ലണ്ടൻ: തന്റെ സ്വത്തുക്കൾ ഇന്ത്യയിൽ സുരക്ഷിതം ആണെന്ന് കരുതി മനസമാധാനത്തോടെ ഉറങ്ങിയിരുന്ന മദ്യ രാജാവ് വിജയ് മല്യയുടെ ഉറക്കം കെടുത്തി അദ്ദേഹത്തിന്റെ രണ്ടു സ്വകാര്യ ഹെലികോപ്റ്ററുകൾ കഴിഞ്ഞ ദിവസം ലേലത്തിൽ പോയി. എയർബസ് നിർമ്മിത യൂറോകോപ്റ്റർ ബി 155 ശ്രേണിയിൽ ഉൾപ്പെട്ട കോപ്റ്ററുകളാണ് ഡൽഹി ആസ്ഥാനമായ എയർ ആംബുലൻസ് സർവീസ് നടത്തുന്ന സ്ഥാപനം സ്വന്തമാക്കിയത്.

പത്തു വർഷം പഴക്കമുള്ള ഈ കോപ്റ്ററിന് വിപണിയിൽ 20 കോടിയെങ്കിലും മൂല്യമുള്ളതാണ്. പുത്തൻ കോപ്റ്റർ കിട്ടാൻ നൂറു കോടി മുടക്കേണ്ട സ്ഥാനത്താണ് മുംബൈ ജൂഹു വിമാനത്താവളത്തിൽ പൊടി പിടിച്ചു കിടന്ന കോപ്റ്ററുകൾ ചുളു വിലയ്ക്ക് ഡൽഹി സ്ഥാപനം സ്വന്തമാക്കിയത്. നിലവിൽ നല്ല പ്രവർത്തന ക്ഷമമായ ഈ കോപ്റ്ററുകൾ നഷ്ടമായതോടെ തന്റെ സ്വകാര്യ സ്വത്തുക്കൾ ഒന്നൊന്നായി നഷ്ടമായേക്കും എന്ന ഭീതിയിലാണ് വിജയ് മല്യ. സർക്കാർ ആവതു ശ്രമിച്ചിട്ടും ഇയാളെ ബ്രിട്ടനിൽ നിന്നും വിട്ടുകിട്ടാൻ സാധ്യത ഇല്ലെന്നു ഏറെക്കുറെ ഉറപ്പായപ്പോളാണ് സ്വത്തുക്കളുടെ ലേല നടപടി ഊർജിതമായതെന്നു കരുതപ്പെടുന്നു.

ബാംഗ്ലൂരിലെ ട്രിബ്യൂണൽ നടപടികളുടെ ഭാഗമായാണ് രണ്ടു കോപ്റ്ററുകൾ എട്ടു കോടിയിലേറെ രൂപയ്ക്കു വിറ്റുപോയത്. ലോൺ തിരിച്ചടയ്ക്കാതെ മല്യക്കെതിരെ ബാങ്കുകളുടെ സമിതി നൽകിയ കേസിലാണ് കോപ്റ്റർ പിടിച്ചെടുത്തു ലേലം ചെയ്തു. കോപ്റ്ററുകൾ നഷ്ടമായ വാർത്തയോട് മല്യയുടെ പ്രതികരണം പുറത്തു വന്നിട്ടില്ല. അവശേഷിക്കുന്ന അനേകായിരം കോടിയുടെ സ്വത്തുക്കൾ കൈവിടാതിരിക്കാൻ മല്യ സ്വയം ഇന്ത്യയിൽ എത്താൻ തയ്യാറാകുമോ എന്നതിന്റെ ടെസ്റ്റ് ഡോസ് കൂടിയാണ് കോപ്റ്റർ ലേലനടപടി. വെറും ഒന്നേമുക്കാൽ കോടി രൂപയ്ക്കു ലേലത്തിനിട്ട കോപ്റ്ററുകൾ ആണ് നാലിരട്ടി തുകയ്ക്ക് വിറ്റുപോയത്. ഇവ അവസാനമായി പറന്നത് അഞ്ചു വർഷം മുൻപാണ്.

