- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടബലാത്സംഗ ആരോപണം വ്യാജം; പ്രചരിപ്പിച്ചത് ബംഗ്ലാദേശിലെ സ്ത്രീയുടെ ചിത്രം; ബിജെപിക്കാരെ വകവരുത്തുന്ന തൃണമൂൽ ആക്രമങ്ങൾ എങ്ങും വ്യാപകം; ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്രം; മുന്നറിയിപ്പുമായി ഗവർണ്ണറും; മമത അധികാരം ഏറ്റിട്ടും അശാന്തി പുകഞ്ഞ് ബംഗാൾ
കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ തുടങ്ങിയ അക്രമങ്ങളിൽ സംസ്ഥാന ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്ര സർക്കാർ. അക്രമങ്ങളിൽ സംസ്ഥാനത്തുകൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയിരുന്നു. അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും സംസ്ഥാനത്ത് നിയമവാഴ്ച പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഗവർണർ ജഗദീപ് ധൻഖർ മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ടു.
തുടർച്ചായ മൂന്നാം തവണയും ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ബുധനാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ കേന്ദ്ര സർക്കാർ റിപ്പോർട്ട് ചോദിക്കുകയും ചെയ്തു. അക്രമസംഭവങ്ങൾക്കെതിരായ നടപടി വിലയിരുത്താൻ മുഖ്യമന്ത്രി മമത ബാനർജി ചൊവ്വാഴ്ച ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്നിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് അക്രമം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമെങ്കിൽ സമാധാനം പുനഃസ്ഥാപിക്കാൻ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കണമെന്നുമാണ് മമത യോഗത്തിൽ നിർദ്ദേശിച്ചത്. എന്നിട്ടും അക്രമം അവസാനിച്ചില്ല.
ബിർഭുമിൽ നാനൂരിൽ സ്ത്രീകൾക്കു നേരെ അതിക്രമമുണ്ടായെന്ന റിപ്പോർട്ടുകൾ പൊലീസ് നിഷേധിച്ചു. നാനൂരിൽ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചതായും മറ്റ് ചില സ്ത്രീകളെ ആക്രമിച്ചതായും സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് ബിർഭും എസ്പി എൻ.എൻ.ത്രിപാഠി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി സ്വപൻ ദാസ് ഗുപ്ത നാനൂരിലെ സ്ത്രീകൾക്കു നേരെ ചിലർ അതിക്രമം നടത്തിയതായി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇത് ബംഗ്ലാദേശിൽ മുമ്പുണ്ടായ അക്രമത്തിൽ പരിക്കേറ്റ സ്ത്രീയുടെ ചിത്രമാണ്. ഈ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നടപടി എടുക്കും.
ഈ വ്യാജ ആരോപണം ചർച്ചാ വിഷയമാക്കാനാണ് തൃണമൂലിന്റെ ശ്രമം. എന്നാൽ അക്രമങ്ങൾ തുടരുകയാണെന്നും പല ബിജെപിക്കാരും അസമിലേക്ക് നാടുവിടുകയാണെന്നും ബിജെപി പറയുന്നു. ബിജെപി പ്രവർത്തകരെ തെരഞ്ഞു പിടിച്ചാണ് തൃണമൂലുകാർ ആക്രമിക്കുന്നത്. പൊലീസ് ഒന്നും ചെയ്യുന്നില്ല. ബി എസ് എഫ് ജവാന്റെ കുടുംബത്തിന് നേരേയും ആക്രമമുണ്ടായെന്ന് റിപ്പോർട്ടുണ്ട്. കാര്യങ്ങൾ കൈവിട്ടു പോകുകയാണെന്നതാണ് വസ്തുത. ഇത് ബിജെപി ദേശീയ തലത്തിൽ പ്രചരണ വിഷയവുമാക്കുന്നുണ്ട്. ഇനി ഗവർണ്ണറുടെ ഇടപെടലും നിർണ്ണായകമാണ്.
ഇതിനിടെയാണ് ഗവർണ്ണർ ഇടപെടലുമായി എത്തുന്നത്. ''തിരഞ്ഞെടുപ്പിന് ശേഷമുള്ള വിവേകശൂന്യവും ഭയാനകവുമായ അക്രമങ്ങൾ അവസാനിപ്പിക്കുക എന്നതിനാകണം ആദ്യ മുൻഗണന. നിയമവാഴ്ച പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്ന് പ്രതീക്ഷയുണ്ട്' ഗവർണ്ണർ പറഞ്ഞു. പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപിയും തൃണമൂൽ കോൺഗ്രസും ആരോപിച്ചിരുന്നു. ഓഫിസുകൾ തീവച്ചു നശിപ്പിച്ചതായും പ്രവർത്തകരുടെ കടകളും സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിച്ചതായും ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. സ്ത്രീകൾക്കു നേരെ അതിക്രമമുണ്ടായതായും ആരോപണമുണ്ട്.
മമതയുടെ വസതിയിൽ ഇന്നലെ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ, ആഭ്യന്തര സെക്രട്ടറി എച്ച്. കെ.ദ്വിവേദി, ഡിജിപി പി.നിരഞ്ജനൻ, കൊൽക്കത്ത പൊലീസ് കമ്മിഷണർ സൗമിൻ മിത്ര തുടങ്ങിയവർ പങ്കെടുത്തു. സംഘർഷ സ്ഥലങ്ങളിൽ പൊലീസ് നിരീക്ഷണം വർധിപ്പിക്കാനും മമത നിർദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗവർണർ ജഗദീപ് ധൻഖറിനോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഇക്കാര്യത്തിൽ റിപ്പോർട്ട് തേടുകയും ചെയ്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ചൊവ്വാഴ്ച ബംഗാളിലെത്തി അക്രമത്തിനിരയായവരുടെ കുടുംബങ്ങളെ സന്ദർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