- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നെ ട്രാൻസ്പോർട്ട് മിനിസ്റ്ററാക്കൂ; മോദിഫിക്കേഷന് അനുമതി ഞാൻ തരാം'; പഴയ വീഡിയോ 'കുത്തിപ്പൊക്കി'യതിന് പിന്നാലെ നിലപാട് മാറ്റി മല്ലു ട്രാവലർ; ഇവിടുത്തെ നിയമം ലംഘിക്കാൻ ഒരു താൽപര്യവുമില്ല; ഷാക്കിർ സുബ്ഹാന്റെ വിശദീകരണം ഇങ്ങനെ
കൊച്ചി: തന്നെ ഗതാഗത മന്ത്രിയാക്കിയാൽ വണ്ടി ഏതു തരത്തിലും മോദിഫിക്കേഷൻ നടത്താൻ അനുമതി നൽകാമെന്ന് പറഞ്ഞതിന്റെ പേരിൽ പുലിവാലു പിടിച്ച മലയാളി വ്‌ലോഗറായ മല്ലു ട്രാവലർ ഷാക്കിർ സുബ്മാൻ ഒടുവിൽ വിശദീകരണവുമായി രംഗത്ത്. മല്ലു ട്രാവലർ എന്ന പേരിൽ പ്രശസ്തനായ കണ്ണൂർ ഇരിട്ടി സ്വദേശിയായ വിഡിയോ വ്‌ലോഗർ ഷാക്കിർ സുബ്ഹാൻ ആണ് വിശദീകരണ വിഡിയോയുമായി രംഗത്ത് എത്തിയത്.
വിവാദ പരാമർശം നടത്തിയ വിഡിയോ ഒരു വർഷം മുമ്പുള്ളതാണെന്നും അന്ന് തന്നെ വാഹനത്തെ കുറിച്ച് മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചിരുന്നതായും മല്ലു ട്രാവലർ പറയുന്നു. രണ്ട് വ്‌ളോഗേഴ്‌സിന്റെ തെറ്റിന് മുഴുവൻ വ്‌ളോഗേഴ്‌സിനെയും കുറ്റക്കാരാക്കുന്നതായും തന്റെ ആമിനയെന്ന ബൈക്ക് കേരളത്തിൽ മോദിഫിക്കേഷനോടെ ഓടിച്ചിരുന്നില്ലെന്നും ഷാക്കിർ വ്യക്തമാക്കി.
തന്നെ കേരളത്തിലെ ഗതാഗത മന്ത്രിയാക്കിയാൽ വാഹനത്തിൽ പത്തോ ഇരുപതോ ടയറുകൾ ഘടിപ്പിക്കാനും ഇഷ്ടമുള്ള നിറം പെയിന്റടിക്കാനുമെല്ലാം അനുമതി നൽകാമെന്നുമാണ് മല്ലു ട്രാവലർ വീഡിയോയിൽ പറഞ്ഞത്.
ആമിന എന്ന് വിളിക്കുന്ന തന്റെ ബൈക്ക് നാട്ടിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പങ്കുവെച്ച ഒരു ലൈവ് വീഡിയോയിലാണ് തന്റെ ആരാധകരോട് ഷാക്കിർ ഇക്കാര്യം പറയുന്നത്. താൻ പണം കൊടുത്ത് വാങ്ങി ടാക്‌സ് അടയ്ക്കുന്ന വണ്ടി മോദിഫിക്കേഷൻ വരുത്താൻ എനിക്ക് അവകാശമില്ലേ എന്ന് ചോദിക്കുന്ന ഷാക്കിർ അധികാരികളോട് പോയി പണിനോക്കാൻ പറ എന്നും വീഡിയോയിൽ വെല്ലുവിളിക്കുന്നു.
