മെയിക്ക്ങ്ങ് എന്ന് പറഞ്ഞാൽ ഇതാണ് മെയ്ക്കിങ്ങ്. ന്യുജൻ പിള്ളേർ പറയുന്നതുപോലെ പൊളി സാനം. ഫഹദ് ഫാസിലിനെ നായകനാക്കി, മഹേഷ് നാരായണന്റെ തിരക്കഥയും ക്യാമറയും വെച്ച്, നവാഗതനായ സജിമോൻ ഒരുക്കിയ 'മലയൻ കുഞ്ഞിന്റെ' പലഭാഗങ്ങളും കണ്ടാൽ ഒരു ഹോളിവുഡ് സിനിമയാണെന്നാണ് തോന്നുക. അണിയറ പ്രവത്തകരുടെ കഷ്ടപ്പാടിന് നൂറുശതമാനവും റിസൾട്ട് ഈ ചിത്രത്തിൽ നിന്ന് കിട്ടുന്നുണ്ട്. ശരിക്കും പണിയറിയാവുന്ന മിടുക്കനാണ് സജിമോനെന്ന് ആദ്യ ചിത്രം തെളിയിക്കുന്നു.

ഒരു പ്രളയരക്ഷാപ്രവർത്തനത്തിന്റെ മാത്രം കഥപറയുന്ന സർവൈവൽ മൂവിയല്ല ഈ ചിത്രം. അവിടെയാണ് തിരക്കഥാകൃത്ത് മഹേഷ്നാരായണന്റെ ബ്രില്ലൻസ് ഇരിക്കുന്നത്. കൃത്യമായ പൊൽറ്റിക്സ് ഉള്ള ഒരു കഥ നന്നായി എക്സിക്യുട്ട് ചെയ്യാൻ ചിത്രത്തിന് കഴിയുന്നുണ്ട്. ഈ രീതിയിലുള്ള മെയ്ക്കിങ്ങ് വിദേശ ഫെസ്റ്റിവൽ സിനിമകളിലാണ് നാം കാണാറുള്ളത്. ഈയിടെ ഇറങ്ങിയ 'ഇലവീഴാപൂഞ്ചിറ' എന്ന ചിത്രവും വിദേശ സിനിമകളോട് കിടപിടിക്കുന്ന മെയ്ക്കിങ്ങ് ആയിരുന്നു. മലയാള ചലച്ചിത്രലോകം, പുതു തലറമുറയുടെ കൈയിൽ ഭദ്രമാണെന്ന് പ്രഖ്യാപിക്കുന്ന ഒരുപാട് സിനിമകൾ ആണ് ഇപ്പോൾ ഇറങ്ങിക്കൊണ്ടിരിക്കുന്നത്.

ക്ളോസ്ട്രാഫോബിയ അഥവാ ഇടുങ്ങിയ ഇടത്തോട് ഭീതിയുള്ളവർക്ക് ചിത്രത്തിന്റെ രണ്ടാം പകുതി പ്രശ്നം ഉണ്ടാക്കാനുള്ള സാധ്യത ഇതിന്റെ അണിയറ പ്രവർത്തകർ എടുത്തു പറഞ്ഞിരുന്നു. എന്നാൽ ഒരു ഫോബിയയും ഇല്ലാത്തവരിലേക്കും, ഭീതിയും, അസ്വസ്ഥതയും, സംക്രമിപ്പിക്കാൻ ഈ ചിത്രത്തിന് കഴിയുന്നുണ്ട്.

ഇത് വെറുമൊരു സർവൈവൽ മൂവിയല്ല

ചിത്രത്തിന്റെ ട്രെയിലറും, ടീസറും, അണിയറ പ്രവർത്തകരുടെ അഭിമുഖവുമൊക്കെ കാണുമ്പോൾ കിട്ടുന്ന ഇമേജ് ഇത് ഒരു, ഫ്ളഡ് സർവൈൽ മൂവിയാണെന്നാണ്. പക്ഷേ അത് ഇതിന്റെ ഒരു ഭാഗം മാത്രമേയുള്ളൂ. കൃത്യമായ ഒരു രാഷ്ട്രീയ രൂപവുള്ള കഥാ വികസനം ചിത്രത്തിൽ നടക്കുന്നുണ്ട്.

