- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത സിഐ സൈജുവിനെ രക്ഷിക്കാൻ ചരടുവലി സജീവം; പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി 'കടുത്ത ശിക്ഷ' നൽകി ആഭ്യന്തര വകുപ്പിന്റെ സ്ത്രീസുരക്ഷാ ഇടപെടൽ! പൊലീസ് സംഘം പ്രധാന തെളിവായ സിസിടിവി ഹാർഡ് ഡിസ്‌ക് കൊണ്ടുപോയത് രസീത് പോലും നൽകാതെ
തിരുവനന്തപുരം: വനിതാ ഡോക്ടറെ വീട്ടിൽ കയറിച്ചെന്ന് നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലയിൻകീഴ് സിഐ ആയിരുന്ന എ.വി. സൈജുവിനെ അറസ്റ്റ് ചെയ്യാനോ സസ്പെന്റ് ചെയ്യാൻപോലുമോ തയ്യാറാകാതെ ആഭ്യന്തരവകുപ്പ്. നിയമംപാലിക്കേണ്ട ഉന്നത ഉദ്യോഗസ്ഥൻ തന്നെ നിയമലംഘകനായ കേസിലാണ് സ്ത്രീസുരക്ഷ ഞങ്ങൾ ഉറപ്പാക്കും എന്ന് സ്ത്രീകൾക്കെതിരെ ഓരോ അതിക്രമം ഉണ്ടാകുമ്പോഴും ആവർത്തിച്ചു പറയുന്ന സർക്കാർ ഈ ഇരട്ടത്താപ്പ് കാണിക്കുന്നത്. പീഡനത്തിന് ഇരയായ ഡോക്ടറുടെ പരാതി പോലും സ്വീകരിക്കാതെ ഉന്നതർ ഉരുണ്ടുകളിച്ചതിന് പിന്നാലെ വിവരം വാർത്തയായപ്പോൾ മാത്രമാണ് ഈ സംഭവത്തിൽ കേസെടുക്കാൻ പോലും തയ്യാറായത്.
ഇടതുപക്ഷ അനുകൂല പൊലീസ് അസോസിയേഷന്റെ നേതാവുകൂടിയായ സിഐ സൈജുവിനെതിരെ കേസ് വന്നതിനു പിന്നാലെ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയിരിക്കുകയാണ്. അതും മലയിൻകീഴിൽ നിന്ന് വെറും 15 കിലോമീറ്റർ അകലെ തിരുവനന്തപുരം നഗരത്തിലെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക്. മാത്രമല്ല, കേസെടുത്തെങ്കിലും ഇതുവരെ ഈ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യാൻ തയ്യാറായിട്ടുമില്ല. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി പ്രസിഡന്റായിരുന്നു മലയിൻകീഴ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന എ.വി. സൈജു. പീഡനത്തിന് കേസ് എടുത്തതിന് ശേഷം അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സൈജുവിനെ നീക്കിയതായി സംഘടന അറിയിച്ചിട്ടുണ്ട്. സംഘടനപോലും ഇത്തരമൊരു നടപടിയെടുത്തിട്ടും ഇയാളെ സസ്പെന്റുചെയ്യാൻ ആഭ്യന്തരവകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന ചോദ്യമുയരുന്നു. കേസ് ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് വ്യക്തമാക്കിയതെങ്കിലും ഇന്നലെ തന്നെ ക്രൈംബ്രാഞ്ച് സംഘം വിവരശേഖരണം തുടങ്ങിയതായാണ് അറിയുന്നത്.
