വിവാദ വ്യവസായി വിജയ് മല്യ മാർച്ച് രണ്ടിന് ഇന്ത്യയിൽനിന്ന് മുങ്ങിയത് പാർലമെന്റംഗം എന്ന നിലയിൽ നേടിയ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ഉപയോഗിച്ചാണെന്ന് വ്യക്തമായി. കർണാടകയിൽനിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമാണ് മല്യ. സ്ഥിരമായി വിദേശ യാത്ര ചെയ്യുന്നയാൾ എന്ന നിലയ്ക്ക് അദ്ദേഹത്തിന് ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ഉണ്ടായിരുന്നതായി സിബിഐ വൃത്തങ്ങൾ കണ്ടെത്തി.

എന്നാൽ, മല്യയ്ക്ക് വിദേശത്തേയ്ക്ക് കടക്കാൻ അവസരമൊരുക്കിയത് അധികൃതർ തന്നെയാണെന്നും റിപ്പോർട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഇറങ്ങുന്നതിന് മുമ്പുതന്നെ ലണ്ടനിലേക്ക് മല്യ പോയിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഇറങ്ങുന്നതിന് മുമ്പുതന്നെ ഇതുസംബന്ധിച്ച സൂചന ഒരു ജൂനിയർ ഓഫീസറുടെ പിഴവെന്നോണം ചോർന്നുപോയിരുന്നു. ഈ പിഴവ് മുതലെടുത്താണ് മാർച്ച് രണ്ടിന് മല്യ കടന്നത്.

രാജ്യത്തെ ബാങ്കുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി മുങ്ങിയ വിജയ് മല്യയിൽനിന്ന് ഇപ്പോഴും ഈടാക്കാൻ സ്വത്തുക്കൾ ശേഷിക്കുന്നുണ്ടെന്ന ആശ്വാസത്തിലാണ് ബാങ്കുകൾ. ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലുമായി ഈടുവെക്കാത്ത 5700 കോടി രൂപയുടെ സ്വത്തുക്കൾ ശേഷിക്കുന്നുണ്ട്.

കിങ്ഫിഷർ എയർലൈൻസിന് നൽകിയ 7000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. എന്നാൽ, ഇത് തിരിച്ചടയ്ക്കാൻ മല്യ വിസമ്മതിക്കുകയാണെങ്കിൽ ഈടുവെക്കാത്ത ശേഷിച്ച സ്വത്തുക്കൾ കണ്ടുകെട്ടാമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. എന്നാൽ, അതിന് വർഷങ്ങളെടുക്കുമെന്ന പ്രതിസന്ധിയുമുണ്ട്. മാത്രമല്ല, മല്യയുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുപോലുള്ളവ കൊടുത്തുതീർക്കാനും ഈ സ്വത്തുക്കൾതന്നെ ഉപയോഗിക്കേണ്ടതായും വരും.

യു.ബി. ഗ്രൂപ്പിൽ 6724 കോടിയുടെ ഓഹരികളാണ് മല്യയ്ക്കുണ്ടായിരുന്നത്. ഇതിൽ 3496 കോടി രൂപയുടെ ഓഹരികൾ ഈടുവെക്കാത്തവയാണ്. യുബി ഹോൾഡിങ്‌സിലെ 72 കോടിയിൽ 62 കോടിയും കിങ്ഫിഷർ ടവേഴ്‌സിലെ 1500 കോടിയിൽ 950 കോടിയും മാംഗ്ലൂർ കെമിക്കൽസിലെ 25.74കോടിയൽ 21 കോടിയും അത്തരത്തിലുള്ളവയാണ്. കിങ്ഫിഷർ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ ഹൗസിൽ 150 കോടിയുടെയും യു.ബി ഹോൾഡിങ്‌സിന്റെ ഉടമസ്ഥതയിലുള്ള 90 കോടിയുടെയും സ്വത്തുക്കളും ഈടുവച്ചിട്ടില്ല.

മല്യക്കെതിരെ യഥാസമയം ലുക്കൗട്ട് നോട്ടീസ് അയക്കുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണം സിബിഐ തള്ളുകയാണ്. മല്യക്കെതിരെ കേസ്സെടുത്തതും മല്യയുടെ വീടുകളിൽ മൂന്നുവട്ടം തിരച്ചിൽ നടത്തിയതും സിബിഐയാണെന്ന് അധികൃതർ അവകാശപ്പെടുന്നു. മല്യക്ക് വിദേശത്തേയ്ക്ക് കടക്കുന്നതിന് സഹായകരമായി എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ തന്റെ ജീവനക്കാരിൽനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് സിബിഐ ഡയറക്ടർ അനിൽ സിൻഹ മുഴുവൻ ഫയലുകളും പരിശോധിക്കുന്നുണ്ട്.