ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ട് ലെസ്റ്റർ മഹായിടവകയുടെ ഏറ്റവും പ്രായം കുറഞ്ഞ സഫ്രഗൻ ബിഷപ്പായി മലയാളിയായ മലയിൽ ലൂക്കോസ് വർഗീസ് മുതലാളി (41) സ്ഥാനാരോഹണം ചെയ്യുമ്പോൾ അത് മലയാളിക്കും അഭിമാന നിമിഷം. റോചസ്റ്റർ മഹായിടവകയിലെ സെന്റ് മാർക്‌സ് ജില്ലിങ്ഹാം പള്ളി വികാരിയായിരുന്നു.

ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം. മൂന്ന് വർഷം മുൻപാണ് ഈസ്റ്റ് ലണ്ടനിലെ ബാർക്കിങ്ങിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ഫാ.ജോൺ പെരുമ്പലത്ത് ചെംസ്ഫോഡിലെ ബ്രാഡ്വെൽ ബിഷപ്പായി നിയമിതനായത്. കൊല്ലം മൺറോതുരുത്ത് മലയിൽ എം.ഐ.ലൂക്കോസ് മുതലാളിയുടെയും അന്നമ്മ ലൂക്കോസിന്റെയും മകനാണ് ലൂക്കോസ് വർഗീസ് മുതലാളി.

പേരിൽ മുതലാളി ഉണ്ടെങ്കിലും ആ വാക്ക് പുതിയ ലഫ്ബറോ ബിഷപ്പ് സജു മുതലാളിയെ എത്തിച്ചിരിക്കുന്നത് ആധ്യാത്മിക ലോകത്തെ ധനാഢ്യൻ എന്ന നിലയിലാണ്. കൊല്ലം മൺട്രോതുരുത്തിലെ പഴയ തറവാട്ട് പേര് യുകെയിലും അദ്ദേഹത്തിന് ഒപ്പമായപ്പോൾ ഭൗതിക സമ്പത്തിൽ അദ്ദേഹം ''മുതലാളി'' അല്ലെങ്കിലും ആധ്യാൽമിക സമ്പത്തിൽ ചെറു പ്രായത്തിൽ തന്നെ ഒരു കൗണ്ടിയിലെ മുഴുവൻ ജനങ്ങളുടെയും വിശ്വാസ സംരക്ഷകനാകുന്ന ധനികനെന്നു വിശേഷിപ്പിക്കാവുന്ന ബിഷപ്പായി മാറിയി.

ബെംഗളുരുവിലെ സതേൺ ഏഷ്യ ബൈബിൾ കോളജ്, ഓക്‌സ്ഫഡിലെ വൈക്ലിഫ് ഹാൾ എന്നിവിടങ്ങളിൽ നിന്നു പഠനം പൂർത്തിയാക്കിയ റവ.മലയിൽ ലൂക്കോസ് വർഗീസ് മുതലാളി 2009 ൽ ആണ് വൈദികപട്ടം സ്വീകരിച്ചത് . ഇടവകയിലെ ഓരോ കുടുംബവും 5000 അപരിചിതർക്ക് ഒരു നേരം ഭക്ഷണം നൽകുന്ന 'ഫീഡ് ദ് 5000' എന്ന പദ്ധതി അദ്ദേഹമാണ് നടപ്പാക്കിയത്. റോചസ്റ്റർ കാന്റർബറി രൂപതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.

ബ്രിട്ടിഷ് വംശജയായ സാമൂഹിക പ്രവർത്തക കെയ്റ്റിയാണ് ഭാര്യ. സെഫ്, സിപ്, ഏബ്രഹാം, ജോന എന്നിവരാണ് മക്കൾ. കൊല്ലത്തു മൺറോ തുരുത്തിലെ പുരാതന സിറിയൻ ഓർത്തോഡക്സ് കുടുംബത്തിൽ ജനിച്ച മലയിൽ ലൂക്കോസ് വർഗീസ് മുതലാളി എന്ന ഫാ. സജു. ഒന്നര ആഴ്ച മുൻപ് അദ്ദേഹത്തിന്റെ ബിഷപ്പായുള്ള നാമനിർദ്ദേശം ബ്രിട്ടീഷ് രാജ്ഞി അംഗീകരിച്ചുവെങ്കിലും ഈ അടുത്ത സമയത്താണ് ഔദ്യോഗിക സ്ഥിരീകരണമായത്.

ഏകദേശം ഏഴു വർഷത്തെ പ്രവർത്തി പരിചയത്തിൽ നിന്നുമാണ് ഫാ. സജു ബിഷപ്പ് പദവിയിൽ എത്തിയതെന്ന് പരാമർശം ഉണ്ടായിരുന്നു. എന്നാൽ ഡീക്കനായി 12 വർഷവും വൈദികനായി 11 വർഷവും ഉള്ള പരിചയമാണ് ഫാ. സാജുവിന് ഒപ്പം ഉള്ളത് എന്നതാണ് യാഥാർഥ്യം. 21 വയസിൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ എത്തിയ അദ്ദേഹം കഴിഞ്ഞ 20 വർഷമായി യുകെ മലയാളിയുമാണ്. ഡിഗ്രി പഠനം കഴിഞ്ഞു ഒരു വർഷം ഗ്യാപ് ഇയർ എടുക്കാൻ ഉള്ള തയ്യാറെടുപ്പുമായി എത്തിയതാണ് ഫാ. സാജുവിന്റെ ജീവിതം മാറ്റിമറിച്ചതെന്നു പറയേണ്ടി വരും.

