സാല ദോശയും തനതു കേരളീയ രുചിയിൽ തയാറാക്കിയ കടൽ വിഭവങ്ങളുമടക്കം മലയാളി ഭക്ഷണം വിളമ്പി സായിപ്പിന്റെ രുചിമുകുളങ്ങളിൽ വിപ്ലവുമുണ്ടാക്കിയ ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമിലെ കേരളീയ ഭക്ഷണശാലയായ കായൽ ഈ വർഷത്തെ മികച്ച ഇന്ത്യൻ റെസ്റ്റോറന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ഉഴവൂർ സ്വദേശികളായ ജെയ്‌മോൻ തോമസ് വഞ്ചിത്താനം, ഡെനിസ് തോമസ് എന്നീ മലയാളി സഹോദരങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കായൽ ഗ്രൂപ്പ് റെസ്റ്റോറന്റുകളിലെ നോട്ടിങ്ങ്ഹാം ബ്രാഞ്ചാണ് മലയാളികൾക്ക് ആകെ ആഭിമാനകരമായ നേട്ടം കൈവരിച്ചത്.

നോട്ടിങ്ങാം പോസ്റ്റ് ആണ് മികച്ച ഇന്ത്യൻ റെസ്റ്റോറന്റുകളുടെ പട്ടിക പുറത്തിറക്കിയത്. പുരസ്‌കാരം നോട്ടിങ്ങാം പോസ്റ്റ് ഡെപ്യൂട്ടി എഡിറ്റർ ചാൾസ് വാക്കർ ജെയ്‌മോനും കായൽ സംഘത്തിനും കൈമാറി. ബ്രിട്ടനിൽ വലിയ തോതിൽ വിജയിച്ച മലയാളി സംരംഭങ്ങളിൽ ഒന്നാണ് കായൽ ഗ്രൂപ്പിന്റെ റെസ്റ്റോറന്റുകൾ. ബ്രിട്ടനിലെ ലെസ്റ്ററിൽ ആരംഭിച്ച കായൽ റെസ്‌റ്റോറന്റ് നോട്ടിങ്ഹാമിലും കെന്റിലും വോക്കിങ്ങിലും ഒക്കെ ബ്രാഞ്ചുകൾ സ്ഥാപിച്ചാണ് വളർന്നത്. എല്ലായിടത്തും ഇംഗ്ലീഷുകാരുടെ വൻ ക്യൂ ആണ് ഉപഭോക്താക്കളായി എത്തുന്നത്. 2007ലാണ് നോട്ടിങ്ങ്ഹാമിൽ ആദ്യമായി കേരളീയ വിഭവങ്ങൾ വിളമ്പാനായി കായൽ ഒരു വേറിട്ട ഭക്ഷണശാല തുറന്നത്.

'മികച്ച ഇന്ത്യൻ ഭക്ഷണശാലയായി തെരഞ്ഞെടുക്കപ്പെട്ട ഈ അംഗീകാരത്തിൽ അഭിമാനമുണ്ട്. സ്ഥിരം ഉപഭോക്താക്കളിൽ നിന്നും ഫേസ്്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അഭിനന്ദന പ്രവാഹമാണിപ്പോൾ,' ജെയ്‌മോൻ പറയുന്നു. ആധികാരിക രുചികളോടെയുള്ള കേരളീയ വിഭവങ്ങളെ ബ്രിട്ടീഷുകാർ സ്വീകരിച്ചിരിക്കുന്നുവെന്നതിൽ വലിയ സന്തോഷമുണ്ടെന്ന് റെസ്റ്റോറന്റ് മാനേജർ ലിജോ ജോസ് പറയുന്നു.

പഞ്ചനക്ഷത്ര ഹോട്ടലുകളിലും ക്രൂയ്‌സ് കപ്പലുകളിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്ത അനുഭവസമ്പത്തുമായാണ് ജെയ്‌മോൻ വഞ്ചിത്താനവും ഡെന്നീസ് വഞ്ചിത്താനവും സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്ന ആശയവുമായി ഇറങ്ങിത്തിരിച്ചത്. അങ്ങനെ തനതു രുചിയൂറും വിഭവങ്ങൾ വിളമ്പുന്ന കായൽ തുറന്നെങ്കിലും ഇവിടെ എത്തുന്നവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചികൾ ലഭിക്കില്ല. ലോകപരിചയവുമായി ഇവർ നാടൻ വിഭവങ്ങൾ വിളമ്പിയാണ് ബ്രിട്ടീഷ് ഭക്ഷണപ്രിയരെ കയ്യിലെടുത്തത്. അമ്മയുടെ റെസീപ്പികളിൽ നിന്ന് പ്രചോദം ഉൾക്കൊണ്ടാണ് ഇവർ കേരളീയ വിഭവങ്ങൾ വിളമ്പുന്നത്.

ഇന്ന് സെലിബ്രിറ്റി അതിഥികൾ പോലും മസാല ദോശ തിന്നാൻ ഇവിടെ വരുന്നു. ഇവിടുത്തെ മസാല ദോശയ്ക്ക് വലിയ കീർത്തിയുണ്ട്. കായൽ എന്ന പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ജലവിഭലങ്ങളിലാണ് റെസ്റ്ററന്റിൽ കാര്യമായി വിളമ്പുന്നത്. പരമ്പരാഗത രുചിയും മണവും നഷ്ടപ്പെടാതെ വ്യത്യസ്ത സീഫുഡ് വകഭേദങ്ങൾ ഇവിടെ എത്തുന്നവരുടെ പ്രിയ രുചികളാണ്. 'ഞങ്ങളുടെ വിഭവങ്ങൾ ആർക്കും കഴിക്കാവുന്നതാണ്. എല്ലാവർക്കും അനുയോജ്യമായ രീതീയിലാണ് വെജ് ആയാലും സ്‌പൈസി ആയാലും ഇവിടെ വിഭവങ്ങളൊരുക്കുന്നത്,' 39കാരനായ ജെയ്‌മോൻ പറയുന്നു.

ലെസ്റ്ററിലാണ് ഇവർ ആദ്യമായി കായൽ റെസ്റ്ററന്റ് ആരംഭിച്ചത്. ലെസ്റ്ററിലെ റെസ്റ്ററന്റിനും ഇതിന് മുമ്പ് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മറുനാടൻ മലയാളിയുടെ സഹോദരസ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ അവാർഡ് നൈറ്റിൽ യങ്ങ് ടാലന്റായിരുന്നു ഡെന്നീസ് ജോസഫിന്റെ മകൻ ടോണി ഡെന്നീസ് വഞ്ചിത്താനം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച നർത്തകനാണ് ടോണി.