കൊൽക്കത്ത: ഗുജറാത്തിന് ഒരിക്കലും ബംഗാളിനു മേൽ അധികാരം നേടാൻ സാധിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിൽ താമസിക്കുന്നവർ തന്നെ ബംഗാൾ ഭരിക്കുമെന്നും വടക്കൻ ബംഗാളിലെ ആലിപുർദ്വാറിലെ റാലിയിൽ മമതാ പറഞ്ഞു.

'ബിഹാറിൽനിന്നുള്ളവരോ യു.പിയിൽനിന്നുള്ളവരോ രാജസ്ഥാനിൽനിന്നുള്ളവരോ തെരായിയിൽനിന്നോ ദോവാറിൽനിന്നുള്ളവരോ ആകട്ടെ നാം എല്ലാവരെയും ഒപ്പം കൂട്ടും. ബംഗാളികളും ബെംഗാളികൾ അല്ലാത്തവരും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. പക്ഷെ നാം ഒരു കാര്യം ഓർക്കണം ഗുജറാത്തിന് ഒരിക്കലും ബംഗാളിനു മേൽ അധികാരം നേടാനാവില്ല. ബംഗാളിൽ താമസിക്കുന്നവർ ബംഗാൾ ഭരിക്കും' മമത വ്യക്തമാക്കി.

അസമിലും ത്രിപുരയിലും എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരിൽ അവർ എല്ലാവരെയും ഭയപ്പെടുത്തി. ദേശീയ ജനസംഖ്യാ രജിസ്റ്ററുണ്ട്. എല്ലാ സംസ്ഥാനങ്ങളും അത് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. എന്നാൽ നാം ഇതുവരെ നടപ്പാക്കിയിട്ടില്ല. അവരെ അത് നടപ്പാക്കാൻ നാം അനുവദിക്കില്ല- മമത കൂട്ടിച്ചേർത്തു.