- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപകരില്ലാതെ വരുമ്പോൾ തോട്ടിൽ കുളിക്കാനെത്തിയവരെ പഠിപ്പിക്കാനേൽപിച്ച് പിടിഎ; ഒറ്റ അദ്ധ്യാപകനില്ലെന്ന ചരിത്രം സൃഷ്ടിച്ച് മാമലക്കണ്ടം ഹൈസ്‌കൂൾ: കോതമംഗലത്ത് റവന്യൂ ടവർ വളഞ്ഞ് സമരവുമായി നാട്ടുകാരും വിദ്യാർത്ഥികളും
കോതമംഗലം: ക്ലാസെടുത്തിരുന്ന അദ്ധ്യാപികമാർക്ക് ഫോൺ കോളിലൂടെ സ്ഥലം മാറ്റം. സമീപത്തെ തോട്ടിൽ കുളിക്കാനെത്തിയ ബി എ രണ്ടാം വർഷ വിദ്യാർത്ഥിനിയെ ക്ലാസ് ഏൽപ്പിച്ച് സ്‌കൂൾ അധികൃതർ തടിതപ്പി. അടുത്തിടെ കുട്ടംപുഴ പഞ്ചായത്തിലെ മാമലക്കണ്ടം ഗവ.ഹൈസ്‌കൂളിലായിരുന്നു സംഭവം. സർക്കാർ വർക്ക് അറേഞ്ച്‌മെന്റിൽ നിയമിച്ച അദ്ധ്യാപികമാരാണ് ഇവിടെ ജോലിച
കോതമംഗലം: ക്ലാസെടുത്തിരുന്ന അദ്ധ്യാപികമാർക്ക് ഫോൺ കോളിലൂടെ സ്ഥലം മാറ്റം. സമീപത്തെ തോട്ടിൽ കുളിക്കാനെത്തിയ ബി എ രണ്ടാം വർഷ വിദ്യാർത്ഥിനിയെ ക്ലാസ് ഏൽപ്പിച്ച് സ്‌കൂൾ അധികൃതർ തടിതപ്പി. അടുത്തിടെ കുട്ടംപുഴ പഞ്ചായത്തിലെ മാമലക്കണ്ടം ഗവ.ഹൈസ്‌കൂളിലായിരുന്നു സംഭവം. സർക്കാർ വർക്ക് അറേഞ്ച്‌മെന്റിൽ നിയമിച്ച അദ്ധ്യാപികമാരാണ് ഇവിടെ ജോലിചെയ്തിരുന്നത്. ഇരിങ്ങോൾ സ്‌കൂളിൽനിന്നായിരുന്നു കാടും മേടും കടന്ന് ഇവർ ഇവിടെ ജോലിക്കെത്തിയത്. ഇവർക്ക് മറ്റു രണ്ടു സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റം നൽകിയെന്നും ഉടൻ ചാർജ്ജെടുക്കണമെന്നും അറിയിച്ചുകൊണ്ട് ഡി ഇ ഒ ഓഫീസിൽ നിന്ന് സ്‌കൂളിലേക്ക് ഫോൺ സന്ദേശം എത്തി. അദ്ധ്യാപികമാർ ക്ലാസ് തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു ഫോൺവിളിയെത്തിയത്. അപ്പോൾതന്നെ ഇവർ കിട്ടിയ വണ്ടിക്ക് സ്ഥലം വിട്ടു.
ക്ലാസ് പൂർത്തിയാക്കാൻ ആളെത്തേടി സ്‌കൂൾ ഹെഡ്‌മാസ്റ്ററും പി ടി എ ഭാരവാഹികളും ഉടൻ തിരച്ചിൽ തുടങ്ങി. തിടുക്കപ്പെട്ട് നടത്തിയ അന്വേഷണം സമീപത്തേ തോട്ടിറമ്പുവരെ നീണ്ടു. ഇവിടെ കുളിക്കാനെത്തിയ സമീപവാസിയായ പെൺകുട്ടി ബി എ വിദ്യാർത്ഥിനിയാണെന്നറിഞ്ഞപ്പോൾ അന്വേഷക സംഘത്തിന് ആശ്വാസമായി . മാതാപിതാക്കളുടെ അനുമതിയോടെ തുടർന്നുള്ള ക്ലാസ് നടത്തിപ്പ് ഇക്കൂട്ടർ പെൺകുട്ടിയെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്നുള്ള നാലുദിവസം ക്ലാസ് നടത്തിയത് ഈ പെൺകുട്ടിയായിരുന്നു. വനമേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്‌കുളിലെ അദ്ധ്യാപകക്ഷാമം ഇപ്പോൾ നേരത്തേതിന്റെ പതിന്മടങ്ങായി. ഗവൺമെന്റ് നിയമിച്ച അദ്ധ്യാപകർ ഒഴിവുകിഴിവുകൾ നിരത്തി മലയിറങ്ങി. ഇതേത്തുടർന്ന് വിദ്യർത്ഥികളെ പഠിപ്പിക്കേണ്ട ചുമതല പി ടി എ കമ്മറ്റിക്കായി. ഇപ്പോൾ ഇവരുടെ പിടിയിലും കാര്യങ്ങൾ നിൽക്കില്ലെന്നായി. ഹൈസ്‌കൂൾ തുടങ്ങിയിട്ട് ഇന്നു വരെ ഇവിടെ ഒറ്റ അദ്ധ്യാപകനില്ലാത്ത സ്‌കൂൾ എന്ന ഖ്യാതിയാണു മാമലക്കണ്ടം ഹൈസ്‌കൂളിനുള്ളത്.
