- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ ഉപേക്ഷിച്ച് തന്നെ സ്വീകരിക്കുമെന്നും പറഞ്ഞ സിഐക്ക് മലയത്തെ ഒരു സ്ത്രീയുമായും രഹസ്യബന്ധം; ശബരിമല ഡ്യൂട്ടിക്കിടെ ഫോൺ ചെയ്തപ്പോൾ അതെന്റെ കഴിവാണെന്നും സിഐയുടെ മറുപടി; സർക്കിൾ സൈജുവിനെതിരെ കേസ് കൊടുക്കാൻ തോന്നിച്ചത് അയ്യപ്പസ്വാമിയെന്ന് ഇരയായ ഡോക്ടർ
തിരുവനന്തപുരം: ടീറ്റ് വേണമെന്ന് പറഞ്ഞ് വീട്ടിൽ ആരുമില്ലാത്തപ്പോൾ കയറിവന്ന് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പിന്നീട് കേസ് കൊടുക്കാതിരിക്കാൻ തന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വഞ്ചിക്കുകയും ചെയ്ത മലയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സൈജുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇരയായ വനിതാ ഡോക്ടർ. സിഐ സൈജുവിന് തിരുവനന്തപുരത്ത് മലയത്തുള്ള മറ്റൊരു സ്ത്രീയുമായും രഹസ്യബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് ഇയാൾ തന്നെ വിവാഹം ചെയ്യാമൈന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു എന്ന് മനസ്സിലായതെന്ന് ഡോക്ടർ മറുനാടനോട് പറഞ്ഞു. വിവാഹം ചെയ്ത് ഒരുമിച്ച് താമസിക്കാമെന്ന് പറഞ്ഞത് ഞാൻ വിശ്വസിച്ചു. പക്ഷേ, പിന്നെപ്പിന്നെ സൈജുവിന് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് സംശയം ഉയർന്നു. ചിലപ്പോഴൊക്കെ ഇതേപ്പറ്റി ചോദിച്ചിരുന്നു എന്നാൽ അങ്ങനെയൊന്നുമില്ലെന്ന് ഒഴിഞ്ഞുമാറും. പക്ഷേ, പലരിൽ നിന്നും മലയത്തെ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് എനിക്ക് മനസ്സിലായി. കക്ഷി വീട്ടിൽ പോലും പോകാതെ കരിപ്പൂരിൽ ഒരു ഓഡിറ്റോറിയത്തിന്റെ മുകളിലെ മുറിയിലാണ് വാടകയ്ക്ക് താമസിക്കുന്നത് എന്നാണ് പറഞ്ഞിരുന്നത്. ഇത് ഇങ്ങനെ പലരുടെ അടുത്തും പോകാൻ വേണ്ടിയാണെന്നാണ് തോന്നുന്നത് - ഡോക്ടർ പറയുന്നു.
അതേസമയം, വനിതാ ഡോക്ടർ നൽകിയ പരാതിയിയിൽ മലയിൻകീഴ് എസ്എച്ച് ഒ ആയിരുന്ന ഇൻസ്പെക്ടർ സൈജുവിനെതിരെ കേസെടുത്തെങ്കിലും ഇയാളെ അറസ്റ്റുചെയ്യാനോ സസ്പെന്റു ചെയ്യാനോ ആഭ്യന്തര വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. പൊലീസ് അസോസിയേഷൻ ഭാരവാഹി ആയിരുന്ന ഇയാൾക്ക് സിപിഎം ഉന്നതങ്ങളിലുള്ള പിടിപാടുതന്നെയാണ് നടപടി വൈകിക്കുന്നതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് സൈജുവിനെതിരെ പ്രാഥമിക അന്വേഷണം നടത്തി വകുപ്പുതല നടപടിക്ക് റൂറൽ എസ്‌പി തന്നെ ശുപാർശ നൽകിയിട്ടും നടപടി വൈകുകയാണ്. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന സംശയവും ബലപ്പെടുത്തുന്നു.
