കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനകീയ പദ്ധതി പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിലെ സിംഗൂരിൽ കാർഷിക-വ്യവസായ പാർക്ക് ആരംഭിക്കുമെന്ന് മമതാ ബാനർജി. ടാറ്റയുടെ കാർ ഫാക്ടറി ആരംഭിക്കാൻ മുൻ ഇടത് സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് വിവാദങ്ങളിൽ ഇടംപിടിച്ച പ്രദേശമാണ് സിംഗൂർ. 34 വർഷം നീണ്ട ഇടതു ഭരണം കടപുഴകുന്നതിലേക്കും മമത അധികാരത്തിലേറുന്നതിലേക്കും വഴിവെച്ച സിംഗൂരിനെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നതാണ് മമതയുടെ പ്രഖ്യാപനം.

ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ കാർഷിക-വ്യവസായ പാർക്ക് ആരംഭിക്കുമെന്ന് വ്യാഴാഴ്ചയാണ് മമതാ ബാനർജി പ്രഖ്യാപിച്ചത്. സിംഗൂരിൽ കാർഷിക വ്യവസായത്തിന് വലിയ സാധ്യതണുള്ളത്. അതുകൊണ്ടുതന്നെയാണ് സിംഗൂരിൽ ഒരു കാർഷിക-വ്യവസായ പാർക്ക് ആരംഭിക്കാൻ തീരുമാനിച്ചത്. ബലപ്രയോഗത്തിലൂടെ കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതിന് തങ്ങൾ എതിരാണെന്നും മമത പറഞ്ഞു.

പശ്ചിമബംഗാൾ സർക്കാരിന്റെ വ്യവസായ പാർക്ക് പദ്ധതിയുടെ കാലാവധി 2025 വരെ മമത ബാനർജി സർക്കാർ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നീട്ടിയിരുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ കാലാവധിയാണ് നീട്ടിയത്. സംസ്ഥാനത്ത് നൂറ് വ്യവസായ പാർക്കുകൾ ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു.

സിപിഎമ്മിന്റെ ഭരണകാലത്ത് കർഷകരുടെ ഭൂമി പിടിച്ചെടുത്ത് ടാറ്റ കമ്പനിക്ക് ഫാക്ടറി ആരംഭിക്കാൻ വിട്ടുനൽകിയിരുന്നു. ഇതിനെതുടർന്ന് ടാറ്റയ്ക്ക് എതിരെയും സർക്കാരിനെതിരെയും മമത ബാനർജിയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം സിംഗൂരിൽ ഉയർന്നുവന്നു.

ഭരണമാറ്റത്തിന് ഇടയാക്കിയ മണ്ണിൽ ജനകീയ പദ്ധതി പ്രഖ്യാപിക്കുന്നതിലൂടെ ബിജെപി ഉയർത്തുന്ന വികസന രാഷ്ട്രീയത്തെ ചെറുക്കാനാകുമെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ കണക്കുകൂട്ടൽ. പാർട്ടിൽ നിന്ന് പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് ജനകീയ പദ്ധതികൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനൊരുങ്ങാൻ മമതാ സർക്കാർ തയ്യാറെടുക്കുന്നത്.