- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാസ്റ്റിക് നിർമ്മാണത്തിന്റെ മറവിൽ അവിടെ നടന്നുവന്നതുകൊക്കെയ്ൻ ഉത്പാദനം; വെൽഡിങ് ജോലിക്കായി പോയവർ എത്തിയത് മാഫിയാ കേന്ദ്രത്തിൽ; ചതി തിരിച്ചറിഞ്ഞത് പൊലീസ് പിടിയിലായപ്പോൾ മാത്രം; മയക്കുമരുന്ന് കേസിൽ മലേഷ്യയിൽ ജയിലിലുള്ളത് നാല് മലയാളികൾ; മലേഷ്യൻ ജയിലിൽ വധശിക്ഷ കാത്തുകിടക്കുന്ന ഭർത്താവിന്റെ മോചനത്തിന് അഞ്ചു വയസുകാരനുമായി അഖിലയുടെ നെട്ടോട്ടം തുടങ്ങിയിട്ട് അഞ്ചു വർഷം; ചിറ്റാറിലെ യുവതിയുടെ കണ്ണീരൊപ്പാൻ സുഷമ്മയ്ക്കാകുമോ?
പത്തനംതിട്ട: ജോലി തേടി ഗൾഫിലേക്ക് പോകുന്നവരുടെ കൈയിൽ പലഹാരപ്പൊതിയാണെന്ന് പറഞ്ഞ് മയക്കുമരുന്ന് കൊടുത്തു വിടുകയും അവർ പിടിയിലായി ജയിലിൽ കഴിയുകയും ചെയ്യുന്നതിനെ കുറിച്ച് മുൻപ് പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വെൽഡിങ് ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിൽ ജോലി കൊടുത്ത് ഒടുവിൽ പൊലീസ് പിടിച്ചപ്പോൾ മാത്രം അതുകൊക്കെയ്ൻ നിർമ്മാണ കമ്പനിയാണെന്ന് അറിയുകയും പിന്നീട് വധശിക്ഷ കാത്ത് ജയിലിൽ ആവുകയും ചെയ്ത കഥ കേട്ടിട്ടുണ്ടോ? അത്തരമൊരു ചതിയിൽപ്പെട്ട യുവാവിന്റെ ജീവന് രക്ഷിക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി പിഞ്ചു മകനെയും ചേർത്ത് പിടിച്ച് അധികാരകേന്ദ്രങ്ങളുടെ പടി ചവിട്ടി മടുക്കുകയാണ് ഒരു യുവതി. ആ കണ്ണീർ ആരും കാണുന്നില്ല, കേൾക്കുന്നില്ല. മയക്കു മരുന്ന് നിർമ്മാണ കേസിൽ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലേഷ്യൻ ജയിലിൽ കഴിയുന്ന ചിറ്റാർ സ്വദേശി സജിത്ത് സദാനന്ദന്റെ(29) ഭാര്യ അഖിലയും മകൻ അഭിജിത്തുമാണ് അധികാരകേന്ദ്രങ്ങൾ തോറും അലയുന്നത്. ചെയ്യാത്ത കുറ്റത്തിന് അഞ്ചുവർഷം മുമ്പ് ഭർത്താവ് കോലാലമ്പൂരിൽ
പത്തനംതിട്ട: ജോലി തേടി ഗൾഫിലേക്ക് പോകുന്നവരുടെ കൈയിൽ പലഹാരപ്പൊതിയാണെന്ന് പറഞ്ഞ് മയക്കുമരുന്ന് കൊടുത്തു വിടുകയും അവർ പിടിയിലായി ജയിലിൽ കഴിയുകയും ചെയ്യുന്നതിനെ കുറിച്ച് മുൻപ് പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വെൽഡിങ് ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിൽ ജോലി കൊടുത്ത് ഒടുവിൽ പൊലീസ് പിടിച്ചപ്പോൾ മാത്രം അതുകൊക്കെയ്ൻ നിർമ്മാണ കമ്പനിയാണെന്ന് അറിയുകയും പിന്നീട് വധശിക്ഷ കാത്ത് ജയിലിൽ ആവുകയും ചെയ്ത കഥ കേട്ടിട്ടുണ്ടോ? അത്തരമൊരു ചതിയിൽപ്പെട്ട യുവാവിന്റെ ജീവന് രക്ഷിക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി പിഞ്ചു മകനെയും ചേർത്ത് പിടിച്ച് അധികാരകേന്ദ്രങ്ങളുടെ പടി ചവിട്ടി മടുക്കുകയാണ് ഒരു യുവതി. ആ കണ്ണീർ ആരും കാണുന്നില്ല, കേൾക്കുന്നില്ല.