യുകെയിൽ നിന്നും മടങ്ങി വീണ്ടും യുകെയിൽ തന്നെ എത്തുക ആയിരുന്നു . ഒരു പക്ഷെ വിധി അദ്ദേഹത്തിനായി യുകെ ജീവിതം തന്നെയാണ് കാത്തുവച്ചിരുന്നതെന്നു ഈ വരവും പോക്കിലേക്കും തിരിഞ്ഞു നോക്കുമ്പോൾ പറയാനാകും . യുകെയിൽ എത്തും മുന്നേയുള്ള പഠനവും ജീവിതവും ഒക്കെ ബാംഗ്ലൂരിൽ ആയിരുന്നതിനാൽ മലയാളം വായിക്കാൻ ചെറിയ പ്രയാസം ഉണ്ട് എന്നത് മാത്രമാണ് തനി മലയാളിയായ ഈ യുവ ബിഷപ്പിനുള്ള ഏക കുറവ് . പക്ഷെ വലിയ തപ്പും പിഴയും ഇല്ലാതെ അത്യാവശ്യം നന്നായി തെളിഞ്ഞ മലയാളം പറയാനും അദ്ദേഹത്തിന് കഴിയും .

കെന്റിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഒതുങ്ങി കഴിഞ്ഞിരുന്ന വൈദികൻ നിമിഷ വേഗത്തിലാണ് രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയിലേക്കും എത്തിയത്. മാസങ്ങൾ നീണ്ടു നിൽക്കുന്ന മുന്നൊരുക്കങ്ങളിലൂടെയാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയ കടന്നു പോകുന്നത്. അറിവും ലോകപരിചയവും അടക്കമുള്ള കാര്യങ്ങൾ വിശകലനം ചെയ്യാൻ മണിക്കൂറുകൾ നീളുന്ന അഭിമുഖങ്ങൾ പലവട്ടം പാസാകേണ്ടിവരും. മറ്റു സഭകളിൽ ഉള്ളത് പോലെ തന്നെ വൈദികനിൽ നിന്നും ബിഷപ്പിലേക്കു ചർച്ച ഓഫ് ഇംഗ്ലണ്ടിലും കടമ്പകൾ ഏറെയുണ്ട്. എന്റെ കാര്യത്തിൽ സംഭവിച്ചത് ഒരു ദൈവ നിയോഗം എന്നേ പറയാനാകൂ എന്നാണ് ബിഷപ്പ് തന്റെ സ്ഥാന ലബ്ദിയോട് പ്രതികരിച്ചത്.

എന്റെ അമ്മ ഒരു നഴ്‌സായാണ് ജോലി ചെയ്തിരുന്നത്, അതും കുഷ്ഠരോഗികൾക്കിടയിൽ. സമയം കിട്ടുമ്പോൾ ഒക്കെ എന്നെയും കൂടെ കൂട്ടുമായിരുന്നു. മറ്റുള്ളവരെ സ്‌നേഹിക്കാനും കരുതലോടെ പരിചരിക്കാനും ഒക്കെ പഠിച്ചത് അന്നത്തെ കുട്ടിക്കാല അനുഭവത്തിൽ നിന്നുമാണ്. ഇപ്പോൾ യുകെയിൽ തന്നെ മലയാളി സമൂഹത്തിൽ ഏറ്റവും കൂടുതൽ പേരുള്ളത് നഴ്‌സുമാരും ഡോക്ടർമാരുമല്ലേ. അവരുടെ കരുതലും സ്‌നേഹവും സേവനവുമാണ് രാജ്യം ആഗ്രഹിക്കുന്നത്, അതുകൊണ്ടാണല്ലോ അവർക്കിവിടെ വരുവാനും ജീവിക്കാനും അവസരം ഒരുങ്ങുന്നതും. അതിനാൽ നമ്മളിൽ അത്തരം ഒരു ഘടകം പ്രവർത്തിക്കുമ്പോൾ നാമറിയാതെ സ്‌നേഹവും അംഗീകാരവും നമുക്കൊപ്പം എത്തും.

ചെറുപ്പത്തിൽ തന്നെ ദൈവിക കാര്യങ്ങളിൽ ഞങ്ങൾ കുട്ടികൾ എല്ലാവർക്കും പ്രത്യേക താൽപര്യം ഉണ്ടായിരുന്നു. അക്കാലത്തെ അനേകരെ ആകർഷിച്ചിരുന്ന ആത്മീയ യാത്ര എന്ന പ്രഭാഷണ പരമ്പരയൊക്കെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. അമ്മയായിരുന്നു ആത്മീയ വഴികളിലും വഴികാട്ടിയെന്നും ബിഷപ്പ് പറയുന്നു.