- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിക്ക് എതിരെ ദേശീയ തലത്തിൽ സഖ്യ രൂപീകരണം; പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കാനൊരുങ്ങി മമത ബാനർജി; മുതിർന്ന നേതാക്കളെ ക്ഷണിക്കും
കൊൽക്കത്ത: ബിജെപിക്ക് എതിരെ ദേശീയ തലത്തിൽ സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രധാനപ്പെട്ട നേതാക്കളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡൽഹിയിലെ ബംഗാ ഭവനിൽ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു ചേർക്കാനാണ് നീക്കം. തൃണമൂൽ കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം.
ജൂലായ് 28 ന് വൈകിട്ട് മൂന്നിന് യോഗം ചേരാനാണ് ആലോചിക്കുന്നത് എന്നാണ് സൂചന. പ്രതിപക്ഷ ഐക്യവുമായി ബന്ധപ്പെട്ട് മമത നിർണ്ണായക നീക്കങ്ങൾ നടത്തുമെന്ന് നേരത്തെ സൂചനകൾ ലഭിച്ചിരുന്നു. അന്നു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത കൂടിക്കാഴ്ച നടത്തുന്നത്.
രോഗി മരിക്കുന്നതിന് മുൻപാണ് ചികിത്സ നൽകേണ്ടതെന്നും രോഗി മരിച്ചാൽ പിന്നൊന്നും ഡോക്ടർക്ക് ചെയ്യാനില്ലെന്നും ഒരു യോഗത്തിൽ മമത പറഞ്ഞിരുന്നു. പ്രതിപക്ഷ ഐക്യം രൂപപ്പെടേണ്ടത് ഇപ്പോഴാണെന്ന് സൂചിപ്പിച്ചാണ് മമത ഇക്കാര്യം പറഞ്ഞത്. 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കാനുള്ള നീക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിക്കുകയാണ് തൃണമൂലിന്റെ ലക്ഷ്യം. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾ സുപ്രധാന നീക്കം നടത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളുടെ ഒരു യോഗം 21 ന് അവർ വിളിച്ചുചേർത്തിരുന്നു. എൻസിപി നേതാവ് ശരദ് പവാർ, മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം തുടങ്ങിയവർ പങ്കെടുത്തിരുന്നു. തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും ഡൽഹിയിലെത്തി. പ്രതിപക്ഷ ഐക്യം യാഥാർഥ്യമാക്കുന്നതിൽ ഇരുവരും സുപ്രധാന പങ്ക് വഹിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
ജൂലായ് 21 ന് ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടന്ന യോഗത്തിൽ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു ചേർക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവെന്നാണ് തൃണമൂൽ വൃത്തങ്ങൾ നൽകുന്ന സൂചന. കോവിഡ് നിയന്ത്രണ വിധേയമായാൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവർ അടക്കമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ഡൽഹിയിൽ റാലി നടത്തുമെന്നും മമത യോഗത്തിൽ പ്രഖ്യാപിച്ചു.
21 ന് നടന്ന യോഗത്തിൽ പവാറിനും ചിദംബരത്തിനും പുറമെ സുപ്രിയ സുലെ (എൻസിപി), ദിഗ്വിജയ് സിങ് (കോൺഗ്രസ്), രാം ഗോപാൽ യാദവ്, ജയാ ബച്ചൻ (എസ്പി), തിരുച്ചി ശിവ (ഡിഎംകെ), കേശവ റാവു (ടിആർഎസ്), സഞ്ജയ് സിങ് (എഎപി), മനോജ് ഝാ (ആർജെഡി), പ്രിയങ്ക ചതുർവേദി (ശിവസേന) തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഈ പാർട്ടികളുടെയെല്ലാം മുതിർന്ന നേതാക്കൾ ബംഗാ ഭവനിൽ മമത വിളിച്ചു ചേർക്കുന്ന യോഗത്തിലും പങ്കെടുക്കേത്തും.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഹുൽ ഗാന്ധിയും ശരദ് പവാറും അടക്കമുള്ള നേതാക്കളുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ജൂലായ് 21 ന് വിളിച്ചുചേർത്ത യോഗത്തിൽ ഇനി ഒരു ദിവസം പോലും പാഴാക്കാനില്ലെന്ന് മമത പ്രതിപക്ഷത്തെ നേതാക്കളോട് പറഞ്ഞിരുന്നു. വ്യക്തിപരമായ താത്പര്യങ്ങൾ മാറ്റിവച്ച് രാജ്യതാത്പര്യത്തിനുവേണ്ടി ഒന്നിക്കണം. ഒന്നിച്ചു നിന്ന് ഒരു മുന്നണി ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ ഒരുകാലത്തും നമ്മോട് പൊറുക്കില്ലെന്നും മമത പറഞ്ഞിരുന്നു.
ജൂൺ 22 ന് മുൻ കേന്ദ്രമന്ത്രിയും തൃണമമൂൽ കോൺഗ്രസ് വൈസ് പ്രസിഡന്റുമായ യശ്വന്ത് സിൻഹ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ ആയിരുന്നു യോഗം. യോഗത്തിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നാണ് പിന്നീട് നേതാക്കൾ അവകാശപ്പെട്ടത്.
ന്യൂസ് ഡെസ്ക്