ന്യൂഡൽഹി: കോൺഗ്രസ് ഒഴികെയുള്ള യുപിഎ കക്ഷികളുമായി സഹകരിക്കാനുള്ള നീക്കത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ മമത ബാനർജി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ചു രംഗത്തു വന്നു. രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ചൂണ്ടികാട്ടിയായിരുന്നു വിമർശനം. വിദേശത്തിരുന്നുകൊണ്ട് ആർക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് മമത ബാനർജി പറഞ്ഞു.

മുംബൈയിൽ സിവിൽ സൊസൈറ്റി അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.''ഒരാൾ ഒന്നും ചെയ്യാതെ പകുതി സമയം വിദേശത്താണെങ്കിൽ പിന്നെ എങ്ങനെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കും? രാഷ്ട്രീയത്തിനായി നിരന്തരമായ പരിശ്രമം ഉണ്ടായിരിക്കണം,'' മമത ബാനർജി പറഞ്ഞു.

'ഇന്ത്യൻ ഭരണവ്യവസ്ഥയിൽ പ്രതിപക്ഷ ഐക്യം മാത്രം നമ്മളെ സഹായിക്കില്ല. ഞാൻ എന്തിനാണ് ഇത്രയധികം യാത്ര ചെയ്യുന്നത്? ആരാണ് ബംഗാൾ വിട്ട് എല്ലായിടത്തും ചുറ്റിക്കറങ്ങാൻ ആഗ്രഹിക്കുന്നത്? മറ്റുള്ളവരും അങ്ങനെ ചെയ്യാനും മത്സരമുണ്ടാകാനുമാണ് ഞാൻ അങ്ങനെ ചെയ്യുന്നത്. ഫെഡറൽ ഘടന ശക്തമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ചാൽ ബിജെപിയെ പരാജയപ്പെടുത്തുക വളരെ എളുപ്പമുള്ള കാര്യമാണ്,' മമത ബാനർജി പറഞ്ഞു.

ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തെ നയിക്കാൻ തനിക്ക് കഴിയുമോ എന്ന ചോദ്യത്തിന് താനൊരു ചെറിയ തൊഴിലാളിയാണെന്നും അങ്ങനെ തുടരാനാണ് താൽപ്പര്യമെന്നും മമത ബാനർജി പറഞ്ഞു. യു.പി.എ എന്ന ഒന്നില്ലെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ശക്തമായ ബദൽ തങ്ങൾ ഉണ്ടാക്കുമെന്നും മമത പറഞ്ഞു. യുപിഎ ശിഥിലമായ വിവാദ പരാമർശവും നേരത്തെ മമത നടത്തിയിരുന്നു.

അതേസമയം മമത ബാനർജിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് ഇല്ലെങ്കിൽ യു.പി.എ ആത്മാവില്ലാത്ത ശരീരമായിരിക്കുമെന്നും പ്രതിപക്ഷ ഐക്യം കാണിക്കേണ്ട സമയമാണിതെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ ട്വീറ്റ് ചെയ്തു.

യു.പി.എ ഇല്ലെന്നത് തീർത്തും തെറ്റാണ് മമത ബാനർജിയെന്ന് പറഞ്ഞ് മല്ലികാർജ്ജുന ഖാർഗെയും രംഗത്തെത്തി. രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുന്നതും തെറ്റാണ്. രാഹുൽ ജിയെ എവിടെയും കാണാനില്ലെന്ന മമത ബാനർജിയുടെ ആരോപണം തെറ്റാണ്. കോൺഗ്രസ് എല്ലാ വിഷയങ്ങൾക്കെതിരെയും പ്രതിഷേധിക്കുന്നുണ്ട്. ബിജെപിയെ തോൽപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നാൽ ചിലർ ആ പാർട്ടിയെ മാത്രമാണ് സഹായിക്കുന്നത്. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലും ചിലയിടങ്ങളിൽ പ്രതിപക്ഷത്തും ഉണ്ട്,' കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.