അതേസമയം, കേസിൽ ഇന്നലെ സിഐയുടെ പീഡനത്തിന് ഇരയായ വനിതാ ഡോക്ടറിൽ നിന്ന് മൊഴിയെടുക്കുകയും മഹസ്സർ രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ സുൽഫിക്കറിന്റെ നേതൃത്വത്തിലായിരുന്നു ഡോക്ടറുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചത്. വീട്ടിൽ നിന്ന് സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് പൊലീസ് സംഘം കൊണ്ടുപോയെന്ന് ഡോക്ടർ മറുനാടനോട് വ്യക്തമാക്കി. എന്നാൽ ഇതിന് രേഖാമൂലം രസീത് ഒന്നും തന്നില്ലെന്നും അവർ പറഞ്ഞു. പീഡനക്കേസ് ആയതിനാൽ തുടർ നടപടികളുടെ ഭാഗമായി ഡോക്ടറെ ഇന്നെല വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. പൊലീസ് സംഘംതന്നെ ഡോക്ടറെ തൈക്കാട് ഗവ. ആശുപത്രിയിൽ എത്തിച്ചായിരുന്നു പരിശോധന. കേസുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലാണ് താനെന്ന് ഡോക്ടർ മറുനാടനോട് പറഞ്ഞു. ഇന്നലെ ആശുപത്രിയിൽ വച്ച് അവശതകൾ അനുഭവപ്പെട്ടതോടെ രക്തസമ്മർദ്ദ, ഇസിജി പരിശോധനകൾ നടത്തി. ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും ഇ.സിജിയിൽ വേരിയേഷൻ ഉണ്ടെന്നും അവർ പറഞ്ഞു.
ഏറെക്കാലം പീഡനമേറ്റ ഡോക്ടറിൽ നിന്ന് പരാതി പോലും സ്വീകരിക്കാതെ അവരെ വട്ടുംചുറ്റിച്ച ശേഷം ഒടുവിൽ സംഭവം വാർത്തയായതിന് പിന്നാലെയാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്. ഏതായാലും കേസ് വന്നതിന് പിന്നാലെ കേസിൽ നിന്ന് രക്ഷപ്പെടാനും വാദിയെ പ്രതിയാക്കാനുമുള്ള നീക്കങ്ങൾ പ്രതി സൈജുവിന്റെ നേതൃത്വത്തിൽ തുടങ്ങിയതായ സൂചനകൾ പുറത്തുവന്നിട്ടുണ്ട്. തനിക്കെതിരെ ഉയർന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ഡോക്ടറുമായും അവരുടെ ഭർത്താവുമായും നല്ല സൗഹൃദമാണ് ഉണ്ടായിരുന്നതെന്നുമാണ് സൈജു ഉന്നയിക്കുന്ന വാദം. ഇവരുടെ പെരുമാറ്റ രീതി മോശമാണെന്നും ഡോക്ടറും അവരുടെ പേരിൽ മറ്റുചിലരും തന്നെ ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ട് സമീപിച്ചെന്നും ഇതിനെതിരെ താനും ഭാര്യയും കഴിഞ്ഞമാസം റൂറൽ എസ്‌പിക്ക് പരാതി നൽകിയിരുന്നുവെന്നും ആണ് ഇപ്പോൾ പീഡനക്കേസ് വന്നതിന് പിന്നാലെ പ്രതി സൈജു ഉയർത്തുന്ന വാദം. എന്നാൽ സിഐ റാങ്കിലെ ഒരു ഉദ്യോഗസ്ഥനും ഭാര്യയും തങ്ങൾക്കെതിരെ ഭീഷണി ഉണ്ടായതായി റൂറൽ എസ്‌പി സ്ഥാനത്തുള്ള ഒരു ഉന്നത മേലുദ്യോഗസ്ഥന് പരാതി നൽകി ഒരുമാസമായിട്ടും അതിൽ ഇതുവരെ ഒരു കേസ്പോലും എടുക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം പ്രസക്തമാണ്. ഇത്തരമൊരു പരാതി ലഭിച്ചെങ്കിൽ എന്തുകൊണ്ട റൂറൽ എസ് പി അതിൽ ഒരു അന്വേഷണം പോലും നടത്തിയില്ലെന്ന് പീഡനത്തിനിരയായ വനിതാ ഡോക്ടറും ചോദിക്കുന്നു.
