- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമതാ ബാനർജിയുടെയും എംഎ സോഷ്യലിസത്തിന്റെയും വിവാഹം പുതിയ സഖ്യത്തിനുള്ള തുടക്കം തന്നെ; ആരാണ് മമതാ ബാനർജിയും എംഎ സോഷ്യലിസവും? ആ പേരുകൾക്ക് പിന്നിലുള്ള കഥയെന്ത്?
സേലം: സേലത്ത് കഴിഞ്ഞ ദിവസം മമതാ ബാനർജിയും സോഷ്യലിസവും വിവാഹിതരായെന്ന വാർത്ത ഏറെ കൗതുകത്തോടെയാണ് എല്ലാവരും വായിച്ചത്. ബംഗാളിലെ വിഭാഗമായ ബാനർജി എന്ന വാലോട് കൂടിയ പേര് സേലത്തെ ഒരു പെൺകുട്ടിക്ക് ലഭിച്ചതെങ്ങനെയെന്ന് ചിന്തിക്കാത്തവർ വിരളം. വരൻ സോഷ്യലിസത്തിന്റെ സഹോദരരുടെ പേരുകൾ കൂടി കേട്ടതോടെ കൗതുകം ഇരട്ടിച്ചു. കമ്യൂണിസവും ലെനിസവും. എന്നാൽ വെറും കൗതുകത്തിന് വേണ്ടി ഇട്ട പേരുകളല്ല ഇവയൊന്നും. ഈ പേരുകൾക്ക് പിന്നിലും വലിയ രാഷ്ട്രീയ കാരണങ്ങളുണ്ട്. ഒരർത്ഥത്തിൽ കേരളത്തിൽ പരസ്പരം പല്ലും നഖവും ഉപയോഗിച്ച് പോരാടുന്ന കോൺഗ്രസ്- കമ്യൂണിസ്റ്റ് പാർട്ടികളുടെയും തമിഴ്നാട്ടിലെ ഒരു സഖ്യവേദി കൂടിയായിരുന്നു സേലത്ത് നടന്ന വിവാഹം.
വരൻ സോഷ്യലിസത്തിന്റെ പിതാവ് തമിഴ്നാട്ടിലെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാവാണ്. സിപിഐ സേലം ജില്ലാ സെക്രട്ടറി എ മോഹന്റെ മൂന്നു ആൺമക്കളിൽ ഏറ്റവും ഇളയ ആളാണ് സോഷ്യലിസം. മൂത്ത മകനാണ് കമ്മ്യൂണിസം. രണ്ടാമത്തെ മകൻ ലെനിനിസം. മോഹന്റെ അച്ഛനും മുത്തച്ഛനും കമ്മ്യൂണിസ്റ്റുകളായിരുന്നു 18 വയസ്സ് മുതൽ അദ്ദേഹം സിപിഐയുടെ അംഗവും മുഴുവൻ സമയ പാർട്ടി പ്രവർത്തകനുമാണ്. 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ വീരപാണ്ഡി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു മോഹൻ.
തൊണ്ണൂറുകളിൽ സോവിയറ്റ് യൂണിയൻ പല രാജ്യങ്ങളായി പിരിയുകയും,തകരുകയും ചെയ്തപ്പോൾ ലോകമെമ്പാടുമുള്ള വാർത്ത കമ്മ്യൂണിസം മരിച്ചു എന്നായിരുന്നു. ആ വാർത്തകൾ അന്നദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി, തന്റെ വിവാഹത്തിന് മുമ്പുതന്നെ ജനിക്കാൻ പോകുന്ന കുട്ടികൾക്ക് താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ പേരിടണമെന്ന് അദ്ദേഹം തീരുമാനിച്ചു.
മാർക്സ്, ലെനിൻ, സ്റ്റാലിൻ, ഏണസ്റ്റോ എന്നീ പേരുകൾ പാർട്ടി പ്രവർത്തകരും, അനുഭാവികളും ധാരാളമായി കുട്ടികൾക്ക് ഉപയോഗിക്കുന്ന സമയത്താണ് മോഹൻ തന്റെ മക്കൾക്ക് യഥാക്രമം കമ്മ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നീ പേരുകൾ ഇടുന്നത്. സ്കൂൾ കാലഘട്ടങ്ങളിൽ ആദ്യമൊക്കെ അവരുടെ പേരുകൾ കൊണ്ട് ചില ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും പിന്നീട് ആ പേരുകളുടെ വ്യത്യസ്തത കൊണ്ടുതന്നെ അവരെവിടെയും സുപരിചിതർ ആയിരുന്നു.
ആദ്യ മകൻ കമ്മ്യൂണിസം അഭിഭാഷകനാണ്. രണ്ടാമത്തെ മകൻ ലെനിനിസവും മൂന്നാത്തെ മകൻ സോഷ്യലിസവും വീട്ടിൽ തന്നെ ഒരു വെള്ളി ആഭരണ നിർമ്മാണ യൂണിറ്റ് നടത്തുകയാണ്. മൂന്ന് പേരും മുഴുവൻ സമയം സിപിഐ പ്രവർത്തകരാണ്. രണ്ടാമത്തെ മകൻ ലെനിനിസത്തിന്റെ കുട്ടിയുടെ പേര് മാർക്സിസം എന്നാണ്.
സോഷ്യലിസത്തിന്റെ വധു മമതാ ബാനർജി ഒരു കോൺഗ്രസ് കുടുംബത്തിൽ നിന്നാണ് വരുന്നത്. മമത ബാനർജിയുടെ മുത്തച്ഛനും അച്ഛനും അമ്മയും ഉൾപ്പെടെയുള്ള കുടുംബം എല്ലാം കോൺഗ്രസ് പ്രവർത്തകരാണ്. 20 വർഷങ്ങൾക്ക് മുൻപ് മമതാ ബാനർജി പശ്ചിമ ബംഗാൾ കോൺഗ്രസിൽ ഉദിച്ചു നിന്നിരുന്നതിന്റെ ഓർമ്മയ്ക്കാണ് മമതാ ബാനർജിക്ക് അവരുടെ അച്ഛനമ്മമാർ അങ്ങനൊരു പേരും ഇട്ടത്.
ഇന്നലെ മോഹന്റെ വീട്ടിൽ വച്ച് സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി ആർ മുത്തരസനടക്കം 50 പേരോളം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് സോഷ്യലിസവും, മമതാ ബാനർജിയും വിവാഹിതരായത്..
മറുനാടന് മലയാളി ബ്യൂറോ