തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിൽ കേസെടുത്തതിനെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എ.വി.സൈജുവിനോടു ചുമതലയിൽനിന്നു മാറി നിൽക്കാൻ നിർദ്ദേശിച്ചത് ഉന്നത ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണച്ചുമതല. സൈജുവിനെ ഇനിയും പൊലീസ് സസ്‌പെന്റ് ചെയ്തിട്ടില്ല. അതിനിടെ ഇരയെ പ്രതിയാക്കി കൗണ്ടർ കേസെടുക്കാനും നീക്കം തുടങ്ങി.

കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി പ്രസിഡന്റായിരുന്നു എ.വി.സൈജു. വിവാദത്തെ തുടർന്ന് സംഘടനയിൽ നിന്ന് ഇയാളെ പുറത്താക്കി. അതേസമയം, യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് സൈജു പറയുന്നു. യുവതി ശല്യം ചെയ്യുന്നതിനെതിരെ സൈജുവും ഭാര്യയും ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നതായും അറിയുന്നു. ഇത് കൗണ്ടർ കേസെടുക്കാനുള്ള നീക്കമാണ്. കോടതിയിൽ നിന്ന് സൈജുവിന് മുൻകൂർ ജാമ്യം ഉറപ്പാക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് യുവതിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് എടുത്തു കൊണ്ടു പോയതെന്നും സൂചനയുണ്ട്.

ഡ്യൂട്ടി ദിവസങ്ങളിൽ രാത്രിയാണ് ഇയാൾ യുവതിയുടെ വീട്ടിലെത്തുക. ബൈക്കിൽ വരുന്ന ഇയാൾ ബൈക്ക് റോഡിന് സൈഡിൽ വയ്ക്കും. അതിന് ശേഷം ഹെൽമറ്റ് ധരിച്ച വീട്ടിനുള്ളിലേക്ക് കയറും. ഇയാൾ വരുന്നതിനും പോകുന്നതിനുമെല്ലാം തെളിവ് സിസിടിവിയിൽ ഉണ്ട്. ഇതെല്ലാം നശിപ്പിക്കുമോ എന്ന ആശങ്ക യുവതിക്കുണ്ട്. ആരും സഹായത്തിന് ഇല്ലാത്തതു കൊണ്ട് തന്നെ പൊലീസിന്റെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ എന്തു ചെയ്യണമെന്നും ഈ യുവതിക്ക് അറിയില്ല.

സിഐയുടെ ഭാര്യയും യുവതിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തെളിവുകളും ഉണ്ടെന്ന് യുവതി പറയുന്നു. സാമ്പത്തിക ആരോപണങ്ങൾക്ക് നിരവധി തെളിവുകളുണ്ട്. എന്നാൽ സിഐ സൈജുവിന്റെ സ്വാധീനം ഈ തെളിവെല്ലാം നശിപ്പിച്ചേക്കാം. എല്ലാ പൊലീസ് യൂണിറ്റുകളേയും നയിക്കുന്നത് സിപിഎം നേതൃത്വവുമായി അടുത്തു നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ സിഐ സൈജുവിനെതിരായ കേസ് അന്വേഷണം അട്ടിമറിക്കുമെന്നാണ് ഉയരുന്ന സംശയം. സിഐയെ സസ്‌പെന്റ് ചെയ്യാത്തത് ഇതിന് തെളിവായി വിലയിരുത്തുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ തന്നെ സത്യം പുറത്തു വരും. വിവാഹവാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വധഭീഷണി മുഴക്കിയെന്നുമാണു പരാതി. റൂറൽ എസ്‌പിയുടെ ഓഫിസിലെ വനിതാ സെല്ലിൽ ഡോക്ടർ ശനിയാഴ്ച മൊഴി നൽകിയിരുന്നു. വിദേശത്തായിരുന്ന വനിതാ ഡോക്ടർ 2019ൽ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച് മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് എസ്‌ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നൽകുകയും ചെയ്തു.

ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു. തുടർന്നു ഭർത്താവ് ബന്ധം ഉപേക്ഷിച്ചു. ഒറ്റയ്ക്കു കഴിയുന്ന തനിക്കു ജീവനു ഭീഷണിയുണ്ടെന്നതുൾപ്പെടെ കാണിച്ച് കഴിഞ്ഞ 8ന് റൂറൽ എസ്‌പിക്കു പരാതി നൽകി. നടപടി വൈകിയതിനാൽ ഡിജിപിക്കും പരാതി നൽകി. ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചു, നിരന്തരമായ ഫോൺ വിളികളും വിഡിയോ കോളുകളും കാരണം ഭർത്താവ് ഉപേക്ഷിച്ചു' -ഇതെല്ലാമാണ് ആരോപണങ്ങൾ. ഇതിനെല്ലാം തെളിവുമുണ്ട്. സിഐ സസ്‌പെന്റ് ചെയ്യാത്ത ആഭ്യന്തര വകുപ്പും പ്രതിക്ക് പിന്തുണ നൽകുകയാണെന്ന വാദം സജീവാണ്.

പരാതിയെ തുടർന്ന് സൈജുവിനെ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ല പ്രസിഡന്റ് സ്ഥാനത്ത് നീക്കാനും തീരുമാനമായി. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വനിത ഡോക്ടർ താമസിക്കുന്നത്.