സ്റ്റേഷനിൽ പരാതി നൽകാനെത്തിയ പരിചയം നീണ്ടത് പീഡനത്തിലേക്ക്
അബുദാബിയിൽ ഡോക്ടറായി പ്രവർത്തിക്കുന്നതിനിടെ നാട്ടിൽ എത്തിയ യുവതി ഒരു കേസുമായി ബന്ധപ്പെട്ടാണ് മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. 2019 ഓഗസ്റ്റിൽ. അന്ന് സ്റ്റേഷനിൽ എസ്ഐ ആയിരുന്നു ഇപ്പോൾ കേസിൽ പ്രതിസ്ഥാനത്തുള്ള സിഐ സൈജു. മൊബൈൽ നമ്പർ വാങ്ങി കെണിയിൽ വീഴ്‌ത്തുകയായിരുന്നു ഉദ്യോഗസ്ഥനെന്നും വനിതാഡോക്ടർ നൽകിയ പരാതിയിൽ പറയുന്നു. വിദേശത്ത് ഡോക്ടറായിരുന്നു പരാതിക്കാരി. വിവാഹം കഴിഞ്ഞ് പത്ത് വർഷമായിട്ടും മക്കളില്ലായിരുന്നു. അങ്ങനെ നാട്ടിൽ ചികിൽസയ്ക്കായി എത്തി. പിന്നീട് ഭർത്താവ് മടങ്ങുകയും ചെയ്തു. ഇതിനിടെയാണ് വില്ലനായി പൊലീസുകാരൻ എത്തുന്നത്. ഇവർക്ക് ആ പൊലീസ് സ്റ്റേഷൻ പരിധിയിൽ കട മുറികളുണ്ടായിരുന്നു. അത് ചിലർക്ക് വാടകയ്ക്ക് നൽകി. ചില പ്രശ്നങ്ങളെ തുടർന്ന് അവരോട് ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ അതിന് വഴങ്ങിയില്ല. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിന് മുമ്പിലെത്തുന്നത്.
പൊലീസിന്റെ ഇടപെടലിൽ കടമുറി പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാൽ ഇതിന് പിന്നാലെ സൈജുവിന്റെ പെരുമാറ്റവും സ്വഭാവവും മാറിയെന്ന് പരാതിയിൽ പറയുന്നു. പരാതി നൽകിയ സമയം മൊബൈൽ നമ്പർ വാങ്ങിയിരുന്നു. എന്നാൽ കേസ് തീർന്നതിന് ശേഷവും സൈജു നിരന്തരം ഫോണിലൂടെയും വാട്സ്ആപിലൂടെയും ബന്ധപ്പെട്ടു. അങ്ങനെ പരിചയം ശക്തമായതിന് പിന്നാലെ കേസിൽ പ്രശ്നപരിഹാരം ഉണ്ടാക്കിത്തന്നതിന് ട്രീറ്റ് വേണമെന്നായി ആവശ്യം. അന്നേരം ഞാൻ സർജറി കഴിഞ്ഞ് വീട്ടിൽ കഴിയുകയായിരുന്നു. ഇതിനിടെ ഭർത്താവ് വിദേശത്തേക്ക് തിരികെ പോയി. 2019 ഒക്ടോബർ മൂന്നിന് രാത്രി ഒമ്പതുമണിയോടെ ഡിന്നർ കഴിക്കാൻ എന്നുപറഞ്ഞ് സൈജു വീട്ടിൽ വന്നു. നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസമാണ് എന്ന് പറഞ്ഞിരുന്നു. ആഹാരം കഴിക്കുന്നതിനിടെ വൈകാരികമായി ഇടപെട്ടു തുടങ്ങി. പിന്നീട് ബലപ്രയോഗത്തിലൂടെ എന്നെ കീഴ്പ്പെടുത്തി. സർജറി കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറഞ്ഞിട്ടും പോലും എന്റെ എതിർപ്പ് വകവയ്ക്കാതെ തന്നെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു - ഡോക്ടർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പിന്നീട് പലവട്ടം തന്നെ വീട്ടിലെത്തി പീഡിപ്പിച്ചെന്നും താൻ ഭാര്യയുമായി പിണക്കത്തിലാണെന്നും അവരുമായി ബന്ധം വേർപെടുത്തി