കോട്ടയം: മാദ്ധ്യമങ്ങളെ നിലനിർത്തുന്നത് വൻകിടക്കാരുടെ പരസ്യങ്ങൾ തന്നെയാണ്. അതുകൊണ്ട് തന്നെ, ഇത്തരക്കാരുടെ നിയമലംഘനങ്ങൾ മാദ്ധ്യമങ്ങളിൽ വാർത്തയാകാറില്ല. കോട്ടയത്ത് ഉദ്ഘാടനം ചെയ്യാൻ പോകുന്ന ജോയ് ആലുക്കാസിന്റെ വൻകിട മാൾ മാൾ ഓഫ് ജോയ് യുടെ നിർമ്മാാണത്തിലെ നിയമലംഘനം മറുനാടൻ മലയാളി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, മുഖ്യധാരാ മാദ്ധ്യമങ്ങൾക്കും ചാനലുകൾക്കും ഇതൊന്നും വാർത്തയല്ല. പരസ്യം തരുന്ന സ്ഥാപനത്തെ പിണക്കാതെ അവർക്ക് വേണ്ടി വാതോരാതെ ശബദ്ധിക്കുകയാണ് ചാനലുകൾ. മലയാളത്തിലെ മിക്ക ചാനലുകളിലും ഒരാഴ്‌ച്ചയായി മാൾ ഓഫ് ജോയിയുടെ ഉദ്ഘാടനം സംബന്ധിച്ച പരസ്യങ്ങൾ വന്നുതുടങ്ങി.

പത്രങ്ങളിലാകട്ടെ മാൾ ഓഫ് ജോയ് നൽകുന്ന എൻജോയ്‌മെന്റെ സംബന്ധിച്ച വർണ്ണനകൾ തന്നെ തുടങ്ങിയിട്ടുണ്ട. ജൂൺ 11ാം തീയ്യതിയാണ് കോട്ടയത്ത് മാൾ ഓഫ് ജോയ് പ്രവർത്തനം തുടങ്ങുന്നത്. കേരളത്തിലെ പത്രങ്ങളുടെ മുഖ്യവരുമാന സ്‌ത്രോതസ്സായ ജോയ് ആലുക്കാസിന്റെ പുതിയ സംരംഭം കോട്ടയത്ത് വരുന്നത് പത്രങ്ങൾക്കെല്ലാം ചാകരയാണ്. ഇന്ന് ദീപിക അടക്കമുള്ള പത്രങ്ങളിൽ വിശദമായി തന്നെ മാൾ ഓഫ് ജോയി നൽകുന്ന ഷോപ്പിങ് വിസ്മയത്തെ കുറിച്ചാണ് ദീപികയിലെ പ്രത്യേക ലേഖനം.

ഗ്രൗണ്ട് ഫ്‌ളോർ ഉൾപ്പെടെ രണ്ട്ു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ഉയർന്ന അഞ്ചു നിലകളിലായി വാങ്ങാനും സമ്മാനിക്കാനും കൊതിക്കുന്ന സാധനങ്ങളുടെ വലിയൊരു കമ്പോളം. മാളിനുള്ളിൽ ജോളി സിൽക്ക്, ജോയ് ആലുക്കാസ് ജൂവലറി തുടങ്ങി ജോയ് ആലുക്കാസിന്റെ മാത്രം മുപ്പതിലേറെ ഷോപ്പുകൾ. പുറത്തുനിന്നുള്ള ഡീലർമാരുടെ ഇരുപതിലേറെ ഷോപ്പുകൾ വേറെയും. ഒരേസമയം അയ്യായിരത്തിലേറെപ്പേർക്ക് ഷോപ്പിങ് നടത്താവുന്ന ബഹുനില മാൾ പൂർണമായി ശീതികരിച്ചതാണ്.

ഉപഭോക്താക്കൾക്ക് പരമാവധി സംതൃപ്തിയും സൗകര്യവും ഒരുക്കി പ്രവർത്തനം തുടങ്ങുന്ന മാളിൽ ആയിരം ജോലിക്കാരുണ്ടാകും. ബേസ്‌മെന്റിൽ മൂന്നു നിലകളിലായി 200 കാറുകളും 100 ബൈക്കുകളും പാർക്കു ചെയ്യാൻ ഇടമുണ്ട്. അഞ്ചു നിലകളിലേക്കും ലിഫ്റ്റ് സൗകര്യവും ഓരോ നിലകളിലും എസ്‌കലേറ്ററും പ്രവർത്തിക്കും...... ഇങ്ങനെ പോകുന്നു ദീപികയിലെ ജോയ് ആലുക്കാസിനെ തുടർന്നുള്ള വർണ്ണനകൾ. മിക്ക പത്രങ്ങളിലും ചാനലുകളിലും പരസ്യങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്.

