കൊൽക്കത്ത: പശ്ചിമബംഗാൾ സംഘർഷത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി. എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിർദ്ദേശം. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം.കൊൽക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്.

ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തി ജൂലൈ 15ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ബലാത്സംഗം, കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളിൽ അന്വേഷണം സിബി്ഐയ്ക്ക് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.

50 പേജുള്ള മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിയമപാലനം ഉറപ്പാക്കുന്നതിന് പകരം ഭരിക്കുന്നവരുടെ കൽപ്പനകൾ നടപ്പാക്കുന്നതാണ് കണ്ടത്. ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർ മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ അണികൾക്കെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘത്തിന് രൂപം നൽകാനും ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡൽ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അക്രമത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു.