- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമിത്ഷായും മോദിയും ഒരുമിച്ചു നിന്നിട്ടും ആരെയും കൂസാത്ത പ്രകൃതം; ബിജെപിയോട് പോരാട്ടം 'അടിക്ക് ഉത്തരം മുറിപ്പത്തൽ' എന്ന ശൈലിയിൽ; രാഹുൽ സ്വയം മങ്ങി ഇല്ലാതാകുമ്പോൾ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയർന്ന് മമത ബാനർജി; കോൺഗ്രസ് ഇല്ലാത്ത പ്രതിപക്ഷത്തിന്റെ നേതാവാകാൻ ദീദി
കൊൽക്കത്ത: ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് ബദലായി ഉയരുന്ന നേതാവ് ആരാണ്? രാഹുൽ ഗാന്ധിയും പ്രിയങ്കയും അടക്കമുള്ള നേതാക്കൾ തീർത്തും നിറം മങ്ങുനമ്പോൾ ബംഗാളി ടൈഗറിന്റെ പോരാട്ട വീര്യത്തിൽ യുദ്ധം തുടരുകയാണ് മമത ബാനർജി എന്ന പോരാളി. ബിജെപിയെ നേർക്കുനേർ നേരിട്ടു കൊണ്ടാണ് മമത ബംഗാൾ രാഷ്ട്രീയത്തിൽ നിറഞ്ഞാടുന്നത്. ബിജെപിയുടെ ശൈലിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുന്നതാണ് മമതയുടെ ശൈലി. അമിത്ഷായും മോദിയും ഒരുമിച്ചു നിന്നിട്ടും മമതയെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. എതിരാളിയെ അവരുടെ മടയിൽ പോയി നേരിടുക എന്നതാണ് മമതയുടെ ശൈലി. ആ ശൈലി കൊണ്ടാണ് നന്ദിഗ്രാമിൽ പോയി മമത മത്സരിച്ചത്. എന്നാൽ, പാർട്ടി അധികാരത്തിൽ എത്തിയപ്പോഴും നേരിയ വോട്ടുകൾക്ക് മമത തോൽവി രുചിച്ചു. എന്നാൽ, ഭവാനി പബരിൽ നിന്നും റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു കയറി മമത. ഇതോടെ ബംഗളിലെ ബിജെപി തന്ത്രങ്ങളെല്ലാം പൊളിഞ്ഞു.
ഇന്ത്യയിലെ ഏക വനിതാ മുഖ്യമന്ത്രിയെന്ന സ്ഥാനം ഒന്നുകൂടി ഉറപ്പിച്ച്, 58,832 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ബിജെപിയുടെ പ്രിയങ്ക ട്രിബ്രവാളിനെ തൃണമൂൽ സ്ഥാനാർത്ഥിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കീഴ്പ്പെടുത്തിയത്. മമതയെ ഇപ്പോഴും എതിരാളിയായി കാണുന്നു സിപിഎമ്മിന് കെട്ടിവെച്ച കാശും പോയ അവസ്ഥയിലുമായി. നന്ദിഗ്രാമിൽ നടന്ന ബിജെപി ഗൂഢാലോചനയ്ക്ക് ഉചിതമായ മറുപടിയെന്നാണ് ഭവാനിപുരിലെ വിജയത്തെ മമത വിശേഷിച്ചത്. ഏപ്രിൽ-മാർച്ച് മാസങ്ങളിലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത ബാനർജിക്ക് മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ഉപതിരഞ്ഞെടുപ്പു വിജയം അനിവാര്യമായിരുന്നു.
മോദിയെ നേരിടാൻ കെൽപ്പുള്ള രാഷ്ട്രീയ എതിരാളിയാര് എന്ന ചോദ്യം കുറച്ചായി ഉയരുന്നുണ്ട്. ആ ചോദ്യത്തിന് പതിയെ മമത ഉത്തരം നൽകുകയാണ്. കോൺഗ്രസിനെ മാറ്റി നിർത്തി പ്രതിപക്ഷത്തെ നേതാവാകാനുള്ള പരിശ്രമത്തിലാണ് മമത. ആ നിലയിലേക്ക് അവർ ഉയർന്നു കഴിഞ്ഞു. ശിവസേനയെ പോലുള്ളവരും മമതയെ അംഗീകരിക്കുമെന്ന് പറഞ്ഞു കഴിഞ്ഞു. മറ്റു രാഷ്ട്രീയ പാർട്ടികളും സമാന നിലപാടിലാണ്. ബംഗാളിൽ 'മിനി ഭാരത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭവാനിപുരിൽ നിന്നാണ് മമതയുടെ വിജയം എന്നത് ഏറെ ശ്രദ്ധേയമാണ്.
