ന്ത്യയിലെ ബാങ്കുകളെ തട്ടിച്ച് വിദേശത്തേയ്ക്ക് കടന്ന വിജയ് മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി കൂടുതൽ കുരുക്കുകളുമായി അന്വേഷണ ഏജൻസികൾ. നഷ്ടത്തിലായി പ്രവർത്തനം അവസാനിപ്പിച്ച കിങ്ഫിഷർ എയർലൈൻസിന് ലഭിച്ച 6027 കോടി രൂപയുടെ വായ്പയിലേറിയ പങ്കും വിജയ് മല്യ വിദേശത്തേക്ക് കടത്തിയതായി സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കണ്ടെത്തി. ഇതനുസരിച്ച് ബ്രിട്ടീഷ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾ.

കിങ്ഫിഷറിന് എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളിൽനിന്ന് കിട്ടിയ വായ്പ ഏഴ് രാജ്യങ്ങളിലെ ബിനാമി കമ്പനികളിൽ നിക്ഷേപിച്ചിരിക്കുകയാണെന്നാണ് കണ്ടെത്തൽ. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം വ്യാജ കമ്പനികളുണ്ട്. മല്യയെ ബ്രിട്ടനിൽനിന്ന് നാടുകടത്തണമെന്ന് ഇന്ത്യയുടെ ആവശ്യത്തിന് ഈ കണ്ടെത്തൽ ശക്തിപകരുമെന്നാണ് കരുതുന്നത്. 6027 കോടിയിൽ എത്ര തുക മല്യ വിദേശത്തേക്ക് കടത്തിയെന്ന് വ്യക്തമാക്കാൻ അധികൃതർ തയ്യാറല്ല. ഭൂരിഭാഗവും എന്നാണവർ നൽകുന്ന സൂചന.

മല്യയും അനുയായികളും ചേർന്ന് വിദേശത്തേയ്ക്ക് എത്ര പണം കടത്തിയെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. ഇതിനായി മല്യയുടെയും സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിദേശത്തെ വ്യാജ കമ്പനികളുടെ വിവരങ്ങളും ശേഖരിക്കുകയാണ്. അമേരിക്കയിലെയും ബ്രിട്ടനിലെയും മറ്റു രാജ്യങ്ങളിലെയും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസികളോട് ഇക്കാര്യം അഭ്യർത്ഥിച്ചിട്ടുമുണ്ട്.

വളരെ തന്ത്രപരവും ചിട്ടയോടെയുമാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വിലയിരുത്തുന്നു. വായ്പയുടെ കുറച്ചുഭാഗം തിരിച്ചടയ്ക്കുക വഴി ബാങ്കുകളുടെ വിശ്വാസമാർജിക്കുകയും കൂടുതൽ വായ്പ നേടിയെടുക്കുകയുമാണ് ചെയ്തത്. 17 ബാങ്കുകളിൽനിന്നായാണ് 6027 കോടി രൂപ വായ്പയെടുത്തത്. ഇതിൽ 1600 കോടി രൂപയും എസ്.ബി.ഐയാണ് നൽകിയത്..

കഴിഞ്ഞവർഷം മാർച്ച് രണ്ടിനാണ് മല്യ വിദേശത്തേക്ക് കടന്നത്. ഐഡിബിഐ ബാങ്കിനെ 900 കോടി രൂപ തട്ടിച്ച കേസിൽ വിചാരണ നേരിടുന്നതിന് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്നാവശ്യപ്പെടുന്ന കേസിൽ മെർലിബോൺ റോഡ് കോടതിയിൽ സീനിയർ ഡിസ്ട്രിക്ട് ജഡ്ജ് എന്ന ആർബത്ത്‌നോട്ട് വാദം കേൾക്കുകയാണ്. അതിനൊപ്പം പുതിയ കുറ്റപത്രം കൂടി നൽകുന്നതോടെ, മല്യയുടെ നാടുകടത്തൽ എളുപ്പമാകുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ.