തിരുവനനന്തപുരം: മലയാളി സിനിമയിലെ സൂപ്പർസ്റ്റാർ മോഹൻലാലിനോളം ജനഹൃദയങ്ങളിൽ ഇടംപിടിച്ച മറ്റൊരു നടൻ ഉണ്ടാകില്ല. വൃദ്ധർ മുതൽ കുട്ടികൾ വരെയുള്ളവർക്ക് മോഹൻലാൽ ലാലേട്ടനാണ്. അതുകൊണ്ട് തന്നെ മോഹൻലാലിന് വലിയൊരു ആരാധകവൃന്ദം ഉണ്ട്. ലാലിന്റെ ഈ ആരാധകരെ ലക്ഷ്യമിട്ടുകൊണ്ടാണ് മഞ്ജു വാര്യരുടെ പുതിയ സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ഏറെ ശ്രദ്ധ നേടിയിരുന്നു. നടി മല്ലിക സുകുമാരൻ ലാലിനെ കുറിച്ചുള്ള ഓർമ്മകൾ ഓർത്തെടുക്കുകയും ചെയത്ു.

സിനിമയുടെ ചരിത്രം എഴുതുമ്പോൾ ലോകസിനിമയിൽത്തന്നെ ഒന്നാമത് നിൽക്കുന്ന പേരാണ് മോഹൻലാലിന്റേതെന്നാണ് നടി മല്ലിക സുകുമാരൻ അഭിപ്രായപ്പെട്ടത്. മഞ്ജു വാര്യർ നായികയാകുന്ന മോഹൻലാൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മല്ലിക. മോഹൻലാലിനെ കുറിച്ചുള്ള പഴയകാല ഓർമകൾ മല്ലിക വേദിയിൽ പങ്കുവെച്ചപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സദസ് വരവേറ്റത്.

അന്നുമുതൽ ഇന്നുവരെ എല്ലാവരോടും ഒരുപോലെയുള്ള മനുഷ്യസ്നേഹവും ഗുരുത്വവും ഉള്ളവ്യക്തിയാണ് ലാൽ. സിനിമയിലൊക്കെ എത്തിക്കഴിയുമ്പോൾ അതൊക്കെ പലരിലും മങ്ങിപ്പോകാറുണ്ട്. പക്ഷെ എന്റെ മക്കളോട് ഞാൻ എപ്പൊഴും പറയും. ലാലേട്ടനെ കണ്ട് പഠിക്കണം.

മോഹൻലാൽ എന്ന ഒരു പേരുണ്ടായ ചിത്രത്തിൽ എന്റെ മകൻ ഇന്ദ്രജിത് അഭിനയിച്ചു എന്ന് പറയുമ്പോൾ അത് വലിയ കാര്യമാണ്, അതും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന മഞ്ജുവിന്റെ കൂടെ. മല്ലിക സുകുമാരൻ പറഞ്ഞു.