മലയാറ്റൂർ:കേന്ദ്രവനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ മറികടന്ന് മലയാറ്റൂർ കുരിശുമുടിയിലെ ഏക്കറുകണക്കിന് വനഭൂമി പള്ളിക്ക് നൽകാൻ ഭരണതലത്തിൽ രഹസ്യനീക്കം സജീവം. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ട് ബാങ്കായ സഭയെ സന്തോഷിപ്പിക്കാനാണ് അതിരുവിട്ട ഈ കളിക്ക് സംസ്ഥാന ഭരണനേതൃത്വം കരുക്കൾ നീക്കുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

വനംവകുപ്പിന്റെ കൈവശത്തിലുള്ള മലയാറ്റൂർ മുടിയിലെ 25 ഏക്കറോളം വനഭൂമി വർഷങ്ങളായി പള്ളി അധികൃതർ കൈയടക്കി വച്ചിരിക്കുകയാണെന്ന് വനം വകുപ്പധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചട്ടംലംഘിച്ച് ഇവിടെ ടാറിംഗും നിർമ്മാണ പ്രവർത്തനങ്ങളും പള്ളി അധികൃതർ നടത്തിയതായും വനംവകുപ്പ് കണ്ടെത്തി. കഴിഞ്ഞ തീർത്ഥാടന കാലത്ത് താഴ്‌വാരത്ത് നടത്തിയ ടാറിങ് പ്രവർത്തി വനം വകുപ്പ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇക്കൂറിയും സ്റ്റാൾ നടത്തുന്നതിനായി മുടിയിലെ സ്ഥലം ലേലം ചെയ്ത് നൽകുന്നതിന് പള്ളിയുടെ ഭാഗത്തുനിന്നും നടത്തിയ നീക്കം വനംവകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് തടസ്സപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് പള്ളി അധികതൃതരും പ്രതിപക്ഷത്തെ യുവ എം എൽ എയും ചേർന്ന് നടത്തിയ സമ്മർദ്ദ തന്ത്രത്തിന്റെ ഫലമായി ഇവിടെ എതാനും സ്റ്റാളുകൾ നടത്താൻ ഉന്നത അധികൃതർ ബന്ധപ്പെട്ടവർക്ക് മൗനാനുവാദം നൽകിയതായിട്ടാണ് സൂചന. 1980-ൽ നിലവിൽ വന്ന ഫോറസ്റ്റ് കൺസർവേഷൻ ആക്ട് അനുസരിച്ച് വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.ഈ ആനുമതി നേടിയെടുക്കാൻ പള്ളിയുടെ ഭാഗത്തുനിന്നും ഇതുവരെ യാതരുനീക്കം നടത്തിയിട്ടില്ലന്നാണ് വനംവകുപ്പധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

ഈ സാഹചര്യത്തിൽ ഇവിടുത്തെ വനഭൂമി രേഖാമൂലം പള്ളിക്ക് വിട്ടുനൽകാൻ വനംവകുപ്പിന് അധികാരമില്ല.ഒന്നും കണ്ടില്ല,കേട്ടില്ല എന്ന മട്ടിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ഉന്നതതലത്തിൽ ധാരണ.മൗനാനുവാദത്തിന്റെ പേരിൽ പള്ളി ഇവിടെ സ്റ്റാൾ തുറന്നാൽ എതിർപ്പുമായി രംഗത്തുള്ളവർ കോടതിയെ സമീപിക്കുമെന്നതാണ് നിലവിലെ സ്ഥിതി. മലയാറ്റൂർ കുരിശുമുടിയിൽ സ്റ്റാൾ തുറന്നാൽ അത് പ്രത്യക്ഷത്തിൽ ബാധിക്കുക ഇവിടെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള വനംവകുപ്പ് ജീവനക്കാരെ ആണെന്നതാണ് വാസ്തവം.അതിനാൽ ഇക്കൂട്ടരിൽ ഒരുവിഭാഗം ഇവിടെ നിന്നും ഡ്യൂട്ടി മാറ്റി നൽകണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് അപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളതായിട്ടാണ് ലഭ്യമായ വിവരം.

