കണ്ണൂർ: തെരുവു കച്ചവടക്കാരൻ വില്പനക്കു വെച്ച ഭക്ഷ്യ ആവശ്യത്തിനുള്ള പച്ചക്കറി വിഭവങ്ങൾ കോർപ്പറേഷൻ അധികൃതർ മാലിന്യ വണ്ടിയിൽ കയറ്റികൊണ്ടു പോയത് വിവാദമാവുന്നു. കോർപ്പറേഷനകത്തെ ഫുട്പാത്തുകളും തെരുവുകളും അനധികൃത കച്ചവടക്കാരും അന്യ സംസ്ഥാന വാണിഭക്കാരും കയ്യടക്കി വെച്ചതിനെതിരെ ചെറുവിരൽ അനക്കാത്ത അധികാരികൾ പച്ചക്കറി കച്ചവടക്കാരൻ വില്പനക്കു വെച്ച വിഭവങ്ങൾ മാലിന്യ വണ്ടിയിൽ കയറ്റി കൊണ്ടു പോയത് പ്രതിഷേധത്തിന് ഇടം നൽകിയിരിക്കയാണ്. മല്ലു സൈബർ വാരിയേഴ്‌സ് ഉയർത്ത വിഷയം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു.

സ്റ്റേഡിയം കോർണറിൽ ആർക്കും തടസ്സമില്ലാതെ ഗ്രാമീണ പച്ചക്കറി വിഭവങ്ങൾ വിറ്റുവരവേയാണ് കോർപ്പറേഷൻ അധികാരികൾ കച്ചവടക്കാരനെ ഒഴിപ്പിക്കുകയും വിൽക്കാൻ വെച്ച പച്ചക്കറികൾ മാലിന്യ വണ്ടിയിൽ കോർപ്പറേഷൻ ആസ്ഥാനത്തുകൊണ്ടു പോവുകയും ചെയ്തത്. വഴിയോര കച്ചവടം നടത്താൻ 13,409 രൂപ ഫീസ് അടച്ച കച്ചവടക്കാരനാണ് ഈ ദുര്യോഗം. ഗ്രാമങ്ങളിൽ നിന്നും ശേഖരിച്ച പച്ചക്കറികൾ കണ്ണൂരിലെത്തിച്ച് വിൽപ്പന നടത്തി വരികയായിരുന്ന ഇരുവേരിയിലെ മൊട്ടമ്മൽ നാസറിനാണ് ഇത്തരം ഒരു അനുഭവമുണ്ടായത്. അഞ്ച് ദിവസത്തെ കച്ചവടത്തിനാണ് കോർപ്പറേഷൻ നാസറിന് അനുമതി നൽകിയത്.

അനുവദിച്ച സമയം കഴിഞ്ഞതിനാൽ പച്ചക്കറികൾ എടുത്ത് മാറ്റുകയായിരുന്നുവെന്ന് കോർപ്പറേഷൻ അധികാരികൾ പറയുന്നു. എന്നാൽ ഭക്ഷ്യാവശ്യത്തിനുള്ള പച്ചക്കറികൾ മാലിന്യ വണ്ടിയിൽ കൊണ്ടു പോയതിനെ അവർക്ക് ന്യായീകരിക്കാൻ ആവുന്നില്ല. തലേ ദിവസം 1465 രൂപ വിൽപ്പന അനുമതിക്ക് അടച്ചതായി നാസർ പറയുന്നു. പച്ചക്കറികൾ മാലിന്യ വണ്ടിയിൽ കയറ്റികൊണ്ടു പോയതറിഞ്ഞ കെ.എസ്. യു. പ്രവർത്തകർ കോർപ്പറേഷൻ സെക്രട്ടറിയെ ഉപരോധിച്ചു. കെ.എസ്. യു ഭാരവാഹികളായ സുധീപ് ജയിംസ്, എ. ഹരി, ഷിബിൻ ഷിബു, ഫർഹാൻ മുണ്ടേരി, എന്നിവർ നേതൃത്വം നൽകി.