അനിക്കുട്ടൻ എന്ന ഇടുക്കിയിലെ മലയോര ഗ്രാമത്തിൽ ജീവിക്കുന്ന വിചിത്ര സ്വഭാവക്കാരനായ ചെറുപ്പക്കാരനെ രജിസ്റ്റർ ചെയ്തുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. സാധാരണ നവതരംഗ സിനിമകളിൽ കാണാത്തപോലെ, രാവിലെ കുളിച്ച് ദൈവത്തിന്റെ ഫോട്ടോക്കുമുന്നിൽ ചന്ദനത്തിരി കത്തിച്ച് പ്രാർത്ഥിച്ച് ജോലി തുടങ്ങുന്ന നായകനെയാണ് ചിത്രം കാണിക്കുന്നത്. ചില നിർബന്ധ ബുദ്ധികളും പിടിവാശികളും ഉള്ളയാളാണ് അനിക്കുട്ടൻ. അമ്മക്കുപോലും അയാളെ പേടിയാണ്. സ്വന്തം വീട്ടിൽ ഒരു ലോഡ്ജ് മുറിയിൽ എന്നപോലെയാണ് താമസം. ഇലട്രോണിക്ക് സാധനങ്ങൾ റിപ്പയർ ചെയ്യുന്നതിൽ വിദഗ്ധനായ അനിക്കുട്ടൻ വീട്ടിൽ ഇരുന്നാണ് പണിയുന്നത്. ജോലിക്കിടെ ചെറിയ ഒരു ശബ്ദം കേട്ടാൽ അയാൾക്ക് അസ്വസ്ഥതയാണ്. പറമ്പിൽ റബ്ബർ വെട്ടാൻ വന്നവർ, രാവിലെ ഒന്ന് വിസിലടിച്ചതിന്റെ പേരിൽ ഉണ്ടായ, കശപിശ കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്.

അതുകഴിഞ്ഞാണ് തൊട്ടടുത്ത ഒരു വീട്ടിൽ നിന്ന് നവജാത ശിശുവിന്റെ നിരന്തരമായ കരച്ചിൽ കേൾക്കുന്നത്. അയാൾക്ക് അത് താങ്ങാൻ ആവുന്നില്ല. ആ വീട്ടിലേക്ക് ടോർച്ചടിച്ച് കാണിച്ച് അനിക്കുട്ടൻ പ്രതിഷേധിക്കുന്നു. അതിന്റെ ഭാഗമായി അയൽവാസികളുമായുള്ള പ്രശ്നങ്ങൾ വേറെ. ഒപ്പം അൽപ്പം സൈക്കോ ഷമ്മി സ്വഭാവവും ജാതീയമായ മുൻവിധിയും അയാൾക്കുണ്ട്. ഹോട്ടലിൽ പൊറാട്ട തിന്നുകൊണ്ടിരിക്കേ, പാസ് ചെയ്ത് അയാളുടെ അടുത്തേക്ക് എത്തുമ്പോഴേക്കും പാത്രത്തിലെ ഗ്രേവി കുറഞ്ഞുപോകുന്നു. അതിന് അനിക്കുട്ടൻ ചെയ്യുന്നത്, പതുക്കെ ആരും അറിയാതെ ഒറ്റത്തട്ടിന് പാത്രം താഴത്തിട്ട് ,അയ്യോ അത് താഴെപ്പോയി എന്ന് പറഞ്ഞ് ഫുൾ ഗ്രേവി വാങ്ങിപ്പിക്കയാണ്. അതുപോലെ തിന്ന് കഴിഞ്ഞിട്ട് ഇല എടുക്കാതെ പതുക്കെ മുങ്ങാൻ ശ്രമിക്കുന്നിടത്തുമൊക്കെ അയാളുടെ സ്വഭാവം പ്രകടമാണ്.

അനിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ ദിനചര്യയും ജീവിതപരിസരങ്ങളുമൊക്കെ കൃത്യമായി രേഖപ്പെടുത്തികൊണ്ടാണ് ആദ്യപകുതിയുടെ സഞ്ചാരം. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ശ്വാസമടക്കിപ്പിടിച്ചുമാത്രമേ പ്രേക്ഷകനു ചിത്രം കണ്ടു പൂർത്തിയാക്കാനാവൂ. ആദ്യപകുതിയിൽ നായകനെ അസ്വസ്ഥമാക്കിയ, ആ കുട്ടിയുടെ കരച്ചിൽ മണ്ണിനടിയിൽനിന്ന് കേൾക്കുമ്പോൾ കഥ മാറുകയാണ്. പ്രേക്ഷകനെ അടിമുടി സ്‌ക്രീനിൽ തളച്ചിടുന്ന ദൃശ്യങ്ങളാണ് ഛായാഗ്രാഹകൻ മഹേഷ് നാരായണൻ ഒരുക്കിയിരിക്കുന്നത്. അനിക്കുട്ടനൊപ്പം ഒന്നെണ്ണീറ്റു നിൽക്കാൻ, ഒന്നു ആഞ്ഞു ശ്വസിക്കാൻ പ്രേക്ഷകരും ആഗ്രഹിച്ചുപോവും.