തന്നെമാത്രമല്ല, ഇത്രയും വർഷം കൂടെക്കഴിഞ്ഞ ഭാര്യയേയും ഇയാൾ വഞ്ചിക്കുകയല്ലേ എന്ന് ഡോക്ടർ ചോദിക്കുന്നു. ഇയാൾക്ക് മലയത്തെ ഒരു സ്ത്രീയുമായും കഴിഞ്ഞ രണ്ടുവർഷത്തോളമായി ബന്ധമുണ്ടെന്നാണ് ഞാൻ അറിഞ്ഞത്. പലപ്പോഴും ഞാൻ വിളിക്കുമ്പോൾ ഫോൺ ദീർഘനേരം എൻഗേജ്ഡ് ആവാറുണ്ട്. ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിക്കുമ്പോൾ ഓഫീസ് കാര്യമെന്നും മറ്റും പറഞ്ഞ് ഒഴിയും. ഒരിക്കൽ ഞാൻ ചോദിച്ചപ്പോൾ പുള്ളി ശബരിമലയിൽ നിൽക്കുവാണ്. 'അങ്ങനെയൊരു ബന്ധം ഉണ്ടെങ്കിൽ തന്നെ നിനക്ക് എന്തുചെയ്യാൻ പറ്റും. അതെനിക്ക് കഴിവുള്ളതുകൊണ്ടാണ്' എന്നായിരുന്നു മറുപടി. അപ്പോൾ തന്നെ എനിക്ക് ഉറപ്പായി. വർഷങ്ങളായി കൂടെകഴിയുന്ന തന്റെ രണ്ടുകുട്ടികളടെ അമ്മയായ സ്വന്തം ഭാര്യയേയും എന്നെയും മലയത്ത് ബന്ധമുണ്ടെന്ന് പറയുന്ന സ്ത്രീയെയുമെല്ലാം ഇയാൾ ഒരേസമയം വഞ്ചിക്കുകയാണെന്ന്. ഭാര്യയുമായി പിണങ്ങി കഴിയുകയാണെന്നും വിവാഹമോചനത്തിന് ശ്രമിക്കുകയാണെന്നും ഒക്കെയാണ് എന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
' ഭാര്യയുമായി ബന്ധമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഞാനുമായി റിലേഷനുണ്ടാക്കി. അതേസമയം തന്നെ മലയത്തുള്ള സ്ത്രീയുമായും ബന്ധമുണ്ടാക്കി. ആലോചിച്ചുനോക്കൂ ഇയാൾ എന്തൊരു മനുഷ്യനാണെന്ന്. എന്നിട്ടാണ് ശബരിമലയിൽ ഡ്യൂട്ടിയിൽ നിക്കുമ്പോൾ അയാൾ എന്നോട് ചോദിക്കുകായാണ്. അങ്ങനെയൊരു ബന്ധം ഉണ്ടെങ്കിൽ നിനക്ക് എന്തുചെയ്യാൻ പറ്റും. അതെനിക്ക് കഴിവുണ്ടായിട്ടാണെന്ന്. അതു കേട്ടതും ഞാൻ ഫോൺ വച്ചുകളഞ്ഞു. അപ്പോൾ പിന്നെ തിരുച്ചുവിളിച്ച് എന്നോട് പറഞ്ഞു. അത് ദേഷ്യപ്പെടുത്തിയതുകൊണ്ട് പറഞ്ഞതാണ്. അങ്ങനെയല്ല.. ഇങ്ങനെയല്ല എന്നൊക്കെ. എനിക്ക് സംശയം മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്നാൽ അതുകേട്ടപ്പോൾ എനിക്ക് ഉറപ്പായി. ശരിക്കുപറഞ്ഞാൽ ശബരിമലയിൽ നിന്ന് അയാൾ ഇങ്ങനെ സംസാരിച്ചത് കേസുകൊടുക്കാനും ഇങ്ങനെയൊക്കെ ആക്കാനും അയ്യപ്പ സ്വാമിയായിട്ട് ചെയ്യിപ്പിച്ചപോലെ. കാരണം, എനിക്ക് ഒട്ടും ധൈര്യമില്ലായിരുന്നു. ഇവിടെ ആരെയും അറിയുകപോലുമില്ല. ആ ഞാൻ ഇപ്പോൾ ഇങ്ങനെയൊരു വഞ്ചകനെതിരെ കേസുകൊടുക്കാൻ ഇടയായത് ദൈവം വിചാരിച്ചിട്ട് തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. എന്നെ ബലമായി മാനഭംഗപ്പെടുത്തി കുടുംബം നശിപ്പിച്ച് എന്നെ പറഞ്ഞുപറ്റിച്ച് വശത്താക്കിയ ഇയാളെ വെറുതെ വിടരുതെന്ന്. അയ്യപ്പസ്വാമി തന്നെയാണ് അയാളെക്കൊണ്ട് അങ്ങനെ പറയിച്ചതെന്ന് എനിക്ക് തോന്നി. എന്നെക്കൊണ്ട് ഈ വഞ്ചകനെതിരെ കേസ് കൊടുപ്പിക്കാൻ സ്വാമി അയാളെക്കൊണ്ട് അങ്ങനെ പറയിച്ചതാവും. - ഡോക്ടർ മറുനാടനോട് പറഞ്ഞു.
സ്വന്തം ഉടമസ്ഥതയിലുള്ള കടമുറികൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോഴുണ്ടായ പരിചയം വളർത്തിയെടുത്ത് ഗൾഫിൽ ഡോക്ടറായിരുന്ന യുവതിയെ സിഐ സൈജു 2019 ഒക്ടോബർ 13ന് രാത്രിയാണ് ക്രൂരമായി മാനഭംഗപ്പെടുത്തുന്നത്. ഈ സംഭവത്തിന് പിന്നാലെ പരാതി ഉണ്ടാകാതിരിക്കാൻ വിവാഹംകഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് യുവതിയെ വശത്താക്കുകയും അതിന് ശേഷം പലപ്പോഴും രാത്രി വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി നൽകിയ പരാതി. തന്റെ കുടുംബം തകർക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയും ഭർത്താവ് ഉപേക്ഷിച്ചുപോകാൻ കാരണമാകുകയും ചെയ്തതിന് പിന്നാലെയാണ് പീഡന പരമ്പര അരങ്ങേറിയതെന്നാണ് യുവതിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. മാതാപിതാക്കൾ നേരത്തെ തന്നെ മരിച്ച യുവ ഡോക്ടറെ ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ താൻ സംരക്ഷിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ചായിരുന്നു സിഐ സൈജു വശത്താക്കിയതെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു.
രാത്രി സന്ദർശനത്തിനിടെ മദ്യപാനവും
അന്ന് ട്രീറ്റ് വേണം, വൈകീട്ട് ആറ് ആറരയോടെ ഫുഡ് കഴിക്കാൻ വരും എന്നായിരുന്നു പറഞ്ഞത്. എങ്കിൽ സന്ധ്യക്ക് തന്നെ ആഹാരം കഴിച്ച് തിരിച്ചുപോകുമല്ലോ എന്ന് ഞാനും വിചാരിച്ചു. പക്ഷേ, അൽപം കേസുകളുടെ തിരക്കുണ്ട്.. വൈകും എന്നുപറഞ്ഞു. അരമണിക്കൂർ.. അരമണിക്കൂർ എന്ന് പറഞ്ഞ് താമസിച്ച് എട്ടരകഴിഞ്ഞ് ഒമ്പതുമണിയോളം ആയപ്പോളാണ് വന്നത്. പിന്നെ ഭക്ഷണം കഴിച്ച ശേഷം സ്വഭാവം മാറി. എന്നെ പെട്ടെന്ന് കയറിപ്പിടിച്ചു ബെഡ്റൂമിലേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി. പെട്ടെന്ന് അപ്രതീക്ഷിതമായി ഇങ്ങനെയൊക്കെ ചെയ്തപ്പോൾ എനിക്ക് പ്രതികരിക്കാൻപോലും കഴിഞ്ഞില്ല. - വീട്ടിൽ സൽക്കാരം സ്വീകരിക്കാനെന്ന മട്ടിൽ വന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം ഡോക്ടറായ യുവതി മറുനാടനോട് വിവരിച്ചത് ഇങ്ങനെയാണ്.
