കൊൽക്കത്ത: നന്ദിഗ്രാമിൽ വെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അക്രമിക്കപ്പെട്ടതിന് തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. റോഡ് ഷേയ്ക്കിടെ കാലിന് സാരമായി പരിക്കേറ്റത് ബിജെപി പ്രവർത്തകരുടെ ആക്രമണത്തിലാണെന്ന് മമതയും തൃണമൂൽ കോൺഗ്രസും ആരോപിച്ചിരുന്നു. മമതയ്ക്ക് നേരെയായ ആക്രമണത്തിനെതിരെ ഇലക്ഷൻ കമ്മീഷൻ ചീഫ്സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. സംസ്ഥാന നിരീക്ഷകന്റെയും ചീഫ് സെക്രട്ടറിയുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട്.

അതിനിടെ ബംഗാളിൽ മമത ബാനർജിയുടെ റോഡ് ഷോ തുടങ്ങി. വീൽചെയറിൽ ഇരുന്നാണ് മമത കൊൽക്കത്തയിലെ റോഡ് ഷോയിൽ പങ്കെടുക്കുന്നത്. പരിക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് മമത പൊതുവേദിയിൽ എത്തുന്നത്. റാലിക്കു ശേഷം ഹസ്രയിൽ നടക്കുന്ന യോഗത്തിൽ മമതാ ബാനർജി സംസാരിക്കും.

എനിക്ക് വളരെയേറെ വേദനയുണ്ട്. എന്നാൽ എന്റെ ജനങ്ങൾ അതിലേറെ വേദനിക്കുന്നതായി അറിയാം മമതാ ബാനർജി ട്വിറ്ററിൽ കുറിച്ചു. അജ്ഞാതരായ അഞ്ച് പേർ നടത്തിയ അക്രമത്തിലാണു തനിക്കു പരുക്കേറ്റതെന്നാണു മമത ആദ്യം പറഞ്ഞത്. ആരോപണം തുടർന്ന തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകിയിരുന്നു

അതേസമയം മിഡ്നാപൂരിലെ ഖരാഖ്പൂരിൽ അമിത് ഷായും വൈകിട്ട് റാലി നടത്തും. ജില്ലയിലെ പ്രാദേശിക നേതാക്കളുമായും അമിത് ഷാ ചർച്ച നടത്തും. ഇതിനിടെ തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് മാറിയ സുവേന്ദു അധികാരിക്കെതിരെ തൃണമൂൽ പ്രവർത്തകർ നന്ദിഗ്രാമിൽ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.