തന്നെ കല്യാണം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഡോക്ടർ പരാതിയിൽ പറയുന്നു. പിന്നീട് തന്റെ കുടുംബം തകർന്നു. ഭർത്താവ് ഉപേക്ഷിച്ചു. മാതാപിതാക്കൾ മരിച്ച താൻ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായി. ഇതിനിടെയും പലകുറി സിഐ വീട്ടിൽ വന്നു. ഇതിനിടെ തന്നിൽ നിന്ന് പലതവണയായി ലക്ഷങ്ങൾ വാങ്ങുകയും ചെയ്തു. കൊല്ലത്തെ ബാങ്കിലെ നിക്ഷേപം പിൻവലിപ്പിച്ച് പള്ളിച്ചലിലെ ഒരു ബാങ്കിൽ നിക്ഷേപിക്കാൻ നിർബന്ധിച്ചു. അതിൽ നോമിനിയായി സൈജുവിന്റെ പേരാണ് നൽകിയിട്ടുള്ളത്. എൽഎൽബിക്ക് ഫീസടയ്ക്കാൻ എന്ന പേരിലുൾപ്പെടെ പലതവണ പണം തന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ജനുവരി 24ന് എന്റെ വീട്ടിൽ വന്ന് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് വന്നതാണെന്നാണ് പറഞ്ഞത്. അതിന് ഞാൻ വഴങ്ങിയില്ല. മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളപ്പോൾ ഇങ്ങനെ തുടരാൻ പറ്റില്ലെന്ന് പറഞ്ഞു. അന്ന് ദേഷ്യപ്പെട്ട് മടങ്ങിപ്പോയി. ഇതിന് പിന്നാലെ ഫോണിൽ നിരന്തരം വിളിച്ചെങ്കിലും ഞാൻ എടുത്തില്ല. തുടർന്ന് നാലുദിവസം കഴിഞ്ഞ് 28ന് വീട്ടിൽ വന്ന് ബലപ്രയോഗത്തിലൂടെ തന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. വഴങ്ങിയില്ല.. തുടർന്ന ഈ വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിയായി. അദ്ദേഹത്തിന്റെ ഭീഷണി ഇതിനകം തികച്ചും അനാഥയായിക്കഴിഞ്ഞിരുന്ന എന്നെ മാനസികമായി തകർത്തു. രക്തസമ്മർദ്ദം കൂടി. പിറ്റേന്ന് ഞാൻ പാങ്ങോട് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായി. - ഡോക്ടർ പരാതിയിൽ പറയുന്നു.
ഇത്രയും വ്യക്തമായി പരാതി നൽകിയിട്ടും കേസെടുക്കാതെ ഒളിച്ചുകളിച്ച പൊലീസ് ഒടുവിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ വാർത്തയായതിന് പിന്നാലെയാണ് ഇപ്പോൾ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ഇന്നലെ മഹസ്സർ രേഖപ്പെടുത്താൻ എത്തിയ പൊലീസ് സംഘം ഇന്നലെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് തന്നോട് പറഞ്ഞതെന്ന് ഡോക്ടർ മറുനാടനോട് വ്യക്തമാക്കി. അതേസമയം, തലസ്ഥാനത്ത് ഒരു വനിതാ ഡോക്ടർ ഇത്തരത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാൽ പീഡിപ്പിക്കപ്പെട്ട സംഭവം ചർച്ചയായിട്ടും ഇക്കാര്യത്തിൽ വനിതാ കമ്മീഷനും വിവിധ വനിതാ സംഘടനകളും സ്ത്രീപക്ഷവാദികളും പ്രശ്നം അറിഞ്ഞതായിപ്പോലും ഭാവിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