ജനസംഖ്യയുടെ 40 ശതമാനവും ഗുജറാത്തികളും പഞ്ചാബികളും മാർവാടികളും ബിഹാറികളുമാണ്. മമതയുടെ സ്വന്തം തട്ടകവുമാണ് ഭവാനിപുർ. 2011, 2016 വർഷങ്ങളിൽ ഇവിടെ നിന്നു ജയിച്ച മമത രാഷ്ട്രീയ വാശിക്കാണ് ഇത്തവണ നന്ദിഗ്രാമിൽ മത്സരിച്ചത്. വിശ്വസ്തനായ സുവേന്ദു അധികാരി ബിജെപിയിലേക്ക് മാറി നന്ദിഗ്രാമിൽ മത്സരിച്ചപ്പോൾ മമതയും നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാൻ അനുയായികൾ നിർബന്ധിച്ചെങ്കിലും മമത വഴങ്ങിയില്ല. അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരുക്കേറ്റ് ആശുപത്രിയിലായെങ്കിലും പിന്നീട് വീൽചെയറിൽ പ്രചാരണത്തിനെത്തി.
പ്ലാസ്റ്ററിട്ട കാലും മമത തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കി. പക്ഷേ പരാജയമായിരുന്നു ഫലം. 1,956 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുവേന്ദു ജയിച്ചു, പ്രതിപക്ഷനേതാവായി, സംസ്ഥാനത്ത് ബിജെപിയുടെ മുഖമായി. എന്നാൽ സംസ്ഥാനത്തു തൃണമൂൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയതിനെ തുടർന്ന് മുഖ്യമന്ത്രിയായി മമത അധികാരമേറ്റു. പക്ഷേ ആ സ്ഥാനത്തു തുടരണമെങ്കിൽ നവംബർ അഞ്ചിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. അതിനാൽ ഉപതിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പു കമ്മിഷനു മേൽ ബംഗാൾ സർക്കാർ സമ്മർദം ചെലുത്തി. കൃഷിമന്ത്രി സോവൻദേവ് ചാറ്റർജിയാണ് മമതയ്ക്കുവേണ്ടി ഭവാനിപുർ സീറ്റ് ഒഴിഞ്ഞുകൊടുത്തത്. മമതയ്ക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തില്ലെന്നു കോൺഗ്രസ് പ്രഖ്യാപിച്ചു.
മമതയ്ക്കെതിരായ കരുത്തുറ്റ എതിരാളിയെന്ന് വിശേഷിപ്പിച്ചാണ് അഭിഭാഷകയായ പ്രിയങ്ക ട്രിബ്രവാളിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ മമതയ്ക്കെതിരെ വിജയം നേടുമെന്ന അവകാശവാദവുമായി പ്രിയങ്കയും രംഗത്തെത്തിയിരുന്നു. സുവേന്ദുവിനെ പോലെ അട്ടിമറിയുണ്ടായാൽ, മമതയുടെ മുഖ്യമന്ത്രി കസേര തെറിപ്പിക്കാമെന്നു ബിജെപിയും കണക്കുകൂട്ടി. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രിയങ്ക നേടിയത് 26,320 വോട്ട് മാത്രം. എങ്കിലും ഈ കളിയിലെ താരം താനാണെന്ന് പ്രിയങ്ക പറയുന്നു. ''മമതാ ബാനർജിയുടെ ശക്തികേന്ദ്രത്തിൽ മത്സരിക്കുകയും 25,000 ത്തിലധികം വോട്ട് നേടുകയും ചെയ്തു. കഠിനാധ്വാനം തുടരും.'' പ്രിയങ്ക വ്യക്തമാക്കി.
