കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ് മോദിയെന്ന് അവർ വിമർശിച്ചു.

ധൻഗാബാസ് (കലാപകാരി), ദയിത്യ (അസുരൻ) എന്നിങ്ങനെയാണ് നരേന്ദ്ര മോദിയെ മമത വിശേഷിപ്പിച്ചത്. ഹൂഗ്ലിയിൽ തൃണമൂൽ റാലിയ അഭിസംബോധന ചെയ്യുകയായിരുന്നു മമത.

കൽക്കരി കൈക്കൂലി കേസുമായി ബന്ധപ്പെട്ട് തൃണമൂൽ എംപിയും മമതയുടെ മരുമകനുമായ അഭിഷേക് ബാനർജിയുടെ ഭാര്യയെ സിബിഐ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മോദിക്കെതിരെ വിമർശനം ഉന്നയിച്ച് മമത രംഗത്തെത്തിയത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന് നേരിടേണ്ടി വന്നതിനേക്കാൾ വളരെ മോശം വിധിയാണ് മോദിയെ കാത്തിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ഗോൾ കീപ്പർ താനാണ്. ഒരൊറ്റ ഗോൾ പോലും സ്‌കോർ ചെയ്യാൻ ബിജെപിയെ അനുവദിക്കില്ലെന്നും മമത പറഞ്ഞു.

'അസുരന്മാരാണ് രാജ്യം ഭരിക്കുന്നത്. അവർ നമ്മുടെ നട്ടെല്ല് തകർക്കാൻ ശ്രമിക്കും. ബംഗാൾ പിടിച്ചെടുക്കും. പക്ഷെ നിങ്ങൾ എന്താണു ചെയ്യേണ്ടത്. ബിജെപി എന്തു ചെയ്താലും ബംഗാൾ ബംഗാളായി തുടരണം. ബംഗാളിനെ ഒരിക്കലും ഗുജറാത്ത് ഭരിക്കില്ല.' - മമത പൊട്ടിത്തെറിച്ചു.

കൽക്കരി തട്ടിപ്പു കേസിൽ കഴിഞ്ഞ ദിവസം അഭിഷേകിന്റെ ഭാര്യ രുചിര ബാനർജിയെ സിബിഐ അവരുടെ വീട്ടിൽ ചോദ്യം ചെയ്തിരുന്നു. കൽക്കരി മാഫിയയിൽനിന്ന് കൈക്കൂലി വാങ്ങിയെന്നതാണ് കേസ്.

നിയമവിരുദ്ധ ഖനനവും കൽക്കരി മോഷണവും നടത്തുന്ന മൻജിത് എന്ന വ്യക്തിക്കെതിരെ കഴിഞ്ഞ നവംബറിലാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഈസ്റ്റേൺ കോൾഫീൽഡ് ജനറൽ മാനേജർ അമിത് കുമാർ ധർ, ജയേഷ് ചന്ദ്ര റായ്, തന്മയ് ദാസ്, ധനഞ്ജയ് ദാസ്, ദേബാശിഷ് മുഖർജി എന്നിവർക്കെതിരെ കേസെടുത്തു. കോടിക്കണക്കിന് രൂപയുടെ കൽക്കരി വിൽപന നടത്തിയെന്നാണ് കേസ്. തൃണമൂൽ പാർട്ടി നേതാവ് വിനയ് മിശ്ര വഴി അഭിഷേക് കോഴ വാങ്ങിയെന്നാണു ബിജെപി ആരോപിക്കുന്നത്.

ക്രിക്കറ്റ് താരം മനോജ് തിവാരി, സിനിമാ താരം സയോനി ദത്ത, ജുൺ മാലിയ തുടങ്ങിയ പ്രമുഖരും ഹൂഗ്ലിയിലെ റാലിയിൽ വെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നു.