അടിവാരത്തെ പള്ളിയിൽ നിന്നും വനപാതയിലൂടെ നടന്ന് വേണം മലമുകളിലെ കുരിശുമുടി സെന്റ് തോമസ് പള്ളിയിലെത്താൻ.തീർത്ഥാടകർക്ക് കാൽനടയാത്രയ്ക്കായും പാർക്കിംഗിനുമായി നൽകിയ സ്ഥലമാണ് പാട്ടക്കരാർ പുതുക്കാതെ പള്ളി വർഷം തോറും ലേലം ചെയ്ത് നൽകി സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായി ആരോപണമുയർന്നിട്ടുള്ളത്. സീറോ മലബാർ സഭയുടെ നിന്ത്രണത്തിലാണ് പള്ളി പ്രവർത്തിച്ചുവരുന്നത്. ചട്ടങ്ങൾ ലംഘിച്ച് വനഭൂമി ലേലം ചെയ്യാൻ പള്ളി അധികൃതർ നീക്കം നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വനംവകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും പന്തൽകെട്ടാൻ ഒരുവിഭാഗം ആരംഭിച്ചിരുന്ന നീക്കം തടയുകയും ചെയ്തു.

1969 ഡിസംബർ 30-നാണ് കുരിശുമുടിയിലെ 9.19 ഹെക്ടർ വനഭൂമി മൂന്ന് വർഷത്തേക്ക് പള്ളിക്ക് പാട്ടത്തിന് നൽകിയത്.സ്ഥലം വനംവകുപ്പിന് കൈവശം വയ്ക്കാം,സ്ഥിരം നിർമ്മാണം പാടില്ല,താൽക്കാലിക നിർമ്മാണത്തിന് മുൻകൂർ അനുമതി വാങ്ങണം,നിശ്ചിത സെക്യൂരിറ്റിത്തുക കെട്ടിവയ്ക്കണം തുടങ്ങിയവയായിരുന്നു സ്ഥലം വിട്ടുനൽകിയപ്പോൾ വനം വകുപ്പ് മുന്നോട്ടുവച്ചിരുന്ന പ്രധാന വ്യവസ്ഥകൾ. 973-ൽ മൂന്നുവർഷത്തെ പാട്ടക്കരാർ പുതുക്കി.പിന്നീട് ഇക്കാര്യത്തിൽ പള്ളിയുടെ ഭാഗത്തുനിന്നും യാതൊരുനീക്കവും ഉണ്ടായിട്ടില്ലന്ന് രേഖകൾ നിരത്തി വനംവകുപ്പധികൃതർ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ വർഷത്തെ കശപിശ കണക്കിലെടുത്ത് ഇക്കുറി നോമ്പുകാല ആരംഭത്തിൽ തന്നെ കുരിശുമുടിയിൽ പള്ളിനടത്തിവരുന്ന പ്രവർത്തനങ്ങൾ വനംവകുപ്പ് നീരീക്ഷിച്ചുവരികയായിരുന്നു.അതിനിടിലാണ സ്റ്റാളുകളുടെ നിർമ്മാണത്തിനായി സാധന-സാമഗ്രികൾ സ്ഥത്തെത്തിച്ചിട്ടുണ്ടെന്ന് വ്യക്തമായത്.തുടർന്ന് ഇത്തരം നീക്കവുമായി എത്തിയവരെ വനംവകുപ്പ് ജീവനക്കാർ കാര്യങ്ങൾ മനസ്സിലാക്കി തിരച്ചയക്കുകയായിരുന്നു. തേത്തുടർന്ന് സഭാനേതൃത്വം ഭരണനേതൃത്തവത്തിൽ സമ്മർദ്ദം ചെലത്തി ,കാര്യങ്ങൾ പഴയപടി മുന്നോട്ടുകൊണ്ടുപോകാൻ നീക്കം ആരംഭിച്ചിരുന്നു.പള്ളിയുടെ ഈ നീക്കത്തിന് പ്രതിപക്ഷത്തെ യുവ എം എൽ എ യുടെ ശക്തമായ പിൻതുണയുണ്ടെന്നാണ് പരസ്യമായ രഹസ്യം.എന്ത് വന്നാലും നോക്കിക്കോളാമെന്നുവരെ എം എൽ എ ഇക്കൂട്ടർക്ക് ഉറപ്പുനൽകിയെന്നാണ് മേഖലയിൽ പ്രചരിച്ചിട്ടുള്ള വിവരം.