34 വർഷം ബംഗാൾ ഭരിച്ച സിപിഎം ബംഗാളിന്റെ രാഷ്ട്രീയ ഭൂപടത്തിൽനിന്നു അപ്രത്യക്ഷമാകുന്നതിന്റെ ചിത്രം കൂടിയാണ് ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം. നോട്ടയ്ക്ക് കഷ്ടിച്ച് തൊട്ടുമുകളിൽ മാത്രമെത്തിയ ഇടതു സ്ഥാനാർത്ഥിയായ സിപിഎം നേതാവ് ശ്രിജിബ് ബിശ്വാസിന് നേടാനായത് വെറും 4,201 വോട്ട്. വൻ സുരക്ഷാ സന്നാഹത്തോടെയാണ് ഒക്ടോബർ 30ന് ഭവാനിപുരിൽ വോട്ടെടുപ്പു നടത്തിയത്. വോട്ടെടുപ്പു പൂർത്തിയാകുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 20 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു. അക്രമങ്ങൾക്കും ബൂത്തുപിടിച്ചെന്ന പരാതികൾക്കുമിടയിൽ മന്ദഗതിയിലാണ് വോട്ടെടുപ്പു പുരോഗമിച്ചത്.
കള്ള വോട്ട് ചെയ്തവരെ പിടികൂടിയതിനു പിന്നാലെ ബിജെപി നേതാവ് കല്യാൺ ചൗബെയുടെ കാർ തകർത്തതായും പരാതിയുണ്ടായി. ബിജെപിയുടെ 23 പരാതി അടക്കം തിരഞ്ഞെടുപ്പ് കമ്മിഷന് 40 പരാതി ലഭിച്ചു. 54 ശതമാനം പോളിങ് രേഖപ്പെടുത്തി. അന്നേദിവസം വോട്ടെടുപ്പ് നടന്ന സംസർഗഞ്ചിലും ജംഗിപുരിലും രേഖപ്പെടുത്തിയത് യഥാക്രമം 76, 72 ശതമാനം പോളിങ്.
ദീദിയുടെ പോരാട്ടം ഇനി ദേശീയ തലത്തിൽ
ദേശീയ തലത്തിൽ തൃണമൂൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളിലേക്ക് മമത ബാനർജി കടന്നു കഴിഞ്ഞു. ദേശീയ തലത്തിൽ ഇപ്പോൾ കൂടുതൽ കരുത്തയാണ് മമത ബാനർജി. മോദിയെ തോൽപ്പിക്കാൻ കഴിവുള്ള നേതാവെന്ന വിശേഷണവും അവർക്ക് ലഭിച്ചു. തൃണമൂൽ കോൺഗ്രസിന്റെ സ്വാധീനം ബംഗാളിനപ്പുറത്തേക്ക് വളർത്താനുള്ള കഠിന പ്രയത്നത്തിലാണ് മമതയും പാർട്ടിയും. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗോവയിലും ത്രിപുരയിലും ഇതിനോടകം തൃണമൂൽ കോൺഗ്രസ് സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ബിജെപി ഇതര ബദൽ കെട്ടിപ്പടുക്കുന്നതിനായി മറ്റു പ്രതിപക്ഷ പാർട്ടികളുമായി ചർച്ച പുരോഗമിക്കുന്നു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മമതയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായവും പല കോണുകളിൽ ഉയരുന്നുണ്ട്. താമര തണ്ടൊടിക്കാൻ തക്കംപാർത്തിരിക്കുന്ന മമതയ്ക്ക് അതിനുള്ള ഉജ്ജ്വല ചുവടുവയ്പ്പുകൂടിയാണ് ഭവാനിപുരിലെ വിജയം.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ശക്തമായ എതിരാളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന 'ബംഗാളിന്റെ ദീദിക്ക്' അഭിമാന പോരാട്ടമായിരുന്നു ഭവാനിപുരിലെ ഉപതിരഞ്ഞെടുപ്പ്. ശക്തമായ ബിജെപി ആക്രമണവും കോൺഗ്രസ്-സിപിഎം സഖ്യവും അങ്ങിങ്ങ് മുളച്ചുപൊന്തിയ ഭരണവിരുദ്ധ വികാരവും മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലേറ്റിയെങ്കിലും മുൻ വിശ്വസ്തനോട് അടിയറവു പറയേണ്ടി വന്നു. ഇതോടെ ഇനി മമതയുടെ കളികൾ ദേശീയ തലത്തിലേക്ക് കടക്കുകയാണ്.
മറുനാടന് ഡെസ്ക്