കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്ന് മുഖ്യമന്ത്രി മമതാ ബാനർജിയെ 24 മണിക്കൂർ നേരത്തേക്ക് വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. മുസ്ലിംവോട്ടുകളെ കുറിച്ചുള്ള പരാമർശത്തിലൂടെ ചട്ടലംഘനം നടത്തി, കേന്ദ്രസുരക്ഷാ സേനകൾക്കെതിരേ കലാപം നടത്താൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

തിങ്കളാഴ്ച രാത്രി എട്ടുമുതൽ ചൊവ്വാഴ്ച രാത്രി എട്ടുവരെയാണ് വിലക്ക്. മാർച്ച് 28, ഏപ്രിൽ ഏഴ് തീയതികളിൽ നടത്തിയ പ്രസംഗങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ മമതയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

'വോട്ട് രേഖപ്പെടുത്താൻ അനുവദിക്കാതെ സ്ത്രീകളെ ഭീഷണിപ്പെടുത്താൻ ആരാണ് കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയത്. 2016ലും 2019ലും ഞാൻ ഇത് കണ്ടു. ആരുടെ നിർദേശ പ്രകാരമാണ് അവർ ജനങ്ങളെ അടിക്കുന്നതെന്ന് എനിക്കറിയാം. കുടുംബത്തെ രക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'.

നിങ്ങളുടെ അമ്മയെയോ, സഹോദരിമാരേയോ അവർ വടി ഉപയോഗിച്ച് അടിക്കുകയാണെങ്കിൽ അവരെ തവിയോ തൂമ്പയോ കത്തിയോ ഉപയോഗിച്ച് ആക്രമിക്കണം. ഇത് സ്ത്രീകളുടെ അവകാശമാണ്. നിങ്ങളുടെ അമ്മമാർക്കും സഹോദരിമാർക്കും വോട്ടിങ്ങിന് പ്രവേശനം നിഷേധിക്കുകയാണെങ്കിൽ നിങ്ങൾ എല്ലാവരും പുറത്തുവന്ന് പ്രക്ഷോഭം നടത്തണം.' എന്നായിരുന്നു മാർച്ചിൽ നടത്തിയ പ്രസംഗത്തിൽ മമത പരാമർശിച്ചത്.

ഏപ്രിൽ മൂന്നിന് ഹൂഗ്ലിയിൽ വെച്ചുനടത്തിയ പ്രസംഗത്തിലാണ് ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കരുതെന്ന് താൻ തൊഴുകൈയോടെ അഭ്യർത്ഥിക്കുന്നതായി മമത പ്രസംഗിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിഷന് എത്ര നോട്ടീസുകൾ വേണമെങ്കിലും തനിക്ക് നൽകാം പക്ഷേ തന്റെ മറുപടി ഒന്നുതന്നെയായിരിക്കുമെന്നാണ് ഇതിനോട് മമത പ്രതികരിച്ചത്. ഹിന്ദു മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനെതിരായി താൻ എപ്പോഴും ശബ്ദമുയർത്തുമെന്നും അവർ വ്യക്തമാക്കി. വോട്ടർമാരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്നതിനെതിരേ താൻ നിലകൊള്ളുമെന്നും അവർ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ വിമർശിച്ച് തൃണമൂൽ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.