വീണ്ടും 'ഫഫ' മാജിക്ക്

ഒടിടിയും തമിഴ് സിനിമകളുമായി സജീവമായിരുന്ന ഫഹദ് ഫാസിലിന്റെ ഒരു ചിത്രം രണ്ടര വർഷത്തിനുശേഷമാണ്, ഇപ്പോൾ തീയേറ്ററുകളിൽ എത്തുന്നത്. 'ഫഫ' മാജിക്ക് എന്ന് ആരാധകർ കൊണ്ടാടുന്ന ആ നിയന്ത്രിതമായ അഭിനയത്തിന്റെ കൊടുമുടി ഇവിടെയും കാണാം. ഫഹദിന്റെ വൺമാൻഷോ തന്നെയാണ് ഈ ചിത്രം. ഫഹദ് എതൊരു കഥാപാത്രത്തെ ചെയ്താലും അത് പുതുതായി മാറും. കുമ്പളങ്ങി നൈറ്റ്സിലെ സൈക്കോ ഷമ്മിയോടോ, മഹേഷിന്റെ പ്രതികാരത്തിലെ മഹേഷ് ഭാവനയോടോ യാതൊരു സാദൃശ്യവും കൂടാതെ, അനിക്കുട്ടൻ എന്ന വിചിത്ര സ്വഭാവക്കാരനായ മനുഷ്യനിലേക്ക് അയാൾ രൂപാന്തരണം പ്രാപിക്കുന്നു. വെറുപ്പും, പകയും, നിർവികാരതയുമൊക്കെ ആ മുഖത്ത് മാറി മറയുന്നത് കാണണം. തുടക്കത്തിലെ ആദ്യ പത്തുമിനുട്ടോളം ഫഹദ് മാത്രമാണ് സ്‌ക്രീനിൽ നിറയുന്നത്. പക്ഷേ ഒരു നിമിഷം പോലും ബോറടിക്കുന്നില്ല. കമൽഹാസന്റെ വിക്രമിലൂടെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന പദവി കിട്ടിയ ഫഹദിന് ഈ സിനിമയും ശരിക്കും ഒരു മുതൽക്കൂട്ടാണ്. മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും ചിത്രം വൈകാതെ മൊഴിമാറ്റപ്പെടാം.

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, രജിഷ വിജയൻ, ദീപക് പറമ്പോൽ, അർജുൻ അശോകൻ, ഇർഷാദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഫഹദിന്റെ അമ്മയായി എത്തിയ ജയ കുറുപ്പും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചത്. ഫഹദിന്റെ അച്ഛനായി എത്തുന്ന ജാഫർ ഇടുക്കിയും ഫഹദിനേപ്പൊലെയാണ്. ഏത് വേഷവവും ഫിറ്റ്. ചരുങ്ങിയ സീനുകളിൽ ആയിരുന്നിട്ടുകൂടി ആ കഥാപാത്രം, മനസ്സിൽനിന്ന് മായില്ല.

സാക്ഷാൽ എ ആർ റഹ്മാൻേറതാണ് ചിത്രത്തിന്റ സംഗീതം. ബിജിഎം ഗംഭീരമായിട്ടുണ്ടെങ്കിലും, ഗാനം ശരാശരിയാണ്. പക്ഷേ റഹ്മാൻ എന്ന പേര് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ഉണ്ടാവുന്ന, വിശ്വാസം ഇവിടെയും കാത്തിട്ടുണ്ട്. മറ്റു സാങ്കേതിക വശങ്ങളിലും ചിത്രം മികവു പുലർത്തുന്നുണ്ട്. സൗണ്ടും ആർട്ടുമടക്കം എല്ലാ ഡിപാർട്മെന്റും ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഗുണം ചിത്രത്തിൽ പ്രകടമായി കാണാം. ഫഹദിന്റെ പിതാവും അദ്ദേഹത്തെ ലോഞ്ച് ചെയ്ത ഗുരുവുമായ സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ആദ്യ ചിത്രത്തിനുശേഷം അപ്പനും മകനു ഒന്നിച്ച് പ്രവർത്തിക്കുന്നതും ഇത് ആദ്യമായിട്ടാണെന്ന് തോനുന്നു. പക്ഷേ ഈ ചിത്രത്തിന്റെ 'മാൻ ഓഫ് ദ മാച്ച്' എന്ന് പറയുന്നത്, തിരക്കഥ എഴുതുകയും ക്യാമറ കൈകാര്യം ചെയ്യുകയും ചെയ്ത, മഹേഷ് നാരായണൻ തന്നെയാണ്. 'ടേക്ക് ഓഫിൽ' ഇറാഖ് പുനസൃഷ്ടിച്ച മഹേഷിന് ഇതൊക്കെ ഒരു വെല്ലുവിളിയാണോ?