മയക്കു മരുന്ന് നിർമ്മാണ കേസിൽ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലേഷ്യൻ ജയിലിൽ കഴിയുന്ന ചിറ്റാർ സ്വദേശി സജിത്ത് സദാനന്ദന്റെ(29) ഭാര്യ അഖിലയും മകൻ അഭിജിത്തുമാണ് അധികാരകേന്ദ്രങ്ങൾ തോറും അലയുന്നത്. ചെയ്യാത്ത കുറ്റത്തിന് അഞ്ചുവർഷം മുമ്പ് ഭർത്താവ് കോലാലമ്പൂരിൽ ജയിലിലായ വിവരമറിഞ്ഞതു മുതൽ ഈ സാധു യുവതി അധികൃതരുടെ കനിവ് തേടി അലയുകയാണ്. വേണ്ടത് ചെയ്യാം എന്ന ആശ്വാസ വചനങ്ങളിൽ വിശ്വസിച്ച് കഴിയുമ്പോഴാണ് ജനുവരിയിൽ സജിത്ത് സദാനന്ദൻ ഉൾപ്പെടെ നാല് മലയാളികളെ മയക്കുമരുന്നു കേസിൽ വധശിക്ഷയ്ക്ക് വിധിച്ചതായുള്ള വിവരം അറിയുന്നത്. മാനസികമായി തകർന്ന അഖില കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയിരിക്കുകയാണ് ഇപ്പോൾ.
സജിത്ത് സദാനന്ദനൊപ്പം പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രൻ (28), എരുമേലി സ്വദേശി എബി അലക്സ് (37), കൊല്ലം വർക്കല സ്വദേശി സുമേഷ് സുധാകരൻ (30) എന്നിവരാണ് മയക്കുമരുന്ന് മാഫിയയുടെ കെണിയിൽ അകപ്പെട്ട് കോലാലമ്പൂരിലെ ജയിലഴിക്കുള്ളിൽ മരണവും കാത്ത് കഴിയുന്നത്. മലേഷ്യയിൽ നേരത്തെ തന്നെ ജോലി ചെയ്തു വന്ന എരുമേലി സ്വദേശി എബി അലക്സിന്റെ പ്രേരണ മൂലമാണ് വെൽഡിങ് പഠിച്ച സജിത്ത് മലേഷ്യയിലേക്ക് ജോലി തേടി പോയത്.
ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും വിസയ്ക്കായി ഒരു ലക്ഷം മുൻകൂർ നൽകണമെന്നുമാണ് എബി അറിയിച്ചിരുന്നത്. ആദ്യ ഗഡുവായി അമ്പതിനായിരം രൂപ ചെന്നൈയിൽ താമസിക്കുന്ന ഏജന്റ് വർക്കല സ്വദേശി ഇക്ക എന്നുവിളിക്കുന്ന അനൂബിനും സഹോദരൻ മാമ എന്നു വിളിക്കുന്ന ഷാജഹാനും കൈമാറി. ബാക്കി തുക ശമ്പളത്തിൽ നിന്നും പിടിക്കുമെന്നാണ് ഇവർ അറിയിച്ചത്. ഇതേ തുടർന്ന് 2013 ജൂലൈ അഞ്ചിന് സജിത്ത് കോലാലമ്പൂരിലേക്ക് വിമാനം കയറി. ജൂലൈ ഒമ്പതിന് ജോലിയിൽ പ്രവേശിച്ചതായി അറിയിപ്പും ലഭിച്ചു.
വെൽഡിങ് ജോലിക്കെന്നുപറഞ്ഞ് മലേഷ്യയിൽ എത്തിയ സജിത്തിന് മെർക്കുറി എന്ന കമ്പനിയിൽ ലഭിച്ചത് മറ്റൊരു ജോലിയായിരുന്നു. ഇവിടെ പ്ലാസ്റ്റിക് നിർമ്മാണമാണ് നടക്കുന്നതെന്നും ക്ലീനിങ് ആണ് ജോലിയെന്നുമാണ് അഖിലയെ അറിയിച്ചിരുന്നത്. സ്ഥിരം വിസ എന്ന പേരിൽ ഏജന്റ് നൽകിയത് വിസിറ്റിങ് വിസ ആയിരുന്നുവെന്ന് പിന്നീട് മനസിലായി. പാസ്പോർട്ട് അടക്കമുള്ള എല്ലാ രേഖകളും കമ്പനി അധികൃതരുടെ പക്കലായിരുന്നു. കൂടാതെ പുറം ലോകവുമായി ബന്ധപ്പെടാൻ സജിത്തിനും കൂടെയുള്ളവർക്കും യാതൊരു അനുവാദവും ഇല്ലായിരുന്നു. താമസ സ്ഥലത്തു നിന്നും വാഹനത്തിൽ ജോലി സ്ഥലത്തെത്തിക്കും. വിജനമായ സ്ഥലത്ത് പ്രവർത്തിക്കുന്ന കമ്പനിയുടെ ക്ലീനിങ് സെക്ഷൻ ഒഴികെ മറ്റൊരിടത്തേക്കും ഇവർക്ക് പ്രവേശിക്കാൻ അനുമതിയും ഇല്ലായിരുന്നു.
