റിയാദ്: സൗദി അറേബ്യയിലെ സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത് കേന്ദ്ര സർക്കാരായിരുന്നു. കേന്ദ്രമന്ത്രി വികെ സിങ് നേരിട്ട് പോയി ഇവരെ നാട്ടിലെത്തിച്ചു. ഇതിനിടെയിൽ കേരളത്തിന്റെ മന്ത്രി കെ ടി ജലീലിന്റെ ഡിപ്ലൊമാറ്റിക് പാസ്‌പോർട്ട് ആവശ്യം പോലും നിരാകരിച്ചു. ഇപ്പോഴിതാ മലരാരണ്യത്തിൽ നിന്നും പുതിയൊരു കഥനകഥ. മലയാളികൾ മാത്രമായതിനാൽ കേന്ദ്ര സർക്കാരിൽ നിന്നും ആരും പോകാനില്ല. സാധാരണ പാസ്‌പോർട്ട് ഉപയോഗിച്ച് സൗദിയിൽ കെടി ജലീൽ എത്തിയാൽ തീരുന്നതേയുള്ളൂ ഈ പ്രശ്‌നം. അതിന് തയ്യാറാകുമോ എന്നതാണ് പ്രധാനം.

ആലപ്പുഴ തുമ്പോളി സ്വദേശികളായ ജോസഫ്, തോമസ് സുബിൻ, മലപ്പുറം എടക്കര സ്വദേശികളായ മണികണ്ഠൻ, ധനേഷ് എന്നിവരാണ് സൗദിയിലെ പാറമടയിൽ തടവിലെന്നപോലെ കഴിയുന്നത്. റിയാദ്: ഷീറ്റ് വിരിച്ച ഷെഡ്, വൈദ്യുതിയും ശീതീകരണ സംവിധാനങ്ങളുമില്ല, ആവശ്യത്തിന് കുടിവെള്ളവും ഭക്ഷണവുമില്ല, പൊള്ളുന്ന ചൂടുകാറ്റാണ് രാവും പകലും കൂട്ട്.. നാലുമലയാളി യുവാക്കൾ മരുഭൂമിയിലെ പാറമടയിൽ അനുഭവിക്കുന്ന ദുരിതമാണിത്. ഇവരെ നിർബന്ധപൂർവം ജോലി ചെയ്യിക്കുകയാണ് തൊഴിലുടമ. റിയാദ്-ദമ്മാം ഹൈവേയിൽ മുപ്പത് കിലോമീറ്റർ ഉള്ളിലായി അൽ സുമാൻ മരുഭൂമിയിലാണ് പുറംലോകവുമായി ബന്ധമില്ലാതെ ഇവരെ ജോലി ചെയ്യിക്കുന്നത്.

ഇവരുടെ ദുരിതജീവിതം അറിഞ്ഞ സാമൂഹിക പ്രവർത്തകൻ കമാൽ കളമശ്ശേരി സാഹസികമായി ഇവരുടെ താമസകേന്ദ്രം കണ്ടെത്തി. യുവാക്കളെ സന്ദർശിച്ച് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചു. ഇതിൽ കുപിതനായ സ്‌പോൺസർ മൊബൈൽ ഫോണും പാസ്‌പോർട്ടും പിടിച്ചെടുത്തു. ഇതോടെ പ്രശ്‌നങ്ങൾ കൂടി. പാറമടയിൽ പുറത്തുള്ളവരെത്തിയാൽ കൊന്നുകുഴിച്ചുമൂടുമെന്നാണ് ഭീഷണി. ഓപ്പറേറ്റർ, മെക്കാനിക്, വെൽഡർ തുടങ്ങിയ തസ്തികകളിൽ ജോലിയെന്നാണ് ഇവരെ റിക്രൂട്ട് ചെയ്ത ട്രാവൽ എജൻസി പറഞ്ഞത്. അതുകൊണ്ട് തന്നെ മന്ത്രിതല ഇടപെടൽ അനിവാര്യമാണ്. സാധാരണക്കാരായ പൊതുപ്രവർത്തകരെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല.

മലയാളികൾ പരിചയമില്ലാത്ത പാറപൊട്ടിക്കലാണ് ഇപ്പോൾ ചെയ്യുന്നത്. ആറുമാസമായി ശമ്പളമില്ല. ശമ്പളം ചോദിച്ചാൽ ഭീഷണിപ്പെടുത്തും. ശമ്പളമില്ലാതെ ജോലി ചെയ്യാൻ വിസമ്മതിച്ച ഒരാളെ ഒട്ടകങ്ങളെ മെയ്‌ക്കാൻ മരുഭൂമിയിലാക്കി. താമസാനുമതി രേഖയായ ഇഖാമയും വർക്ക് പെർമിറ്റും എടുത്തിട്ടില്ലെന്നതും പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നു. ഇവരോടൊപ്പമുള്ള െയമൻ പൗരൻ ആഴ്ചയിൽ റൊട്ടിയും പട്ടാണിക്കടലയും എത്തിക്കും. ഇതാണ് ഇവരുടെ ഭക്ഷണം. ഇത് തികയാറില്ല. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും പട്ടിണിയാണ്. ആവശ്യത്തിന് കുടിവെള്ളവുമില്ല. പാറ പൊട്ടിക്കാൻ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് മാത്രമാണ് ജനറേറ്റർ ഉപയോഗിക്കുന്നത്.

ഇവരുടെ ദുരിതജീവിതം അറിഞ്ഞ കമാൽ കളമശ്ശേരി യുവാക്കളെ മോചിപ്പിക്കുന്നതിന് എംബസിയുടെ സഹായം തേടിയിട്ടുണ്ട്. യുവാക്കളെ മടക്കിക്കൊണ്ടുവരാൻ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ എംഎ‍ൽഎ. പി.വി. അൻവർ, ആലപ്പുഴ എംപി. കെ.സി. വേണുഗോപാൽ എന്നിവർക്ക് ബന്ധുക്കളും ആലപ്പുഴയിലെ ദയ എന്ന സന്നദ്ധ സംഘടനയും പരാതി നൽകിയിട്ടുണ്ട്.