ഇങ്ങനെ ജോയ് മാളിനെ വർണ്ണിച്ച് വാർത്ത നൽകിയ പത്രങ്ങളെല്ലാം മാളിന്റെ നിയമലംഘനത്തെ കുറിച്ച് മൗനം പാലിക്കുകയായിരുന്നു. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയുള്ള ജോയ് മാളിന്റെ നിർമ്മാണത്തിനെതിരെ പരിസരവാസികൾ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമെടുക്കാൻ മുൻസിപ്പൽ അധികൃതർ തയ്യാറായിരുന്നില്ല. പത്ര ഓഫീസുകൾ കയറി ഇറങ്ങിയിട്ടും ഒരു കോളം വാർത്തപോലും വാർത്ത നൽകാൻ ആരും തയ്യാറായിരുന്നില്ല.

കേരളത്തിലെ അതിസമ്പന്നരിലെ മുമ്പനായ ജോയ് ആലുക്കാസിന്റെ ഉടമസ്ഥതയിൽ കോട്ടയം നഗരത്തിൽ സ്ഥിതി ചെയ്യുന്ന 'മാൾ ഓഫ് ജോയ്'യിൽ അനധികൃതമായി കെട്ടിട നിർമ്മാണം നടത്തുന്നത് പരിസരവാസികളെ ബുദ്ധിമുട്ടിലാക്കുന്ന വിധത്തിലാണ്. കോട്ടയം തിരുനക്കര ഈസ്റ്റ് റെസിഡൻസ് അസോസിയേഷനാണ് മാൾ ഓഫ് ജോയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കോട്ടയത്ത് മാൾ ഓഫ് ജോയ് സ്ഥിതി ചെയ്യുന്ന ബേക്കർ ജംഗ്ഷന് പിൻഭാഗത്തുള്ള റോഡിനോട് ചേർന്നുള്ള റസിഡൻസ് അസോസിയേഷൻകാരാണ് തിരുനക്കര ഈസ്റ്റ്. മാളിന്റെ അംഗീകൃത പ്ലാൻ പരിശോധിക്കുമ്പോൾ പരിസരവാസികൾക്ക് യാത്ര ചെയ്യാനുള്ള റോഡിന്റെ പ്രവേശന കവാടത്തെ തടസ്സപ്പെടുത്തുന്നതാണ്. സമീപത്തുള്ള വീതി കുറഞ്ഞ റോഡ് മാൾ അധികൃതരുടെ പ്രവേശന കവാടമായി മാറുകയാണ് ചെയ്യുന്നത്. ഇത് തങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുമെന്ന് ബോധ്യമായതോടെയാണ് മാളിനെതിരെ പരിസരവാസികൾ പരാതി നൽകിയത്.

മാളിലേക്കുള്ള പ്രവേശന കവാടം നിർമ്മിക്കുമ്പോൾ തങ്ങളുടെ 2.5 മീറ്റർ വീതിയുള്ള റോഡിന്റെ കാര്യം പരിഗണിച്ചില്ലെന്നാണ് പരിസരവാസികളുടെ പരാതി. പകരം പ്ലാൻ പ്രകാരം റോഡ് മാളിന്റെ റോഡായി മാറുകയുയും ചെയ്തു. ഇവിടെ ഇപ്പോൾ നടക്കുന്ന നിർമ്മാണ കിഴക്കേതിൽ ലെയിനിലേക്കുള്ള പ്രവേശന കവാടത്തെ അവഗണിച്ചു കൊണ്ടുള്ളതാണ്. കോട്ടയം മുൻസിപ്പാലിറ്റി ടൗൺ പ്ലാനർക്ക് പ്രസ്തുത പ്ലാൻ നൽകിയ ശേഷം അനുമതി കൂടാതെ തന്നെ മാൾ അധികൃതർ നിർമ്മാണം തുടങ്ങുകയായിരുന്നു.

