കൊച്ചി: മലയാറ്റൂർ കുരിശുമുടി വികാരി ഫാ. സേവ്യർ തേലക്കാട്ടിന്റെ കൊലപാതകത്തിൽ മുൻ കപ്യാരോട് സഹിക്കാനും ക്ഷമിക്കാനുമായിരുന്നു കർദിനാൾ മാർ ജോർ ആലഞ്ചേരിയുടെ ആഹ്വാനം. ജോലി നഷ്ടമായതിന്റെ ദുഃഖമായിരുന്നു കപ്യാരെ കൊലപാതകിയാക്കിയത്. എട്ടാം വയസ്സുമുതൽ പള്ളിക്കായി ജീവിതം ഒഴിഞ്ഞു വച്ച മലയാറ്റൂർ വട്ടപ്പറമ്പൻ ജോണിയുടെ പ്രത്യേകതകൾ സഭയ്ക്ക് മൊത്തം അറിയാമായിരുന്നു. മകളുടെ അന്യമതക്കാരനുമായുള്ള വിവാഹത്തിന് ശേഷം ജോലി പോയി. കുടുംബത്തെ നോക്കാനുള്ള ബുദ്ധിമുട്ടുകളാണ് കപ്യാരെ കൊലപാതകിയാക്കിയത്. ഈ സാഹചര്യം ഓർമ്മപ്പെടുത്തിയായിരുന്നു മാപ്പ് നൽകാനുള്ള കർദിനാളിന്റെ ആഹ്വാനം.

ഇത് അപ്പടി തേലക്കാടിന്റെ കുടുംബവും ഏറ്റെടുത്തു. മുൻ കപ്യാരുടെ കുത്തേറ്റു മരിച്ച കുരിശുമുടി റെക്ടറുടെ അമ്മയും സഹോദരങ്ങളും കപ്യാരുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു ഹൃദയഭേദകമായ ആ കൂടിക്കാഴ്ച നടന്നത്. കുത്തേറ്റു മരിച്ച റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മ, മൂത്ത സഹോദരി ത്രേസ്യ, സഹോദരൻ സെബാസ്റ്റ്യൻ, പേരപ്പൻ പാപ്പച്ചൻ, പേരപ്പന്റെ മക്കളായ വിനോജ്, ഫാ. സേവ്യർ തേലക്കാട്ട് (ബിജു) എന്നിവരാണു കുരിശുമുടി കപ്യാരായിരുന്ന മലയാറ്റൂർ വട്ടപ്പറമ്പൻ ജോണിയുടെ വീട്ടിലെത്തിയത്. പിന്നെ നടന്നതെല്ലാം ആരേയും കരയിപ്പിക്കുന്ന കാഴ്ചകൾ.

ത്രേസ്യാമ്മയും ജോണിയുടെ ഭാര്യ ആനിയും പരസ്പരം കണ്ടയുടനെ കെട്ടിപ്പിടിച്ചു കരഞ്ഞു. 'നമുക്കെല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യാം, എല്ലാം ദൈവത്തിന്റെ കരങ്ങളിൽ അർപ്പിക്കാം' എന്നു മരിച്ച റെക്ടറുടെ വയോധികയായ അമ്മ പറഞ്ഞു. അവർ ആനിയുടെ തോളിൽ തടവി ആശ്വസിപ്പിക്കുകയും ചെയ്തു. ആനി വാക്കുകൾ കിട്ടാതെ കരഞ്ഞു. കൈകൾ കൂപ്പി മാപ്പപേക്ഷിച്ചു. ജോണിയുടെ രണ്ടു പെൺമക്കളും വീട്ടിലുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്നവർക്ക് രണ്ട് പേരേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥ.

റെക്ടറുടെ കുടുംബാംഗങ്ങൾ മടങ്ങിയ ഉടനെ ജോണിയുടെ ഭാര്യ ആനി വിഷമം താങ്ങാനാവാതെ തളർന്നുവീണു. അവരെ കാടപ്പാറയിലെ സ്വകാര്യ ആശുപത്രിയിലാക്കി പ്രാഥമിക ശുശ്രൂഷ നൽകി. മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ഡോ. ജോൺ തേയ്ക്കാനത്തും കൈക്കാരന്മാരും റെക്ടറുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. അയൽവാസികളും എല്ലാത്തിനും സാക്ഷിയായി. കുരിശുമുടി പാതയിൽ മലയിറങ്ങി വരികയായിരുന്ന ഫാ. സേവ്യർ തേലക്കാട്ട് ജോണിയുടെ കുത്തേറ്റു മരിച്ചതു കഴിഞ്ഞ വ്യാഴാഴ്ചയാണ്. കപ്യാർ സ്ഥാനത്തു നിന്നു റെക്ടർ തന്നെ മാറ്റിനിർത്തിയതിലെ വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം.