ഇത്തരത്തിൽ ബന്ധം തുടർന്നതോടെ തീർത്തും ഒറ്റപ്പെട്ടുപോയ തനിക്ക് മറ്റൊരു ആശ്രയമില്ലാതായി അയാളെ വിശ്വസിക്കേണ്ടിവന്നു. പക്ഷേ, തന്നെ ശാരീരികമായി ഉപയോഗിക്കുകയും പണം കൈക്കലാക്കുകയുമായിരുന്നു അയാളുടെ ലക്ഷ്യമെന്ന് അറിയാൻ വൈകി. പിന്നെ വീട്ടിൽ വരുന്നതും തന്നെ ശാരീരികമായി ചൂഷണം ചെയ്യുന്നതും വിലക്കിയതോടെ പലപ്പോഴും ബലപ്രയോഗത്തിന് മുതിർന്നു. അപ്പോഴൊന്നും സമ്മതിക്കാതെ വന്നതോടെ ഭീഷണിയായി. കൊല്ലുമെന്നുപറഞ്ഞായിരുന്നു ഭീഷണി. അയാൾക്ക് രാഷ്ട്രീയത്തിലും മണൽമാഫിയയുമായും ഒക്കെ ബന്ധമുണ്ടെന്ന് കേട്ടിരുന്നു. ഇതോടെ ഞാൻ ശരിക്കും പേടിച്ചു. വീണ്ടും വധഭീഷണിയുമായി ഇക്കഴിഞ്ഞ ജനുവരിയിലും വന്നതോടെയാണ് അവസാനം പൊലീസിൽ പരാതി നൽകിയത്. - ഡോക്ടർ പറയുന്നു.
ഇയാൾക്ക് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസമായി ബൈക്കിൽ സിവിൽ ഡസ്സിൽ തന്നെ കാണാൻ വരാറുള്ളതെന്ന് ഡോക്ടർ പറയുന്നു. രാത്രി ഒമ്പതര പത്താവുമ്പോഴാണ് വരിക. ഒരിക്കൽ മദ്യം കൊണ്ടുവന്നിരുന്നു. വീട്ടിൽ വച്ച് ഒന്നുരണ്ടുതവണ കഴിച്ചു. പുലർച്ചെ നാലരയോടെ നേരം വെളുക്കുംമുമ്പേ സ്ഥലംവിടും. പതിവായി ഡ്യൂട്ടിയുള്ള സമയത്താണ് വരുന്നതെന്ന് സ്റ്റേഷനിൽ നിന്നും മറ്റും ഉള്ള ഫോൺകോളിൽ നിന്ന് മനസ്സിലായിട്ടുണ്ട്. ആൾ വീട്ടിലല്ല താമസിക്കുന്നത്. ഇവിടെ കരിപ്പൂര് എന്ന സ്ഥലത്ത് ഒരു കല്യാണമണ്ഡപത്തിന്റെ മുകളിലെ മുറിയിലാണ് താമസിക്കുന്നത്. വീടുമായി ബന്ധമില്ല എന്ന് പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചതും ഇങ്ങനെയാണ്. ഭാര്യയെ ഉപേക്ഷിക്കാൻ പോകുകയാണെന്നും എന്റെ കൂടെ ജീവിക്കാമെന്നും പറഞ്ഞു. വീട്ടിൽ പോകുന്നത് ഡ്രസ് മാറാനും കുട്ടികളെ കാണാനും മാത്രമാണ് വീട്ടിൽ പോകുന്നത് എന്നാണ് പറഞ്ഞിരുന്നത്. ആദ്യം എസ്‌ഐ ആയിരുന്നപ്പോഴും ആളുടെ വീട്ടിലല്ല താമസിച്ചിരുന്നത്. വൈഫുമായി ഒരു ബന്ധവുമില്ല എന്നാണ് പറഞ്ഞത്. എന്നാൽ ശബരിമലയിൽ ഡ്യൂട്ടിയുണ്ടായിരുന്ന സമയത്ത് വിളിച്ചപ്പോൾ അയാൾ അങ്ങനെ പറഞ്ഞതോടെ എന്നെയും വഞ്ചിക്കുകയാണെന്ന് മനസ്സിലായി. അതോടെ ഇനി ഈ ബന്ധം പറ്റില്ലെന്ന് തീർത്തുപറഞ്ഞു. ഇതോടെയാണ് ശത്രുത തുടങ്ങിയത്. ഞാൻ ഇനി വഴിപ്പെടില്ലെന്ന് ബോധ്യം വന്നതോടെ ഇക്കഴിഞ്ഞ ജനുവരി 24ന് ശബരിമല ഡ്യൂട്ടികഴിഞ്ഞ് വീട്ടിൽ വന്നു. ബലമായി എന്നെ ഉപദ്രവിക്കാൻ നോക്കി. ഞാൻ വഴങ്ങിയില്ല. ഇതോടെ 28ന് വീണ്ടും ഭീഷണിയുമായി വന്നു. വഴങ്ങിയില്ലെങ്കിൽ കൊന്നുകളയുമെന്നു പറഞ്ഞു. ഇതോടെയാണ് പരാതി നൽകാൻ തയ്യാറായത്. - യുവതി പറയുന്നു.
