മുംബൈ: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വാനോളം പുകഴ്‌ത്തി ശിവസേന മുഖപത്രം. ശിവസേനാ തലവൻ ഉദ്ധവ് താക്കറയും മമതാ ബാനർജിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇത്. ബിജെപി വിരുദ്ധ മുന്നണി രൂപീകരണത്തിന് ആക്കം കൂട്ടാനുള്ള ശിവസേനാ നീക്കമാണ് നടക്കുന്നതെന്നാണ് വിലയിരുത്തൽ.

ബംഗാളിൽ ഇടതുപാർട്ടികളെ ഒറ്റയ്ക്ക് നിന്ന് നേരിടുന്ന പുലിയാണ് മമതയെന്നാണ് പാർട്ടി മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയൽ പ്രശംസിക്കുന്നത്. ഉദ്ധവ് താക്കറെയുമായി മമതയ്ക്കുള്ള സൗഹൃദവും എഡിറ്റോറിയലിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഇടതുപാർട്ടികളെ ഒറ്റയ്ക്ക് നേരിട്ട് ബംഗാൾ പിടിച്ച മമത ഒരു പുലിയാണ്. തിരഞ്ഞെടുപ്പുകൾ ജയിക്കാൻ അവർക്ക് വോട്ടിങ് മെഷീനിൽ കൃത്രിമം കാണിക്കുകയോ, വോട്ടിന് പണം നൽകുകയോ ചെയ്യേണ്ടി വന്നിട്ടില്ല.... സാമ്നയുടെ മുഖപ്രസംഗത്തിൽ പറയുന്നു. ഇതും ബിജെപിയെ കുറ്റപ്പെടുത്തുന്ന ശിവസേനയുടെ നിലപാടാണ്.

മമതയെ ആവോളം പ്രശംസിക്കുന്ന മുഖപ്രസംഗം മമതയ്ക്കും ശിവസേനയ്ക്കും ഇടതുപാർട്ടികളോടുള്ള എതിർപ്പിനെപ്പറ്റിയും പറയുന്നുണ്ട്.
വ്യാവസായിക നഗരമായ മുംബൈയിൽ ട്രേഡ് യൂണിയനുകൾ വേരുറപ്പിക്കുന്നതിനെതിരെ നിലപാട് സ്വീകരിച്ച ശിവസേന അരനൂറ്റാണ്ടിലേറെയായി ഇടതുപാർട്ടികളോട് അകൽച്ച പാലിക്കുന്നവരാണ്. അതേസമയം ബിജെപി അധ്യക്ഷൻ അമിത് ഷായുടെ കടുത്ത വൈരിയായി വിശേഷിപ്പിക്കപ്പെടുന്ന നേതാവാണ് മമത. അതുകൊണ്ടാണ് ശിവസേനയുടെ നിലപാട് ചർച്ചയാകുന്നത്.

നോട്ട് നിരോധനം-ജിഎസ്ടി എന്നിവയുടെ പേരിൽ ബിജെപിയെ നിരന്തരം വിമർശിക്കുന്ന ഇരുപാർട്ടികൾക്കും 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു ബിജെപി വിരുദ്ധ മുന്നണി രൂപവത്കരിക്കാനുള്ള ആലോചനകളിലാണെന്നാണ് റിപ്പോർട്ട്.