എന്റെ ബൈക്കിൽ 70 ശതമാനത്തോളം മോദിഫിക്കേഷനാണ്. എറണാകുളത്ത് നിന്നും താൻ അത് ഓടിച്ച് തന്നെ കൊണ്ടുവരും. തന്റെ വണ്ടിയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്ന എംവിഡി ആയിരിക്കും ഏറ്റവും കേരളത്തിൽ ഏറ്റവും കൂടുതൽ നാണം കെടുന്നത്. അഞ്ച് രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടും ഒന്നും സംഭവിച്ചില്ല. കേരളത്തിൽ എത്തിയിട്ട് പിടിച്ചാൽ അതിന് എന്താണ് പറയേണ്ടത്. കേരളത്തിലെ ഗതാഗത മന്ത്രിയാക്കിയാൽ ഇഷ്ടമുള്ളപോലെ മോദിഫിക്കേഷൻ വരുത്താൻ താൻ നിയമം കൊണ്ടുവരുമെന്നും ഷാക്കിർ പറഞ്ഞു.
ഇ-ബുൾജെറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മല്ലു ട്രാവലർ ഫേസ്‌ബുക് ലൈവിൽ മാസങ്ങൾക്ക് മുമ്പ് നടത്തിയ പ്രസ്താവന വിവാദമായത്. 24.5 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ചാനലാണ് മല്ലു ട്രാവലർ. നിരവധി രാജ്യങ്ങളിലൂടെ യാത്ര നടത്തിയ തന്റെ ആമിന എന്ന ബൈക്ക് വീട്ടിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വിഡിയോയിലാണ് ഷാക്കിർ വിവാദ പരാമർശങ്ങൾ നടത്തിയത്. ഇ ബുൾ ജെറ്റ് വിവാദത്തിനിടെയാണ് ഈ പഴയ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
അഞ്ചു രാജ്യങ്ങളിൽ ഓടിയ ബൈക്ക് കേരളത്തിൽ പിടിച്ചാൽ അതിന് താനെന്താ പറയേണ്ടതെന്നും ഷാക്കിർ ക്ഷുഭിതനാകുന്നുണ്ട്. തന്നെ ഗതാഗത മന്ത്രിയാക്കിയാൽ ഏതു നിറത്തിലും നിറമില്ലാതെയും ബംപർ വെച്ചോ അല്ലാതെയോ കസ്റ്റമൈസ് ചെയ്യാനുള്ള അനുമതി താൻ നൽകുമെന്നുമാണ് ഷാക്കിർ വീഡിയോയിൽ പറഞ്ഞത്. ഇത് വിവാദമായതോടെയാണ് മല്ലു ട്രാവലർ ഇന്ന് പുതിയ വിഡിയോയിൽ വിശദീകരണം നൽകിയത്.
ലോകയാത്രക്ക് വേണ്ടിയാണ് ബൈക്ക് മോദിഫൈ ചെയ്തതെന്നും മോദിഫൈ ചെയ്തപ്പോൾ അതിനുള്ള ആവശ്യം മോട്ടോർ വാഹന വകുപ്പിനോട് പറഞ്ഞിരുന്നതായും ഷാക്കിർ പറഞ്ഞു. കേരളത്തിൽ ഒരു നിയമകുരുക്കിലും ബൈക്ക് പെട്ടിരുന്നില്ല. ലോകം മുഴുവൻ കറങ്ങിയതിന് ശേഷം ബൈക്ക് ഇപ്പോൾ വീടിനകത്ത് കയറ്റിയിട്ടിരിക്കുന്നതായും ഇൻഷുറൻസ് വരെ തീർന്നതായും ഷാക്കിർ പറഞ്ഞു. ബൈക്കിന് എന്തെങ്കിലും ടെക്‌നിക്കൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ ട്രക്കിൽ കയറ്റിയായിരിക്കും സർവീസ് സെന്ററിലേക്ക് കൊണ്ടുപോവുക. ഇവിടുത്തെ നിയമം ലംഘിക്കാൻ ഒരു താൽപര്യവുമില്ലെന്നും ഷാക്കിർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