- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ ബംഗാളിയാണെന്നാണ് എന്നോടു പറയുന്നത്; അപ്പോൾ അദ്ദേഹം ആരാണ്?; ഒരു ഗുജറാത്തുകാരനു രാജ്യം ചുറ്റാം; ബംഗാളിക്ക് അതിനു പറ്റില്ലേ?'; നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മമത
പനാജി: ഒരു ഗുജറാത്തുകാരനു രാജ്യം ചുറ്റാമെങ്കിൽ ഒരു ബംഗാളിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന ചോദ്യം ഉന്നയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗോവയിലെ യോഗത്തിനിടെയാണു മമതയുടെ പരാമർശം.
'ഞാൻ ബംഗാളിയാണെന്നാണ് എന്നോടു പറയുന്നത്. അപ്പോൾ അദ്ദേഹം (നരേന്ദ്ര മോദി) ആരാണ്? ഗുജറാത്തിയാണ്. ഗുജറാത്തിയായതു കൊണ്ട് ഇവിടെ വരാൻ പാടില്ലെന്ന് അദ്ദേഹത്തോടു പറയുമോ? ഒരു ബംഗാളിക്കു ദേശീയഗാനം എഴുതാം. അതേ സമയം മറ്റൊരു ബംഗാളിക്കു ഗോവയിലേക്കു വരാൻ പാടില്ല എന്നാണോ?
'മഹാത്മാ ഗാന്ധിയെ എല്ലാവരും ആദരിക്കുന്നുണ്ട്. അദ്ദേഹം ബംഗാളിൽനിന്നോ ബംഗാളിനു പുറത്തുനിന്നോ ഗോവയിൽനിന്നോ യുപിയിൽനിന്നോ ആണോയെന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ? എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ചു കൊണ്ടുപോകുന്ന ആളാണു ദേശീയ നേതാവ്' മമത പറഞ്ഞു.
ഗോവൻ രാഷ്ട്രീയത്തിലേക്കുള്ള തൃണമൂൽ കോൺഗ്രസിന്റെ പ്രവേശനത്തെ മറ്റു പാർട്ടികൾ ചോദ്യം ചെയ്തു. എന്നാൽ പാർട്ടി നേതാക്കളെ നിയന്ത്രിക്കാനല്ല, മറിച്ച് അവർക്കു പിന്തുണ നൽകാനാണു ഗോവയിലെത്തിയതെന്നും മമത പറഞ്ഞു.
ബിജെപിയെ തോൽപിക്കാൻ കോൺഗ്രസിനാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് തൃണമൂൽ മത്സരിക്കുന്നതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എംപി മഹുവ മൊയ്ത്ര നേരത്തെ പ്രതികരിച്ചിരുന്നു.
ബംഗാളിന് പുറത്ത് ആദ്യത്തെ ബലപരീക്ഷണത്തിന് ഒരുങ്ങുകയാണ് മമത. ഒരു വേരും പറയാനില്ലാത്ത ഗോവയിൽ ഒന്നിൽ നിന്ന് തുടങ്ങുന്നു പാർട്ടി. സംസ്ഥാന ഭാരവാഹികളെയൊന്നും തീരുമാനിക്കാത്തതിനാൽ എല്ലാം നിയന്ത്രിക്കുന്നത് പ്രശാന്ത് കിഷോറിന്റെ ഐപാക് കമ്പനിയിലെ ജീവനക്കാർ. മുന്നൂറോളം പേരെയാണ് ഗോവയിൽ നിയോഗിച്ചത്.
ന്യൂസ് ഡെസ്ക്