- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതിരാത്രിയിൽ ഭീകരശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയവർ കണ്ടത് അടിത്തറ ഇളകിയിരിക്കുന്ന വീട്; ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ വിളിച്ചുണർത്തിയത് അയൽക്കാർ; മലയിൻകീഴിൽ അപകടമുണ്ടായത് നിയന്ത്രണങ്ങളില്ലാതെ കുന്നിടിപ്പ് വ്യാപകമായ പ്രദേശത്ത്; അപകട ഭീതിയിൽ സമീപ വീട്ടുകാരും
മലയിൻകീഴ്: മലയിൻകീഴ് കരിപ്പൂരിൽ മണ്ണിടിഞ്ഞ് വീണ് കുന്നിന്മുകളിലെ വീട് അപകടാവസ്ഥയിൽ. ഒരു വർഷം മുമ്പ് മാത്രം നിർമ്മിച്ച പ്രവാസിയായിരുന്ന വർഗീസിന്റെ വീടാണ് അടിത്തറയിലെ മണ്ണിടിഞ്ഞ് വീണ് താഴെയുള്ള വീടുകൾക്ക് കൂടി ഭീഷണിയായത്. സംഭവസ്ഥലത്തെത്തിയ പൊലീസ് സമീപവാസികളെ മുഴുവൻ അവിടെ നിന്നും ഒഴിപ്പിച്ചു.
കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ ഭീകരശബ്ദംകേട്ട് പുറത്തിറങ്ങിനോക്കിയ നാട്ടുകാരാണ് വർഗീസിന്റെ വീടിന്റെ അടിത്തറ നിൽക്കുന്ന ഒരു ഭാഗം ഇടിഞ്ഞ് താഴേയ്ക്ക് വീണിരിക്കുന്നതാണ് കണ്ടത്. ആ സമയം ഉറക്കത്തിലായിരുന്ന വീട്ടുകാരെ വിളിച്ച് പുറത്തിറക്കിയത് അയൽക്കാരായിരുന്നു. ആ ഭാഗത്ത് നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കും ഇടിഞ്ഞുവീണിട്ടുണ്ട്. സമീപത്തെ മതിലിനും ചുമരിനും വിള്ളലുകൾ ദൃശ്യമാണ്. ഒരു വർഷം മുമ്പ് മാത്രം നിർമ്മിച്ച വീടാണ് ഇപ്പോൾ അപകടാവസ്ഥയിലായിരിക്കുന്നത്.
കുന്നിന്മുകളിലെ വീട് അപകടാവസ്ഥയിലായതോടെ അതിന് താഴെയുള്ള രണ്ട് വീടുകളും ഭീഷണിയിലായി. അവരടക്കം മൂന്നുവീടുകളിലുമുള്ളവരെ മാറ്റിതാമസിപ്പിച്ചിരിക്കുകയാണ്.
മലയിൻകീഴ് പഞ്ചായത്തിൽ കുന്നിടിപ്പ് വ്യാപകമായിട്ടുള്ള പ്രദേശത്താണ് ഇപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. മൂന്ന് റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളാണ് ഈ ഭാഗത്തുള്ളത്. ഇവ കൂടാതെ വീടുകളും സ്ഥാപനങ്ങളും നിർമ്മിക്കുന്നതിന് മണ്ണിടിക്കുന്നതിന് മാനദണ്ഡങ്ങൾ പാലിക്കാതെ പഞ്ചായത്ത് അനുമതി നൽകുന്നതായും പരാതിയുണ്ട്.
സംഭവസ്ഥലത്തിന് കീഴ്ഭാഗത്ത് റോഡ് നിരപ്പിൽ മണ്ണിടിച്ച് കടമുറികൾ നിർമ്മിച്ചതിന് പിൻഭാഗത്ത് കഴിഞ്ഞയാഴ്ച്ച മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായിരുന്നു. തഹസീൽദാർ അടക്കമുള്ളവർ സംഭവസ്ഥലം സന്ദർശിച്ചിരുന്നു.
മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാപകമായി കുന്നിടിക്കാനുള്ള അനുമതി നൽകുന്ന പഞ്ചായത്ത് ഭരണസമിതിയാണ് ഈ അപകടങ്ങൾക്ക് കാരണക്കാരെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ പ്രദേശത്ത് കുന്നിടിക്കുന്നതിനും ജലാശയങ്ങൾ നികത്തുന്നതിനും യാതൊരു നിയന്ത്രണങ്ങളുമില്ലായിരുന്നു. വാർഡ് മെമ്പർമാരായിരുന്ന ചിലരുടെ അഴിമതിക്ക് ചില ഉദ്യോഗസ്ഥരും കൂട്ടുനിന്നതിന്റെ പാർശ്വഫലമാണ് ഇപ്പോൾ നിരപരാധികൾ അനുഭവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.