മലപ്പുറം: മലയാളി യുവാവ് ജിദ്ദയിൽ കുത്തേറ്റു മരിച്ചു. ജിദ്ദയിലെ അൽ മംലക സ്ഥാപനത്തിൽ ജോലിക്കാരനായ 44കാരൻ രാവിലെ സ്ഥാപനത്തിലെ പിരിവ് കഴിഞ്ഞ് പണവുമായി മടങ്ങുന്നതിനിടെ അജ്ഞാതൻ വന്നു കുത്തിക്കൊലപ്പെടുത്തി പണവുമായി മുങ്ങുക ആയിരുന്നുവെന്നണു ജിദ്ദയിൽനിന്നും ലഭിക്കുന്ന വിവരം.

മലപ്പുറം കോട്ടക്കൽ വലിയപറമ്പ് പരേതനായ ഉണ്ണീൻ കുട്ടി മുസ് ലി യാരുടെ മകൻ നമ്പിയാടത്ത് കുഞ്ഞലവി (44)യാണ് മരിച്ചത്. ജിദ്ദയിലെ അൽ മംലക സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു. രാവിലെ സ്ഥാപനത്തിലെ പിരിവ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. അജ്ഞാതൻ അക്രമി കുത്തിയ ശേഷം പണവുമായി കടന്നു കളയുകയായിരുന്നു. പണം മോഷ്ടിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക വിവരം.

മൂന്ന് വർഷമായി സ്ഥാപനത്തിലെ ജോലിക്കാരനാണ്. ഒന്നര വർഷം മുമ്പാണ് നാട്ടിൽ വന്നത്.ദേഹമാസകലം കുത്തേറ്റിട്ടുണ്ട്. പ്രതി എന്ന് സംശയിക്കുന്ന വിദേശ പൗരനെ വിമാനത്താവളത്തിൽ നിന്നും അധികൃതർ പിടികൂടിയിട്ടുണ്ട്. മയ്യിത്ത് ജിദ്ദയിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. മാതാവ്: കുഞ്ഞിപ്പാത്തുട്ടി. ഭാര്യ: സാഹിന. മക്കൾ: നിഫിൻ നിഹാൽ, നിദിൻ നിഹാൽ.സ്പോൺസറും സുഹൃത്തുക്കളും ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് നേതാക്കളുമടക്കമുള്ളവർ മരണാനന്തര നടപടിക്രമങ്ങൾക്കായി രംഗത്തുണ്ട്.