ്ടാം റാങ്കുകാരൻ കൂടിയാണ്. ഇപ്പോൾ ചേർത്തല മാടയ്ക്കലിൽ ശാന്തിനിവാസിൽ സ്ഥിരതാമസം. അമ്മ രഞ്ജിത ഭായി, അദ്ധ്യാപികയായ ഭാര്യ ജ്യോതിലക്ഷ്മി, സഹോദരി ശ്രീലക്ഷ്മി.