അതിനിടെ വിജയ് മല്യ ബ്രിട്ടൻ വിട്ട് ഇന്ത്യയിൽ എത്തുമെന്ന പ്രതീക്ഷയും ഏവർക്കും നഷ്ടമായി തുടങ്ങി. ഇതിനു മുൻപുള്ള വർഷങ്ങളിൽ ഇന്ത്യ ആവശ്യപ്പെട്ട കേസുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് കുറ്റവാളിയെ വിട്ടു നൽകാൻ ബ്രിട്ടീഷ് കോടതി തയ്യാറായിട്ടുള്ളത്. ഇന്ത്യൻ ജയിലുകളിൽ ആൾക്കൂട്ടം ആണെന്ന ന്യായത്തിലാണ് ഇതുവരെ കുറ്റവാളികൾ ബ്രിട്ടനിൽ നിന്ന് മടങ്ങാൻ വിസമ്മതിച്ചിട്ടുള്ളത്. ഇപ്പോൾ മല്യയും അതേ ന്യായം ഉയർത്തുന്നതിനാൽ ഇയാളെ വിട്ടുകിട്ടുന്ന കാര്യത്തിൽ ഇന്ത്യക്കു യാതൊരു പ്രതീക്ഷയുമില്ല. സർക്കാർ തലത്തിൽ ആവശ്യത്തിലേറെ സമ്മർദ്ദം നടത്തിയിട്ടും ബ്രിട്ടീഷ് കോടതി നടപടികളിൽ അതൊന്നും ഏശുകയില്ല എന്ന സാഹചര്യത്തിൽ വരും നാളുകളിൽ മല്യയുടെ മറ്റു സ്വത്തു വകകൾ കൂടി ലേലം നടത്താൻ ബാങ്കുകളുടെ സമിതി ആവശ്യം ഉന്നയിച്ചേക്കും.

കഴിഞ്ഞ ആഴ്ച വെസ്റ്റമിനിസ്റ്റർ കോടതി മുംബൈ ആർതർ ജയിൽ സൗകര്യങ്ങൾ റെക്കോർഡ് ചെയ്ത വീഡിയോ ഫയലുകൾ മണിക്കൂറുകൾ സമയമെടുത്ത് പരിശോധിച്ചിരുന്നു. ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കാത്ത കുടുസു മുറികൾ എന്ന മല്യയുടെ വാദം പൊളിക്കാൻ കൃത്രിമ ലൈറ്റുകൾ ഉപയോഗിക്കാതെ നട്ടുച്ചക്ക് പകർത്തിയ വിഡിയോ ദൃശ്യങ്ങളാണ് ഇന്ത്യൻ അഭിഭാഷകർ കോടതിയിൽ നൽകിയത്. ആവശ്യത്തിന് വെളിച്ചം എത്തുന്ന മുറികളാണ് ഇന്ത്യൻ ജയിലുകളിൽ ഉള്ളതെന്നും ഇന്ത്യൻ പക്ഷത്തിനു വേണ്ടി അഭിഭാഷകർ വാദമുയർത്തി. യൂറോപ്യൻ കൺവൻഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൻ റൈറ്റിന്റെ ആർട്ടിക്കിൾ മൂന്നു ചൂണ്ടിക്കാട്ടിയാണ് മല്യയുടെ വക്കീലന്മാർ വാദിക്കുന്നത്. ഈ മനുഷ്യാവകാശ നിയമത്തിന്റെ സംരക്ഷണയിൽ അനേകം കുറ്റവാളികളാണ് ബ്രിട്ടനിൽ തങ്ങുന്നത്.