പ്ലാൻ നല്കി അനുവാദം വാങ്ങാതെ റോഡിലേക്ക് അഞ്ച് മീറ്റർ വീതിയിലുള്ള പ്രവേശന കവാടമാണ് മാൾ അധികൃതർ നിർമ്മിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തിരുനക്കര ഈസ്റ്റ് റെസിഡൻസ് അസോസിയേഷൻ പരാതി നൽകുകയായിരുന്നു. മാൾ അധികൃതരുടെ ഭാഗത്തു നിന്നും നടക്കുന്നത് അനധികൃത നിർമ്മാണം ആണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നിട്ടും മാൾ അധികാരികൾ നിർമ്മാണം തുടർന്നു പോകുകയായിരുന്നു.

കിഴക്കേതിൽ ലെയിനിനോട് ചേർന്ന് എട്ട് എംഎം കമ്പിയിട്ട് കോൺക്രീറ്റ് ഭിത്തികൾ നിർമ്മിച്ച് നിർമ്മാണം തകൃതിയായി നടക്കുകയാണ് ഇവടെ ചെയ്തത്. സാമ്പത്തികമായും രാഷ്ട്രീയമായും ഉന്നതരായ മാൾ ഓഫ് ജോയ്ക്കെതിരെ ചെറുവിരൽ അനക്കാൻ പോലും ആരും തയ്യാറല്ലെന്നതാണ് യാഥാർത്ഥ്യം. 25ഓളം കുടുംബങ്ങളാണ് കിഴക്കേതിൽ ലെയിനിൽ മാളിന് പിന്നിലായി താമസിക്കുന്നത്. നെഞ്ചുരോഗ വിഗദ്ധനായ പ്രമുഖ ഡോക്ടർ അടക്കം ഈ ലെയിനിലാണ് താമസിക്കുന്നത്. അദ്ദേഹത്തെ കാണാനായി ആംബുലൻസിൽ പോലും രോഗികൾ എത്താറുണ്ട് താനും. മാളിന്റെ പ്രവേശന കവാടമായി ഇത് മാറുമ്പോളുണ്ടാകുന്ന തിരക്ക് തങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുകയും സുഗമമായ ഗതാഗതത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് പരിസര വാസികളുടെ ആശങ്ക.

ഈ ആശങ്കകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ റെസിഡൻസ് അസോസിയേഷൻകാർ സമീപിച്ചിരുന്നു. ഇത് പ്രകാരം പരിസരവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് മുൻസിപ്പൽ അധികൃതരോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, അതൊന്നും വകവെക്കാതെയാണ് മാൾ നിർമ്മാണം തുടങ്ങിയത്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണ് കെട്ടിട നിർമ്മാണം തുടർന്നു വന്നതും. അനധികൃത നിർമ്മാണം തടുക്കാൻ യാതൊരു നടപടിയും അവർ സ്വീകരിക്കുകയുമുണ്ടായില്ല. ഇതേക്കുറിച്ച് മൗനം പാലിച്ച മാദ്ധ്യമങ്ങളാകട്ടെ ഇപ്പോൾ മാളിന്റെ സൗന്ദര്യത്തെ കുറിച്ച് വാചാലരാകുകയും ചെയ്യുന്നു.

തൃശൂരിനുശേഷം ജോയ് ആലുക്കാസിന്റെ രണ്ടാമത്തെ മാളാണു കോട്ടയത്തു ഈ ശനിയാഴ്‌ച്ച പ്രവർത്തനം തുടങ്ങുന്നത്. മൂന്നാമത്തെ മാൾ വൈകാതെ തിരുവനന്തപുരം അട്ടക്കുളങ്ങര ജോയ് ആലുക്കാസ് ജൂവലറിയോടു ചേർന്ന് പ്രവർത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലും പുറത്തുമായി 120 ജൂവലറികളുള്ള ജോയ് ആലുക്കാസ് വൈകാതെ അമേരിക്കയിലും കാനഡയിലും ആഭരണ ഷോറൂമുകൾ തുടങ്ങും. ഇതിനൊപ്പം ആലപ്പുഴ, പെരിന്തൽമണ്ണ, മലപ്പുറം എന്നിവിടങ്ങളിൽ ഷോറൂമുകൾ ഒരുങ്ങുന്നു. കോട്ടയം മാൾ ഓഫ് ജോയിയുടെ താഴത്തെ നിലയിൽ വിശാലമായ ജൂവലറിയും രണ്ടാം നിലയിൽ ജോളി സിൽക്ക്‌സുമാണുള്ളത്.