മലയാറ്റൂർ:കുരിശുമുടി പള്ളി വികാരി ഫാ.സേവ്യർ തേലയ്ക്കാട്ടിനെ കപ്യാർ ജോണി കുത്തിവീഴ്തിയത് യാദൃശ്ചികമല്ലന്ന വാദവും സജീവമാകുന്നു. വലിയ ഗൂഢാലോചനയുടെ ഫലമാണ് അച്ചന്റെ കൊലപാതകമെന്നാണ് ഒരു കൂട്ടരുടെ വാദം. ഇതിന് പിന്നിൽ പള്ളിയുമായി അടുത്തുപ്രവർത്തിച്ചിരുന്നവരിൽ ചിലരുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും മുൻ പഞ്ചായത്തംഗം റ്റി ഡി സ്റ്റീഫൻ മറുനാടനോട് പറഞ്ഞു. അന്വേഷണം അട്ടിമറിക്കപ്പെട്ടാൽ സമരം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

കുരിശുമുടി പള്ളിയിൽ ചുമതലയുണ്ടായിരുന്ന കാലത്ത് ഒരു വിഭാഗവുമായി ഫാ.സേവ്യർ സ്വരച്ചേർച്ചയിലായിരുന്നില്ലന്നും അച്ചനെ കുത്തിവീഴ്‌ത്താൻ ഇവർ കപ്യാർ ജോണിയെ ആയുധമാക്കുകയായിരുന്നെന്നുമാണ് തന്റെ സംശയമെന്നും അദ്ദേഹം മറുനാടനോട് വ്യക്തമാക്കി. ഫാ.സേവ്യർ തേലയ്കക്കാടിന്റെ മരണത്തിന് മുമ്പും ശേഷവും നടന്ന സംഭവങ്ങളാണ് തന്റെ സംശയത്തിന് ആധാരമെന്നും ഇക്കാര്യത്തിൽ അന്വേഷണം നടന്നാൽ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവരുമെന്നുമാണ് കരുതുന്നതെന്നും പത്ത് വർഷം മലയാറ്റൂർ പള്ളി ഉൾപ്പെടുന്ന മലയാറ്റൂർ-നീലേശ്വരം പഞ്ചായത്തംഗമായിരുന്ന സ്റ്റീഫൻ പറഞ്ഞു.

ഇക്കാര്യത്തിൽ നിരവധി സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നാണ് സ്റ്റീഫന്റെ പക്ഷം. ഹൃദയ സംബന്ധമായ അസുഖമുള്ളതിനാൽ ഫാ.സേവ്യർ മലകയറി ഇറങ്ങുക അപൂർവ്വമായിരുന്നു. സംഭവ ദിവസം ഇദ്ദേഹം മലകയറിയത് പള്ളിയിലെത്താതെ മദ്യപിച്ചു നടന്നിരുന്ന ജോണി എങ്ങനെ അറിഞ്ഞു എന്നതാണ് സ്റ്റീഫന്റെ പ്രധാന സംശയം. റെക്ടർ പള്ളിയിലെത്തിയെന്ന് ഉറപ്പുവരുത്താൻ ഇവിടുത്തെ ജീവനക്കാരിയെ ജോണി വിളിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും സ്റ്റീഫൻ അറിയിച്ചു.

കുരിശുമുടി പള്ളിയിൽ റെക്ടർ ഭരണം വേണ്ടെന്ന് വാദിക്കുന്നവർക്കൊപ്പമായിരുന്നു ജോണി എന്നും നിലകൊണ്ടിരുന്നതെന്നും ഇവരുടെ പ്രേരണയിൽ ഇയാൾ അധികാര പരിധിക്കപ്പുറത്ത് പലതും ചെയ്യുന്നുണ്ടായിരുന്നെന്നും ഇതിനെതിരെ കർക്കശ നിലപാടെടുത്താണ് അച്ചൻ ഇയാളെ പുറത്താക്കിയത് എതിർചേരിയുടെ കടുത്ത രോക്ഷത്തിന് കാരണമായെന്നും ഈ സ്ഥിതിയിൽ അച്ചനോടുള്ള ജോണിയുടെ വിദ്വേഷം ആളിക്കത്തിച്ച് 'ലക്ഷ്യം' കൈവരിക്കാൻ ഇക്കൂട്ടർ അണിയറയിൽ ചരടുവലിച്ചെന്നുമാണ് സ്റ്റീഫന്റെ വാദം.

കൈയിലുള്ള സ്വർണ്ണമാലയും മോതിരവും മൊബൈലുമെല്ലാം ജോണി വീട്ടിലേൽപ്പിച്ചതുകൊല്ലാനുറപ്പിച്ച് ഇറങ്ങി പുറപ്പെട്ടതിന്റെ തെളിവാണെന്നും ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ പരിശോധിച്ചാൽ സംഭവത്തിന് മുമ്പും ശേഷവും നടന്ന കാര്യങ്ങളെക്കുറിച്ചും ഇതിൽ ആരൊക്കെ ഇടപെട്ടു എന്നതിനെക്കുറിച്ച് വ്യക്തമാവുമെന്നും ഇക്കാര്യത്തിൽ സുതാര്യമായ പൊലീസ് അന്വേഷണം ആവശ്യമാണെന്നാണ് തന്റെ നിലപാടെന്നും സ്റ്റീഫൻ വിശദീകരിച്ചു.

ഫാ.സേവ്യറിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും രൂപതയ്ക്കും ഒഴിഞ്ഞുമാറാനാവില്ലന്നാണ് സ്റ്റീഫൻ ചൂണ്ടികാണിക്കുന്നത്. റെക്ടർ ഭരണത്തിനെതിരെ നടന്നു വന്നിരുന്ന ഏതിർചേരിയുടെ നീക്കം കടുത്തതാണെന്നും ഇതുമൂലം താൻ നേരിടുന്ന ബുദ്ധമുട്ടുകൾ എറെയാണെന്നും വിവരിച്ച് രൂപത അധ്യക്ഷന് ഫാ.സേവ്യർ കത്ത് നൽകിയിരുന്നെന്നും ഇത് രൂപത വേണ്ടവണ്ണം പരിഗണിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടില്ലായിരുന്നെന്നുമാണ് സ്റ്റീഫന്റെ വിലയിരുത്തൽ.

ജോണിയുടെ കുടുംബത്തോട് പൊറുത്തെന്ന് ഫാ.സേവ്യറിന്റെ ഉറ്റവരെക്കൊണ്ട് പറയിച്ചത് സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം തണുപ്പിക്കാനുള്ള നീക്കമായിരുന്നെന്നും ഇതോടെ ഈ സംഭവത്തിനുപിന്നിലെ യഥാർത്ഥ ആസൂത്രകർ രക്ഷപെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നുമാണ് സ്റ്റീഫൻ വ്യക്തമാക്കുന്നു. ഈ വർഷത്തെ പെരുന്നാളിന് ശേഷവും ഇത് സംമ്പന്ധിച്ച് സത്യം പുറത്തുകൊണ്ടുവരാൻ ബന്ധപ്പെട്ടവർ മനസുവച്ചില്ലങ്കിൽ സമാന ചിന്താഗതിക്കാരുമായി ചേർന്ന് സമരപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സ്റ്റീഫൻ അറിയിച്ചു.