ബന്ധുക്കൾക്ക് ഫോൺ ചെയ്യണമെങ്കിൽ കമ്പനി അധികൃതർ അറിഞ്ഞിരിക്കണമെന്നായിരുന്നു നിബന്ധന. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശഷം മറ്റാരുടെയൊ ഫോണിൽ നിന്നും സജിത്ത് താനുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് അഖില പറഞ്ഞു. എന്നാൽ പെട്ടെന്ന് എല്ലാം നിലച്ചു. 2013 ജൂലൈ 26ന് പുലർച്ചെ സജിത്ത് താമസിച്ചിരുന്ന സ്ഥലത്ത് പൊലീസ് റെയ്ഡ് നടന്നു. മലേഷ്യൻ സ്വദേശിയായ നാഗരാജൻ എന്നയാളിന്റെ ബാഗിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി. റൂമിൽ ഉണ്ടായിരുന്ന നാഗരാജൻ, ചിറ്റാർ സ്വദേശി സിജോ തോമസ്, മാവേലിക്കര സ്വദേശി രതീഷ് രാജൻ, വർക്കല സ്വദേശി മുഹമ്മദ് ഷബീർ ഷാഫി, ചെന്നെ സ്വദേശി ഷാജഹാൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തുമിനിറ്റിന് ശേഷം കമ്പനിയിലും റെയ്ഡ് നടന്നു. അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സജിത്ത് സദാനന്ദൻ, എരുമേലി സ്വദേശി എബി അലക്സ്, പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രൻ, വർക്കല സ്വദേശി സുമേഷ് സുധാകരൻ, മലേഷ്യക്കാരൻ സർഗുണൻ എന്നിവർ പൊലീസ് പിടിയിലായി.
മയക്കുമരുന്നിനെപ്പറ്റി തങ്ങൾക്ക് ഒന്നും അറിയില്ലെന്നും കമ്പനി അധികൃതർ വക്കീലിനെ നിയമിച്ചിട്ടുണ്ടെന്നുമാണ് പിന്നീട് സജിത്ത് അഖിലയെ അറിയിച്ചത്. ഇതു സംബന്ധിച്ച് ഇന്ത്യാ ഗവണ്മെന്റിൽ പരാതിപ്പെടരുതെന്നും അങ്ങനെ സംഭവിച്ചാൽ ജീവൻ അപകടത്തിലാകുമെന്നും സജിത്ത് പറഞ്ഞിരുന്നു. പിന്നീട് ഇടയ്ക്ക് സജിത്ത് അഖിലയെ വിളിക്കുമായിരുന്നു. വൈകാതെ ജയിൽ മോചിതനാകുമെന്ന് ഓരോ തവണ വിളിക്കുമ്പോഴും സജിത്ത് പറയുമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ചിറ്റാർ സ്വദേശി സിജോ തോമസ്, മവേലിക്കര സ്വദേശി രതീഷ് രാജൻ, വർക്കല സ്വദേശി മുഹമ്മദ് കബീർ ഷാഫി എന്നിവർ ജയിൽ മോചിതരായി. ഒടുവിൽ മലേഷ്യയിൽ നിന്നും ഇറങ്ങുന്ന ഓൺലൈൻ മാധ്യമങ്ങൾ വഴിയാണ് സജിത്ത് അടക്കം നാലുപേരെ മയക്കുമരുന്ന് കേസിൽ വധശിക്ഷയ്ക്ക് വിധിച്ച വിവരം അഖില അറിയുന്നത്.
വെൽഡിങ് ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് മലേഷ്യയിൽ എത്തിയ സജിത്തും കൂട്ടുകാരും യഥാർഥത്തിൽ മയക്കുമരുന്ന് നിർമ്മാണ ശാലയിലാണ് എത്തിയതെന്നാണ് വിവരം. പ്ലാസ്റ്റിക് നിർമ്മാണത്തിന്റെ മറവിൽ അവിടെ നടന്നുവന്നതുകൊക്കെയ്ൻ ഉത്പാദനമായിരുന്നുവെന്നാണ് സംശയിക്കുന്നത്.
ഭർത്താവിനെ രക്ഷിക്കാൻ അഞ്ചുവർഷം മുമ്പ് കൈക്കുഞ്ഞുമായി ഇറങ്ങിത്തിരിച്ച അഖിലയ്ക്ക് കരയാൻ കണ്ണീർ ബാക്കിയില്ല. ഇതിനിടെ ജയിൽ മോചിതരായി നാട്ടിലെത്തിയവർ ഒന്നും തുറന്നു പറയാത്തതും സംശയത്തിന് ഇട നൽകുന്നു. ഇവർ മാപ്പു സാക്ഷികളായിട്ടാണ് ജയിൽ മോചിതരായത് എന്ന് സംശയിക്കപ്പെടുന്നു. അവിടെ എന്താണ് നടന്നത് എന്ന് ഇവർക്ക് അറിയാമെങ്കിലും ഒന്നും വിട്ടു പറയാൻ തയാറാകുന്നില്ല.