ന്യൂഡൽഹി: തനിച്ചുനിന്നാൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാനാവില്ലെന്ന ഉറപ്പ് ഇന്ത്യയിലെ മറ്റെല്ലാ രാഷ്ട്രീയപാർട്ടികൾക്കുമുണ്ട്. വർഗീയ രാഷ്ട്രീയത്തിനെതിരേ ഒന്നിച്ചുനിൽക്കണമെന്ന ആഗ്രഹവും അവർക്കുണ്ട്. എന്നാൽ, പ്രാദേശികവും അല്ലാത്തുമായ ഭിന്നിപ്പുകളാണ് അതിൽനിന്ന് അവരെ മെല്ലെ പിന്നോട്ടടിപിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായതോടെ, അത്തരം ഭിന്നതകൾ നീക്കിവെച്ച് രാജ്യത്തിനുവേണ്ടി ഒന്നിക്കുകയെന്ന തീരുമാനത്തിലേക്ക് പതുക്കെ പ്രതിപക്ഷ കക്ഷികൾ ഒന്നൊന്നായി എത്തിക്കൊണ്ടിരിക്കുകയാണ്.

പ്രധാനമന്ത്രി പദം മോഹിക്കുന്ന ഒട്ടേറെപ്പേർ ഉണ്ടെന്നും അതുകൊണ്ടുതന്നെ വിശാല സഖ്യം വിജയിക്കില്ലെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ബിജെപി നേതൃത്വം. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരീവാളും ടി.ആർ.എസ് നേതാവ് കെ.ചന്ദ്രശേഖർ റാവുവുമൊക്കെ അക്കൂട്ടത്തിലുണ്ടാവുമെന്നാണ് ബിജെപി കരുതിയത്. എന്നാൽ, മമത ബാനർജി ഡൽഹിയിലെത്തി സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയത് അവരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്.

ബംഗാളിൽ അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തൃണമൂൽ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സുമായി ചേർന്ന് ബിജെപിക്കെതിരെ വിശാല മുന്നണിയുണ്ടാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ പലരും വിലയിരുത്തിയത്. ബുധനാഴ്ച ഡൽഹിയിലെത്തി മമത സോണിയയെ കണ്ടതോടെ, അത്തരമൊരു നീക്കുപോക്കിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി.

കോൺഗ്രസ്സുമായി ചേർന്നുള്ള തിരഞ്ഞെടുപ്പ് സഖ്യത്തെ സിപിഎം, പ്രത്യേകിച്ച് പാർട്ടിയിലെ കേരളഘടകം ശക്തിയായി എതിർക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ബംഗാളിൽ തൃണമൂലിന് കോൺ്ഗ്രസ്സിന്റെ സഹായം ആവശ്യമില്ലെങ്കിലും ദേശീയ തലത്തിൽ കോൺഗ്രസ്സിനുള്ള പ്രസക്തി മനസ്സിലാക്കിയാണ് മമത ബാനർജി ഈ വഴി തിഞ്ഞെടുക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. കോൺഗ്രസ്സിനെ അംഗീകരിക്കാൻ സന്നദ്ധതയുള്ള പ്രാദേശിക പാർട്ടികളെ അണിനിരത്തി ബിജെപിയെ ചെറുക്കുകയെന്നതാവും അവരുടെ ലക്ഷ്യം.

കർണാടകത്തിൽ കോൺഗ്രസ് വിജയിക്കുമെന്നാണ് കരുതുന്നതെന്ന് മമത ബാനർജി പറഞ്ഞു. കർണാടകത്തിൽ കോൺഗ്രസ് ഭരണം നിലനിർത്തുകയാണെങ്കിൽ അത് ദേശീയ തലത്തിൽത്തന്നെ ബിജെപി വിരുദ്ധ വികാരം ശക്തമാക്കുമെന്ന് മമത കരുതുന്നുണ്ട്. ഇക്കൊല്ലമൊടുവിൽ രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ചത്തീസ്ഗഢിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലും അത് നിർണായകമാകും. ഇവിടെയെല്ലാം കോൺഗ്രസ്സാണ് ബിജെപിയെ ചെറുക്കുന്നത്. അത് വിജയിച്ചാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ സഖ്യമായി നീങ്ങാനാവുമെന്നാണ് മറ്റു പ്രാദേശിക പാർട്ടികളെപ്പോലെ തൃണമൂലിന്റെയും പ്രതീക്ഷ.

ബിജെപി.ക്കെതിരേ ഓരോ സംസ്ഥാനത്തും ഏറ്റവും ശക്തിയുള്ള പ്രതിപക്ഷ പാർട്ടി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നൽകണമെന്നും ശക്തിയില്ലാത്ത മറ്റുപാർട്ടികൾ അവരെ പിന്തുണയ്ക്കണമെന്നുമാണ് മമത മുന്നോട്ടുവയ്ക്കുന്ന രാഷ്ടീയ തന്ത്രം. ബിജെപി.ക്കെതിരേ ഈ രീതിയിൽ പരമാവധി എംപി.മാരെ ജയിപ്പിക്കാൻ കഴിയുമെന്ന് വിവിധ കക്ഷിനേതാക്കളോട് മമത വിശദീകരിക്കുന്നു. സോണിയയുമായുള്ള കൂടിക്കാഴ്ചയെ സൗഹൃദസന്ദർശനം എന്നാണ് മമത വിശേഷിപ്പിച്ചതെങ്കിലും ബിജെപി.ക്കെതിരായ പൊതുനീക്കങ്ങൾ ചർച്ചയായി. കോൺഗ്രസിന് ശക്തിയുള്ള സംസ്ഥാനങ്ങളിൽ മറ്റു പ്രതിപക്ഷപാർട്ടികൾ അവരെ സഹായിക്കണമെന്നും തിരിച്ച് കോൺഗ്രസും ആ സമീപനം സ്വീകരിക്കണമെന്നും മമത ആവശ്യപ്പെട്ടു.

ബിജെപി. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വിമതനേതാക്കളായ അരുൺ ഷൂരി, യശ്വന്ത് സിൻഹ, ശത്രുഘൻ സിൻഹ എന്നിവരുമായും മമത ചർച്ചകൾ നടത്തി. പ്രതിപക്ഷപാർട്ടികൾ ഒരുമിച്ചുനിന്നാൽ പൊതുതിരഞ്ഞെടുപ്പിൽ 69 ശതമാനം വോട്ടുസമാഹരിക്കാമെന്ന് ഷൂരി അടുത്തകാലത്ത് അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനങ്ങളിൽ ബിജെപി.വിരുദ്ധ സഖ്യങ്ങൾ പടുത്തുയർത്തുന്നതിന്റെ ഭാഗമായി സമാജ്!വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായും ബി.എസ്‌പി. നേതാവ് മായാവതിയുമായും ചർച്ചനടത്താനുള്ള സന്നദ്ധത മമത നേരത്തേതന്നെ അറിയിച്ചിരുന്നു.