അവർ ഫഹദിനെകൊണ്ട് മാപ്പു പറയിക്കുമോ?

എന്തിനുമേതിനും പൊളിറ്റിക്കൽ കറക്ട്നസ്സ് (പൊക) നോക്കി ചാപ്പയടിക്കുന്ന ഒരു വിഭാഗം ആളുകൾ സജീവമായ കാലമാണെല്ലേ ഇത്. ഇത്തരം പൊകവാദികൾ ഉയർത്തിവിട്ട പ്രചാരണങ്ങൾക്ക ഒടുവിലാണ് 'കടുവ' എന്ന സിനിമയുടെ പേരിൽ നടൻ പൃഥീരാജിന് മാപ്പുപറയേണ്ടിവന്നത്. പൃഥ്വിയുടെ നായകകഥാപാത്രമായ കുര്യച്ചൻ, 'അപ്പനമ്മമാർ ചെയ്യുന്ന പാപത്തിന്റെ ഫലമായിരുക്കും അവർക്ക് ഇതുപോലുള്ള കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് എന്ന്' ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ കണ്ട്, വിവേക് ഒബ്റോയിയുടെ വില്ലൻ കഥാപാത്രത്തോട് പറയുന്നത് ചുരുണ്ടിയാണ് പൊക ടീംസ് മഹാ അപരാധമായി ചിത്രീകരിച്ചത്. 90കളിൽ പാലായിൽ ജീവിച്ചിരുന്ന കുറുവച്ചൻ എന്ന കഥാപാത്രത്തിന് അത്ര മാത്രമേ ധാർമ്മിക മൂല്യം ഉണ്ടാവൂ എന്നും അത് ആ കഥാപാത്രത്തിന്റെ അഭിപ്രായം ആണെന്നും ആരും കണക്കാക്കിയില്ല. അപ്പനമ്മമാർ ചെയ്യുന്ന പാപത്തിന്റെ ഫലം മക്കളിലേക്ക് പകരും എന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഇന്നും കേരളത്തിൽ ഉണ്ട്. അതിലൊരു പ്രതിനിധിയായി കുര്യച്ചനെ കാണാതെ, ഹേറ്റ് കാമ്പയിൽ അഴിച്ചുവിട്ട് പൃഥിയെകൊണ്ടും ഷാജി കൈലാസിനെകൊണ്ടും മാപ്പു പറയിപ്പിക്കയാണ് ഇവർ ചെയ്തത്.

ആ യുക്തിനോക്കുമ്പോൾ ഫഹദ് ഫാസിലിനെകൊണ്ട് മാപ്പുപറയിപ്പിക്കാനുള്ള ഒരു പാട് ഘടകങ്ങൾ ഈ ചിത്രത്തിലുണ്ട്. പെങ്ങളുടെ ഭർത്താവിന് ജോലികിട്ടിയ വിവരം പറയുമ്പോൾ ' ഒബിസി ക്വാട്ടയിൽ കിട്ടിയ ജോലിയല്ലേ' എന്നാണ് അനിക്കുട്ടൻ പറയുന്നത്. അതുപോലെ ഒരു കള്ളുഷാപ്പിലെ തർക്കത്തിനിടയിൽ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന്, അയാൾക്കെതിരെ പൊലീസ് കേസ് എടുക്കുന്നുണ്ട്. ജാതിവാദിയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അനിക്കുട്ടൻ എന്ന വിചിത്ര സ്വഭാവക്കാരനായ ആ കഥാപാത്രത്തിന്റെ ബിൽഡപ്പ്. പക്ഷേ അയാൾ എന്തുകൊണ്ട് അങ്ങനെ പെരുമാറുന്നു എന്നുള്ളതിന് കൃത്യമായ സാധൂകരണം ചിത്രം നൽകുന്നുണ്ട്. ചിത്രം അവസാനിക്കുന്നതും മാനവികത ഉയർത്തിപ്പിടിച്ച് കൊണ്ടുതന്നെയാണ്.

