ലണ്ടൻ: ഈ ലോകത്തോട് വിട പറയുമ്പോൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഒരടയാളം അവശേഷിപ്പിക്കാൻ സാധിക്കണമെന്ന ആദർശബോധം മലയാളികളിൽ മിക്കവർക്കുമുണ്ട്. എന്നാൽ സദ്പ്രവർത്തികൊണ്ട് മനുഷ്യമനസിൽ ഇടംപിടിക്കാൻ സാധിക്കുന്നവർ കുറവായിരിക്കും. ഇങ്ങനെ അവയവദാനത്തിന്റെ മഹത്തായ സന്ദേശം ബ്രിട്ടീഷുകാരെ പോലും പഠിപ്പിച്ച് ഒരു മലയാളി യുവാവിന്റെ മരണം വാർത്തകളിൽ നിറയുകയാണ്. ഈ ബുധനാഴ്‌ച്ച മസ്തിഷ്‌കാഘാതം മൂലം മരണമടഞ്ഞ ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ താമസിക്കുന്ന ബ്രയാൻ സേവ്യർ(40) ഏഴ് പേർക്കാണ് പുതുജീവൻ നൽകിയത്. മരിക്കും മുമ്പ് ബ്രയാൻ തന്റെ മിക്ക അവയവങ്ങളും ദാനം ചെയ്തിരുന്നു.

അവയവദാനത്തെ പറ്റി ഇപ്പോഴും ആശങ്കകൾ പങ്കുവെക്കുന്ന മലയാളികൾക്ക് മുഴുവൻ മാതൃക കാട്ടുകയായിരുന്നു ബ്രയാൻ സേവ്യർ. അകാലത്തിൽ മരിച്ച ബ്രയാന്റെ ഉപയോഗിക്കാൻ സാധിക്കുന്ന സർവ്വ അവയവങ്ങളും ദാനം ചെയ്യാൻ വീട്ടുകാർ എടുത്ത തീരുമാനം ഏഴ് ജീവിതങ്ങൾക്കാണ് വെളിച്ചം നൽകിയത്. യുകെയിലെ മലയാളികൾക്കിടയിൽ വർദ്ധിച്ച് വരുന്ന അവയവദാന ബോധവൽക്കരണത്തിന്റെ ഭാഗമായി ഒരു വർഷം മുമ്പ് തന്റെ അവയവങ്ങൾ എല്ലാം ദാനം ചെയ്യാനുള്ള സമ്മതപത്രം ബ്രയാൻ ഒപ്പുവച്ചിരുന്നു. മസ്തിഷ്‌കമരണം സംഭവിച്ചെങ്കിലും ബ്രയാന്റെ അന്ത്യാഭിലാഷം സാധിക്കാനായി ഇന്നലെ വെളുപ്പിന് വെന്റിലേറ്റർ ഓഫ് ചെയ്യാനുള്ള തീരുമാനം പോലും ബന്ധുക്കൾ നീട്ടുകയായിരുന്നു.

ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ബ്രയാൻ മാഞ്ചസ്റ്ററിൽ താമസിച്ചുവന്നത്. മസ്തിഷ്‌കാഘാതം സംഭവിച്ച് വീട്ടിൽ കുഴഞ്ഞുവീണ ബ്രയാനെ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെതുടർന്ന് നടത്തിയ ബ്രയാന്റെ സി ടി സ്‌കാനിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയും ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. ബ്ലീഡിങ് നിലക്കാതെ ശരീരം മരുന്നുകളോട് പ്രതികരിക്കാത്ത സ്ഥിതിയിൽ കുടുംബാംഗങ്ങളുടെ പ്രതീക്ഷകൾ അസ്ഥാനത്തായി. തുടർന്നാണ് ബുധനാഴ്‌ച്ച അന്ത്യകൂദാശ അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഔദ്യോഗിക മരണത്തിലേക്ക് വഴി തെളിയുകയായിരുന്നു. ഇനി ശുശ്രൂഷിക്കുന്നതുകൊണ്ട് പ്രയോജനമില്ല എന്നുറപ്പായപ്പോഴേക്കും വെന്റിലേറ്റർ ഓഫ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ബ്രയാന്റെ ജീവിതത്തിന്റെ ബാക്കിയുമായി പുതിയ ജീവിതത്തിലേക്ക് കടക്കാൻ വലിയ തയ്യാറെടുപ്പ് തന്നെയാണ് ഇന്നലെ മാഞ്ചസ്റ്റർ വിഥിൻഷോ ആശുപത്രിയിൽ ഒരുങ്ങിയത്. ഹൃദയം അടക്കമുള്ള അവയവങ്ങളുമായി പോകാൻ എയർ ആംബുലൻസുകൾ വരെ കാത്ത് നിന്നു. എന്നാൽ ഹൃദയം സ്വീകരിക്കേണ്ടിയിരുന്ന രോഗിയുടെ കയറിയിറങ്ങി നിന്ന രക്തസമ്മർദ്ദം മൂലം ആ ശ്രമം പരാജയപ്പെടുകയായിരുന്നു. കിഡ്‌നി, ലിവർ, പാൻക്രിയാസ്, കണ്ണ് (കോർണിയ) തുടങ്ങിയവ ഇന്നലെ രാവിലെ ഏഴ് മുതൽ വൈകുന്നേരം വരെ നീണ്ട ശസ്ത്രക്രിയകളിലൂടെയാണ് നീക്കം ചെയ്യ്തത്. ഈ അവയവങ്ങൾ കൊണ്ട് പോകാൻ വൻ സന്നാഹങ്ങളോടെയാണ് എയർ ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങൾ കാത്ത് നിന്നത്. സിനിമയിലും മറ്റും കാണുന്നത് പോലെ അവയവങ്ങൾ ലഭിച്ചപ്പോൾ ശരവേഗത്തിൽ എത്തിച്ച് പുതിയ ജീവിതങ്ങൾക്ക് മേൽ തുന്നിച്ചേർക്കുകയും ചെയ്തു.

ഹൃദയദാനത്തിന് വേണ്ടിയുള്ള നിരന്തര പരിശ്രമം പരാജയപ്പെട്ടതിൽ ആയിരുന്നു മെഡിക്കൽ സംഘത്തിന് നിരാശ. മണിക്കൂറുകൾ കാത്തെങ്കിലും ഹൃദയം സ്വീകരിക്കേണ്ട വ്യക്തിയുടെ ബ്ലഡ് പ്രഷർ കൂടിയും കുറഞ്ഞും നിന്നതിനാൽ അവസാന നിമിഷം ഹൃദയദാനം ഉപേക്ഷിക്കുകയായിരുന്നു. അല്ലെങ്കിൽ മറ്റൊരു ജീവിതം കൂടി ഈ മനുഷ്യസ്‌നേഹിയുടെ അടയാളമായി ലോകത്ത് അവശേഷിക്കുമായിരുന്നു. ബ്രയാന്റെ മഹാമാതൃകയെക്കുറിച്ച് സംസാരിക്കാത്ത ആരും ഇന്നലെ വിഥിൻഷോ ആശുപത്രിയിൽ ഇല്ലായിരുന്നു എന്ന് അവിടുത്തെ മലയാളികളായ ജീവനക്കാർ പറഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് അവയവനീക്കം നടന്നത്.

അവയവങ്ങൾ നീക്കം ചെയ്ത ശേഷം കുടുംബാംഗങ്ങൾക്ക് കാണുവാനുള്ള അവസരം നൽകിയ ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച രാവിലെയും ഉച്ചകഴിഞ്ഞും നടന്ന രണ്ടു സ്‌റ്റെംസെൽ പരിശോധനയും നെഗറ്റീവായതോടെ ബ്രയാന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചെങ്കിലും ഓർഗൻ ഡൊണേഷന് വേണ്ടിയാണ് ഇന്നലെ പുലർച്ചെ വരെ വെന്റിലേറ്റർ ഓഫ് ചെയ്യാതിരുന്നത്. സംസ്‌കാരം പൊതുദർശനം തുടങ്ങിയ കാര്യങ്ങളിൽ ഇന്നേ തീരുമാനം ഉണ്ടാകൂ. യുകെയിൽ തന്നെ സംസ്‌കാരം നടത്താനാണ് സാധ്യതയെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.