രോഷമാണ് അക്രമത്തിനു പ്രേരിപ്പിച്ചതെന്നും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജോണി പിന്നീടു പൊലീസിനോടു പറഞ്ഞു. അക്രമത്തിനു പിറ്റേദിവസം കുരിശുമുടി കാട്ടിനുള്ളിൽ നിന്നാണു ജോണിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. കൊലയ്ക്ക് ശേഷം കുരിശുമുടിയുടെ ഒന്നാം സ്ഥലത്തിനടുത്ത് പന്നി ഫാമിന്റെ ഷെഡ്ഡ് പരിസരത്ത് ഒളിച്ചിരിക്കുകയായിരുന്നു ജോണി. വ്യാഴാഴ്ച ഉച്ചയ്ക്ക് സംഭവം നടന്ന ശേഷം ഒളിവിൽ പോയ പ്രതി ഭക്ഷണമോ വെള്ളമോ കഴിച്ചിരുന്നില്ല. അതിനാൽ തീരെ ക്ഷീണിതനായാണ് കാണപ്പെട്ടത്. പൊലീസിനെ കണ്ടിട്ടും ഓടി രക്ഷപ്പെടാനുള്ള ശ്രമമുണ്ടായില്ല.

പ്രതിയെ പൊലീസ് കൊണ്ടുപോകുന്നതിനിടെ ഒരു വിഭാഗം ആളുകൾ ബഹളം വച്ചു. വിലങ്ങുവച്ച് നടത്തിക്കൊണ്ടുപോകണമെന്നായിരുന്നു ആവശ്യം. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ കാരണം പൊലീസ് അതിനു തയ്യാറായില്ല. ചെറിയ തോതിൽ ബലപ്രയോഗം നടത്തിയാണ് പ്രതിയെ പൊലീസ് ജീപ്പിൽ കയറ്റിയത്. പിടികൂടുമ്പോൾ ജോണി മുണ്ട് താറുടുത്തിരിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ സൗകര്യപൂർവമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസിനൊപ്പം തിരച്ചിലിൽ ഉണ്ടായിരുന്നവർ പറയുന്നത് പ്രതി മരത്തിൽ ഉടുമുണ്ട് കെട്ടി ആത്മഹത്യക്ക് ശ്രമിച്ചെന്നും മുണ്ട് കീറി താഴെ വീണുവെന്നുമാണ്. മുണ്ട് കീറിയതിനാൽ ചുരുട്ടി ഉടുത്തതാണെന്നാണ് പറയുന്നത്.

വെള്ളിയാഴ്ച രാവിലെ രണ്ടുതവണ ഇയാൾ വെള്ളം തേടി തീർത്ഥാടന പാതയ്ക്കരികെ വന്നിരുന്നു. പൊലീസിന്റെ സാന്നിധ്യം കണ്ട് മടങ്ങുകയായിരുന്നു. ജോണി ഈ ഭാഗത്തുണ്ടെന്ന് പൊലീസിനും ഏകദേശ ധാരണ ലഭ്യമായിരുന്നു. ചൂടിൽ വെള്ളം കിട്ടാതെ പ്രതിക്ക് പിടിച്ചുനിൽക്കാനാകില്ലെന്ന കണക്കുകൂട്ടലിൽ പൊലീസ് തീർത്ഥാടന പാതയോരങ്ങൾ നിരീക്ഷണത്തിൽ വച്ചിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാൾ പിടിയിലായത്. റെക്ടറെ കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തിരുന്നു.

30 വർഷത്തോളമായി കുരിശുമുടി പള്ളിയിലെ കപ്യാർ ആയിരുന്നു ജോണി വട്ടപ്പറമ്പൻ. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ മൂന്നു മാസമായി സസ്പെൻഷനിലായിരുന്നു. ജോണിയെ ജോലിയിൽ തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ഫാ.സേവ്യർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഈ പള്ളിയിലെ രണ്ട് കപ്യാരുമാരിൽ ഒരാളായിരുന്നു ജോണി വട്ടപ്പറമ്പൻ.