ഇപ്പോൾ, വിദ്യാർത്ഥികളെയും കൂട്ടി ഇവർ സമരപാതയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. മരിക്കേണ്ടിവന്നാലും ലക്ഷ്യം നേടുംവരെ സമരരംഗത്ത് തുടരുമെന്ന് പി ടി എ പ്രസിഡന്റ് എം എൻ ജയകുമാർ പറഞ്ഞു. ഇന്നു രാവിലെ 9 ന് ഡി ഇ ഒ ഓഫീസ് സ്ഥിതിചെയ്യുന്ന കോതമംഗലം റവന്യൂ ടവർ വളഞ്ഞ്് നിരാഹാരമുൾപ്പെടെയുള്ള സമാധാന സമരമാർഗങ്ങളാരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ 30 വർഷത്തോളമായി യു പി സ്‌കൂളായി പ്രവർത്തിച്ചിരുന്ന സ്‌കൂൾ കഴിഞ്ഞ അധ്യയനവർഷാരംഭത്തിലാണ് ഹൈസ്‌കൂളായി ഉയർത്തിയത്. ഉത്സവം പോലെ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്‌കൂളിനാവിശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരെയും ഉടൻ നിയമിക്കുമെന്ന് മന്ത്രി അബ്ദു റബ്ബ് പ്രസ്താവിച്ചിരുന്നു.എന്നാൽ ഓണപ്പരീക്ഷ പിന്നിട്ടിട്ടും ഈ സ്‌കൂളിലേക്കുള്ള തസ്തിക നിർണയം പോലും ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് ബന്ധപ്പെട്ട അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
140 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷത്തിൽ ഇവിടെ പഠിക്കാനെത്തിയത്. ഇതിൽ നാല്്പതോളം വിദ്യാർത്ഥികൾ ടി സി വാങ്ങി സ്ഥലം വിട്ടു.ശേഷിക്കുന്നതിൽ ഭൂരിപക്ഷം വിദ്യാർത്ഥികളും ദരിദ്രകുടുംബങ്ങളിൽനിന്നും എത്തിയവരാണ്. ഇവിടം വിട്ടാൽ 25 കിലോമീറ്റർ അകലെ കുട്ടംപുഴയിലോ 40 കിലോമീറ്റർ അകലെ കോതമംഗലത്തോ എത്തിയാലെ ഇവർക്ക് പഠനസൗകര്യം ലഭ്യമാവു .രണ്ടിടത്തേക്കും വനത്തിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കണം. വന്യമൃഗശല്യം രൂക്ഷമായിത്തുടരുന്ന സാഹചര്യത്തിൽ ഇത്രയും ദൂരം വിദ്യാർത്ഥികള തനിച്ചിയക്കുന്നതിന് രക്ഷിതാക്കൾ തയ്യാറല്ല. ഈ സ്ഥിതിയിൽ ഈ സ്‌കൂൾ പൂട്ടിയാൽ നൂറിൽപരം കുടുംബങ്ങളുടെ ഭാവിപ്രതീക്ഷകളായ വിദ്യാർത്ഥികളുടെ ഭാവി ചോദ്യചിഹ്നമായിമാറും.
പിടിഎ ഭാരവാഹികൾ ആറു തവണ മുഖ്യമന്ത്രിയെയും പലതവണ വിദ്യാഭ്യാസമന്ത്രിയെയും നേരിൽക്കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടും അനങ്ങാപ്പാറനയം സ്വീകരിക്കുന്ന ഗവൺമെന്റ് നടപടിക്കെതിരെ നടക്കുന്ന സമരത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാരിൽ വലിയൊരുവിഭാഗവും പങ്കെടുക്കുന്നുണ്ട്.