സസ്പെൻഷൻ ശുപാർശ ഉറക്കത്തിൽ
വനിതാ ഡോക്ടർ നൽകിയ പീഡന പരാതിയിൽ പ്രതിയായ മലയിൻകീഴ് സിഐ എവി സൈജുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ഇതിനകം പോയിട്ടുണ്ട്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. സൈജുവിനെതിരെ പരാതിയിൽ കേസെടുത്തെങ്കിലും ഇയാളെ സസ്പെന്റ് ചെയ്യാതെ പകരം പൊലീസ് ആസ്ഥാനത്തേക്ക് അറ്റാച്ച് ചെയ്ത് ഡിജിപി അനിൽകാന്ത് ഉത്തരവ് ഇറക്കുകയായിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന സർക്കാരെന്ന് കൊട്ടിഘോഷിക്കുന്നതിനിടെ ഇത്തരമൊരു ബലാത്സംഗ കേസിൽ പ്രതിയായ പൊലീസ് ഇൻസ്പെക്ടറെ സസ്പെന്റ് ചെയ്യാതെ പൊലീസ് ആസ്ഥാനത്തേക്ക് അറ്റാച്ച് ചെയ്യുന്നതിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
സൈജുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ഇതിനിടെ കേസിൽ കൃത്യമായി പ്രാഥമിക അന്വേഷണം നടത്തിയ കാട്ടാക്കട ഡിവൈഎസ്‌പി ശുപാർശ ചെയ്തു. സിഐ എവി സൈജു കേസിൽ പ്രതിയാണെന്നും പൊലീസ് ഉദ്യോഗസ്ഥന് വേണ്ട അച്ചടക്കം ലംഘിച്ചെന്നുമാണ് കാട്ടാക്കട ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട് തിരുവനന്തപുരം റൂറൽ എസ്‌പി ദിവ്യാ ഗോപിനാഥ് ദക്ഷിണമേഖലാ ഐജിക്ക് കൈമാറി. രണ്ടുദിവസം മുമ്പായിരുന്നു ഇത്. എന്നാൽ ഇതുവരെ സിഐക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര വകുപ്പിലെ ഉന്നതർ മടിക്കുന്നു. ഇടതുപക്ഷ പൊലീസ് അസോസിയേഷൻ നേതാവായ സൈജുവിനെ എങ്ങനെ സംരക്ഷിക്കാമെന്ന ചരടുവലികളാണ് നടക്കുന്നതെന്നാണ് സൂചനകൾ. പീഡനം നടന്നതായി പറയുന്ന ദിവസങ്ങളിൽ പരാതിക്കാരിയുടെ വീട്ടിൽ സൈജു വന്നിരുന്നോ എന്ന് സ്ഥിരീകരിക്കാനായി ജില്ലാ ക്രൈം ബ്രാഞ്ചും സൈബർ ഉദ്യോഗസ്ഥരും ചേർന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