ജയിൽ സാഹചര്യങ്ങൾ മല്യയുടെ കേസിൽ നേരിട്ട് ചൂണ്ടിക്കാട്ടാൻ പറ്റുന്ന വാദം അല്ലെങ്കിലും ഇന്ത്യയിൽ എത്തിയാൽ തന്നെ അകത്താക്കും എന്ന ന്യായമായ സംശയം ഉയർത്തിയാണ് നാടുകടത്തൽ ഭീക്ഷണിയെ മല്യ ചെറുക്കുന്നത്. ബ്രിട്ടനിൽ നിലനിൽക്കുന്ന നിയമം അനുസരിച്ചു ഈ കാര്യങ്ങൾ വ്യക്തത വരുത്തി മാത്രമേ കുറ്റവാളിയെ അന്യനാടുകളിലേക്കു അയക്കാൻ കഴിയൂ. ഇതുതന്നെയാണ് മല്യയുടെ പിടിവള്ളിയും. അടുത്തിടെ ശുംഭ, ബാച്ചിയാൻ, ഹെന്റ എന്നിവർ ഫ്രഞ്ച് സർക്കാർ നൽകിയ വിട്ടുകിട്ടൽ പരാതിയിൽ നിന്നും രക്ഷപ്പെട്ടതും ഈ ന്യായത്തിൽ പിടിച്ചാണ്. ഒരാൾക്ക് ഫ്രഞ്ച് ജയിലുകളിൽ മൂന്നു സ്‌ക്വായർ മീറ്റർ സ്ഥലം പോലും ലഭ്യമല്ല എന്നതാണ് ഇവർ ചൂണ്ടിക്കാട്ടിയ വസ്തുത. ഈ കേസ് പരിഗണിക്കവെ ഫ്രഞ്ച് ജയിലുകൾ ആൾക്കൂട്ട കാര്യത്തിൽ കുപ്രസിദ്ധമാണ് എന്ന വാദവും കോടതിയിൽ എത്തി.

മൂന്നു വർഷം മുൻപ് വർഗയും ഹങ്കേറിയൻ സർക്കാരും തമ്മിൽ ബ്രിട്ടീഷ് കോടതിയിൽ നടന്ന സമാനമായ ഏറ്റുമുട്ടലിലും സർക്കാർ പക്ഷം പരാജയപ്പെടുക ആയിരുന്നു. ഈ കേസിൽ അനേകായിരം ഫയലുകൾ പരിശോധിച്ചാണ് കോടതി നാടുകടത്തൽ തടഞ്ഞത്. ഈ സാഹചര്യത്തിൽ ഇന്ത്യ തന്നെ മുൻപ് നൽകിയ അപേക്ഷകളും ബ്രിട്ടീഷ് കോടതികൾ നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം സൻജീവ് ചൗളയുടെ കേസിൽ തിഹാർ ജയിലിൽ ആവശ്യത്തിന് മെഡിക്കൽ സൗകര്യങ്ങൾ ഇല്ലെന്ന കാരണം ഉയർത്തിയാണ് ആർട്ടിക്കിൾ മൂന്നിന്റെ പരിരക്ഷ കുറ്റവാളി സ്വന്തമാക്കിയത്.

ഇയാൾ ക്രിക്കറ്റ് കളിയിലെ വാതുവയ്പുമായി ബന്ധപ്പെട്ട കേസിനെ തുടർന്നാണ് ബ്രിട്ടനിൽ അഭയം തേടി എത്തിയത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ രണ്ടു വർഷം മുൻ നാട് കടത്തപ്പെട്ട സമീർബായ് വിനുബായി പട്ടേൽ മാത്രമാണ് കേസുകളിൽ അപവാദം ആയിട്ടുള്ളത്. ഇയാൾ കുപ്രസിദ്ധമായ ഗുജറാത്ത് കലാപത്തെ തുടർന്നണ് ബ്രിട്ടനിൽ എത്തിയത്. എന്നാൽ ഇയാളുടെ നാട് കടത്തൽ അപേക്ഷയിൽ അയാൾ ആർട്ടിക്കിൾ മൂന്നിന്റെ നിയമ പരിരക്ഷ ആവശ്യപ്പെടാതിരുന്നതാണ് ഇന്ത്യക്കു ഗുണകരമായത്. ഇയാൾ സ്വമേധയാ നാട് കടത്തൽ അംഗീകരിക്കുകയായിരുന്നു.

ഈ കേസുകളുടെ എല്ലാം ചരിത്രം ചികയുമ്പോൾ മല്യയ്ക്ക് ബ്രിട്ടനിൽ തന്നെ തുടരാം എന്ന ആശ്വാസം ഉണ്ടെങ്കിലും സ്വത്തു വകകൾ ഒന്നൊന്നായി കൈവിടുമോ എന്ന ആശങ്കയിൽ ഇയാൾക്ക് ഇനിയുള്ള രാവുകൾ ഉറക്കമില്ലായ്മ സമ്മാനിച്ചേക്കാം. നിയമ നടപടി നേരിടാൻ ഇന്ത്യയിൽ എത്താൻ ഇയാളെ പ്രേരിപ്പിക്കുക കൂടിയാകാം ലേലത്തിലൂടെ ഉദ്ദേശിക്കുന്നതും.