കൊൽക്കത്ത: നന്ദിഗ്രാമിൽ വിജയിച്ച ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരായ തന്റെ ഹർജി പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് മമത ബാനർജി. ആവശ്യമുന്നയിച്ച് അവർ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.

ജസ്റ്റിസ് കൗഷിക് ചന്ദയുടെ ബെഞ്ചിന് മുമ്പാകെയാണ് നിലവിൽ ഈ ഹർജിയുള്ളത്. ബംഗാൾ മുഖ്യമന്ത്രിക്കായി അഭിഭാഷകർ നൽകിയ കത്തിൽ രണ്ടു കാരണങ്ങളാണ് ജഡ്ജിയെ മാറ്റാൻ ഉന്നയച്ചിരിക്കുന്നത്.

ജസ്റ്റിസ് കൗഷിക് ചന്ദ ബിജെപിയുമായി ബന്ധമുള്ള ആളാണ് എന്നാണ് മമതയുടെ ആരോപണം. തന്റെ ഹർജിയിൽ ഒരുഭാഗത്ത് ബിജെപി നേതാവായതിനാൽ പക്ഷപാതത്വത്തിനുള്ള സാധ്യതയാണ് മമത ആരോപിക്കുന്നത്.

കൊൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദയുടെ സ്ഥിര നിയമനത്തെ താൻ മുമ്പ് എതിർത്തിരുന്നു. ഇതും താൻ നൽകിയ ഹർജി പരിഗണനക്ക് വരുമ്പോൾ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും മമത വ്യക്തമാക്കി.

'നീതി വേണം, അത് നടപ്പാക്കുകയും വേണം' - ജൂഡീഷ്യറിയിൽ പൊതുജനങ്ങൾക്കുള്ള ആത്മവിശ്വാസം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ അടിവരയിട്ടുകൊണ്ട് മമത കത്തിൽ കുറിച്ചു.

ജസ്റ്റിസ് കൗഷിക് ചന്ദയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായി ഡെറിക് ഒബ്രിയാനും രംഗത്തെത്തി. ബിജെപി ബംഗാൾ അധ്യക്ഷൻ ദീലീപ് ഘോഷുമൊത്ത് ജസ്റ്റിസ് ചന്ദ ബിജെപി ലീഗൽ സെല്ലിന്റെ പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. 2019-ൽ ജസ്റ്റിസ് ചന്ദ അഭിഭാഷകനായിരുന്നപ്പോൾ ബിജെപിയെ പ്രതിനിധീകരിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.