അൽഖോബാർ: വൃത്തിയും വെടിപ്പുമില്ലാതെ, അന്തസായി വസ്ത്രം ധരിക്കാതെ നടക്കുന്നവർക്ക് ഈ മാളിൽ പ്രവേശനമില്ല. കൂടാതെ വളർത്തുമൃഗങ്ങളുമായിട്ടാണ് എത്തിയിട്ടുള്ളതെങ്കിൽ ഒരു കാരണവശാലും ഇവിടെ കയറ്റുകയില്ല. ഈസ്റ്റേൺ പ്രൊവിൻസിലെ ഒരു മാളിലാണ് പ്രവേശനത്തിന് ഏറെ നിബന്ധനകൾ വച്ചിരിക്കുന്നത്.

മുട്ടിനു മുകളിൽ നിന്നുള്ള പൈജാമ, ഷോർട്‌സ്, നീട്ടിവളർത്തി, ചീകിയൊതുക്കാത്ത മുടി, വളർത്തുമൃഗങ്ങൾ കൂടെയുള്ളവർ, സ്‌കേറ്റ് ബോർഡിൽ എത്തുന്നവർ തുടങ്ങിയവർക്കാണ് ഈ മാളിൽ പ്രവേശനം നിഷേധിച്ചിട്ടുള്ളത്. അൽഖോബാർ റോഡിലെ റാഷിദ് കോംപ്ലക്‌സിലാണ് നിബന്ധനകൾക്കു വിധേയമായി ആളുകളെ കയറ്റുന്നത്. ഈ നിബന്ധനകൾ എഴുതിയ നോട്ടീസുകൾ മാളിലെ എല്ലാ പ്രവേശന കാവടങ്ങളിലും പതിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക് മൂല്യങ്ങൾക്കു വിരുദ്ധമായി വസ്ത്രം ധരിച്ചെത്തുന്നവർ പതിവായതോടെയാണ് ഇക്കൂട്ടർക്ക് നിരോധനം ഏർപ്പെടുത്തിയതെന്ന് മാനേജർ ഫൗദ് അൽ ഫക്രി വ്യക്തമാക്കി.

സമൂഹത്തിന്റെ അന്തസിന് ചേരാത്ത വസ്ത്രം ധരിച്ചെത്തുന്നവരെക്കുറിച്ച് ഏറെ പരാതികളും ലഭിക്കാറുണ്ടെന്നും അൽഫക്രി പറയുന്നു. മാളിനുള്ളിൽ പുകവലിയും നിരോധിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകൾ തെറ്റിക്കുന്നവരെ സമാധാനപരമായി പുറത്തേക്ക് കൊണ്ടുപോകുകയാണെന്നും ഇതിന്റെ പേരിൽ ബലപ്രയോഗമൊന്നും നടത്തേണ്ടി വരുന്നില്ലെന്നും അൽ ഫക്രി വ്യക്തമാക്കി.