പക്ഷേ നമ്മുടെ പൊക ടീംസിന് അതൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. ഒബിസിക്കാരെയും പട്ടികജാതിക്കാരെയു അപമാനിക്കുന്ന ചിത്രം എന്ന പേരിൽ ഈ ചിത്രത്തിനെതിരെ, സോ കോൾഡ് പുരോഗമന- ഫെമിനിസ്റ്റ് സർക്കിളിൽനിന്ന് വൻ കാമ്പയിൻ ഉണ്ടാകാനും ഇടയുണ്ട്. വേണമെങ്കിൽ മലയൻകുഞ്ഞ് എന്ന പേരുതന്നെ വംശീയ അധിക്ഷേപം എന്ന രീതിയിൽ അവർക്ക് എടുക്കാവുന്നതേയുള്ളൂ. (അതുപോലെ, വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരിലുണ്ടാവുന്ന കാര്യങ്ങൾ, കുടുംബത്തിലുണ്ടാക്കുന്ന ദുരന്തങ്ങളും ചിത്രം പറയുന്നുണ്ട്. അതുകൊണ്ടുതന്നെ 'പാട്രിയാർക്കൽ കുടുംബ വ്യവസ്ഥയുടെ മൂടു താങ്ങുന്ന ചിത്രമെന്ന്' കപട ബുജികൾക്ക് കാണ്ഡം കാണ്ഡം നിരൂപിക്കാനുള്ള വകുപ്പും ഈ പടത്തിൽ കാണുന്നുണ്ട്.)

കഥാപാത്രങ്ങളുടെ ധാർമ്മികതയും അവർ വിശ്വസിക്കുന്ന മൂല്യവ്യവസ്ഥയുടെയും പേരിൽ ഫിലം മേക്കഴ്സ് മാപ്പു പറയണം എന്ന് വാദിക്കുന്ന, വിചിത്രരായ കുറേ പുരോഗമന വാദികൾ ഉള്ള നാടായിപ്പോയി ഈ പ്രബുദ്ധ കേരളം. ഇനി അഡോൾഫ് ഹിറ്റലറെപ്പോലുള്ള ഒരു കടുത്ത വംശീയവാദിയായ മനുഷ്യന്റെ കഥ സിനിമയാക്കുകയാണെങ്കിൽ, അവസാനം ഹിറ്റ്ലർ വന്ന് മാപ്പുപറയണോ. ഈ പൊക വാദം എങ്ങോട്ടാണ് നമ്മുടെ സിനിമയെ കൂട്ടിക്കൊണ്ട് പോകുന്നത്. സിനിമയെ സിനിമയായി കാണാൻ ഈ 21ാം നൂറ്റാണ്ടിലും നാം എപ്പോഴാണ് പഠിക്കുക.

വാൽക്കഷ്ണം: ഈ ചിത്രത്തിൽ ജോണി ആന്റണിയുടെ കഥാപാത്രം, ഒരു റിസോർട്ട് ഉടമയാണ്. അയാൾ വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് അനകളുടെ പുലികളുടെ ശബ്ദം, റെക്കോർഡ് ചെയ്ത് മരങ്ങൾക്കിടയിൽ സ്ഥാപിച്ച് അത് കേൾപ്പിച്ച് ഒരു ഇഫക്റ്റ് ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഇത് ചോദിച്ചപ്പോൾ റിസോർട്ടുടമ പറയുന്നു. '' എല്ലാകൊല്ലവും കെഎസ്ഇബിക്കാർ കത്തിക്കുന്ന മകരജ്യോതി കാണാനല്ലേ, ആയിരങ്ങൾ പോകുന്നത്. അവർക്ക് ഒരു ഇഫക്റ്റ്. അതുപോലെ ഇതും ഒരു സൗണ്ട് ഇഫക്റ്റ് എന്ന്''- നർമ്മത്തിൽ പൊതിഞ്ഞ് കൃത്യമായി കാര്യം പറയുന്നു. അതുകൊണ്ട് കുരുപൊട്ടൽ ഹൈന്ദവ വിശ്വാസ സംരക്ഷകരും 'മലയൻകുഞ്ഞിന്' എതിരെ തിരിയാൻ നല്ല സാധ്യതയുണ്ട്.