പച്ചക്കറി മാലിന്യ വണ്ടിയിൽ കയറ്റുമ്പോൾ തന്നെ അവിടെയെത്തിയ ജനങ്ങൾ കോർപ്പറേഷൻ നടപടിയെ തെറിവിളിയോടെയാണ് സ്വീകരിച്ചത്. ജനങ്ങളുടെ പ്രധാനപ്പെട്ട സഞ്ചാര പാതകൾ പോലും കയ്യേറി കച്ചവടം നടത്തുന്നവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത കോർപ്പറേഷൻ തടസ്സമൊന്നുമില്ലാതെ പച്ചക്കറി വ്യാപാരം നടത്തുന്ന സ്ഥലത്തു നിന്നും ഒഴിവാക്കിയതിനു പിന്നിൽ കോഴപ്രശ്നമാണെന്നും ആരോപിക്കുന്നു. മറ്റാരുടേയോ താത്പര്യത്തിന് വിധേയമായാണ് കോർപ്പറേഷൻ ഇത്തരം നടപടിക്കൊരുങ്ങിയതെന്നും ജനങ്ങൾ പറയുന്നു. കണ്ണൂർ കോർപ്പറേഷന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഫുട്പാത്തിലെ കച്ചവടം പലപ്പോഴും സാധാരണക്കാർക്ക് ആശ്വാസമാണ്. വില കുറച്ച് സാധനം കിട്ടുന്ന വിപണിയാണ് ഇത്. എന്നാൽ വൻകിടക്കാർക്ക് ഇതിനോട് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ ഇത്തരം കച്ചവടക്കാരെ ഭരണകൂടങ്ങൾ കുടിയൊഴുപ്പിക്കാറുമുണ്ട്. എന്നാൽ കുടിയൊഴുപ്പിക്കലിന്റെ പേരിൽ പാവങ്ങളുടെ സമ്പാദ്യം തട്ടിയെടുക്കുന്നത് ശരിയോ? ഇതാണ് മല്ലു സൈബർ സോൾജിയേഴ്സ് ഉയർത്തുന്ന ചോദ്യം. കണ്ണൂരിൽ നിന്നുള്ള വ്യത്യസ്ത വീഡിയോവുമായാണ് സൈബർ സോൾജിയേഴ്സിന്റെ ഇടപെടൽ.

ഇതു സംബന്ധിച്ച വീഡിയോയ്ക്ക് ഒപ്പം സൈബർ സോൾജിയേഴ്സ് ഇട്ട കുറിപ്പ് ഇങ്ങനെ: പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കൈ ഇട്ടു വാരാൻ എന്തു ഉത്സാഹം എന്തൊരു ആവേശം. കണ്ണൂർ കോർപ്പറേഷൻ ജീവനക്കാർ കാട്ടിയ നന്മയുടെ പ്രവർത്തി. ഇതു വല്ല കാശുകാരന്റെ അടുത്തു എങ്ങാനും കാട്ടാനുള്ള ധൈര്യം ഈ വഴപിണ്ടികൾക്കു ഉണ്ടോ ആവോ. അവിടിരിക്കാൻ അവകാശം ഇല്ലങ്കിൽ ആ വില്പനകരനോട് അവിടുന്നു എടുത്തുമാറ്റാൻ പറയണം അതാണ് മാന്യത, അല്ലാതെ അതു വാരി ഇട്ടുകൊണ്ട്പോയി വീട്ടുകാർക്ക് തിന്നാൻകൊടുക്കാൻ നിനക്കൊക്കെ നാണവും മാനവും വേണമെടോ.

കൃഷിവകുപ്പ് മുതലാളി ഇതൊക്കെകാണുമെന്നു വിചാരിക്കുന്നു. പാവപ്പെട്ടവരുടെ വിലാപം കേൾക്കുക ഇല്ലങ്കിൽ ഒരുകാലത്ത് ഈ ജനങ്ങൾ ഇതുപോലുള്ളവരെ വിലാപയാത്രയായക്കും.കേരളാ മുഖ്യമന്ത്രിയുടെ അടുത്തു എത്തുംവര ഷെയർ ചൈയ്യുക. നേരിനും നെറിക്കുമൊപ്പം മല്ലു സൈബർ സോൾജിർസ്..-ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. വീഡിയോയിൽ പിണറായി സർക്കാരിനെ പേരെടുത്ത് വിമർശിക്കുന്നുമുണ്ട്. നമ്മുടെ പിണറായി സർക്കാരാണ് ഭരിക്കുന്നത്. എന്നിട്ടാണ് ഇങ്ങനെ-വീഡിയോ റിക്കോർഡ് ചെയ്തയാൾ ഇടയ്ക്ക് ഇത് പറയുന്നുമുണ്ട്.