കൊല്ലം: വനത്തിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ വനിതാ വീഡിയോ വ്‌ളോഗർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്. വ്‌ളോഗർ അമല അനുവിനെ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. അതുകൊണ്ട് തന്നെ അറസ്റ്റിലായാൽ അനുവിനെ ജയിലിൽ അടയ്‌ക്കേണ്ടി വരും.

8 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും അമല അനു ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് വനംവകുപ്പ് നീക്കം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥർ പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകൾ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ (പുനലൂർ വനം കോടതി) വിശദമായ റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിൽ അനു മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമെന്നും സൂചനയുണ്ട്.

കാട്ടിനുള്ളിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് അമല അനുവിനെതിരെ വനം വകുപ്പ് കേസെടുത്തത്. റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയാണ് കിളിമാനൂർ സ്വദേശി അമല അനു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ഇതിന് പിന്നാലെ വനം വകുപ്പ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. വനത്തിൽ അതിക്രമിച്ചു കയറുകയും കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിക്കുയും ചെയ്തുവെന്നാണ് യൂട്ഊബർക്കെതിരായ കേസ്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ അമല അനുവിനെ കാട്ടാന ഓടിച്ചിരുന്നു. വനത്തിനുള്ളിൽ ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ അമല അനു പകർത്തിയെന്നാണ് വനം വകുപ്പ് പറയുന്നത്.

അമല അനുവിന് ചോദ്യം ചെയ്യലിനു ഹാജരാകുന്നതിനു നോട്ടിസ് നൽകിയിരുന്നു. ഒളിവിൽ പോയ ഇവരെ കണ്ടെത്താൻ കഴിയാത്തതിനാൽ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ അമ്മയുടെ കൈവശം നോട്ടിസ് നൽകി മടങ്ങി. നോട്ടിസ് കൈപ്പറ്റി 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നാണ് ആവശ്യം. ഇന്നു വൈകുന്നേരത്തിനകം ഹാജരായില്ലെങ്കിൽവാറന്റ് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യാനാണ് വനം വകുപ്പ് നീക്കം. 1962ലെ വനം വന്യ ജീവി നിയമം അനുസരിച്ചായതിനാൽ റിമാൻഡ് ചെയ്ത ശേഷമേ ജാമ്യം പരിഗണിക്കൂവെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

അനുവിനെതിരെ അമ്പനാട് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അജയകുമാറാണ് കേസെടുത്തിരിക്കുന്നത്. പുനലൂരിനും തെന്മലയ്ക്കും ഇടയിലുള്ള സംരക്ഷിത വനമേഖലയിലൂടെ ഇവർ യാത്ര ചെയ്യുകയും കാട്ടാന എവിടെയെന്നു കണ്ടെത്തിയശേഷം ആനയുടെ സമീപമെത്തി ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു.വ്ലോഗറെ കാട്ടാന ഓടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പുനലൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഷാനവാസിന്റെ നിർദേശപ്രകാരമായിരുന്നു കേസെടുത്തത്.

കൊല്ലം മാമ്പഴത്തറ വനത്തിൽ ഹെലിക്യാം ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം ആനയെ അടുത്ത് കാണാൻ അമല സാഹസികമായി കാട്ടിലേക്ക് കയറുന്നതും കലിപൂണ്ട കാട്ടാന അമലയെ ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ അന്ന് അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ചില ട്രോൾ ഗ്രൂപ്പുകളിലും ഓൺലൈൻ പേജുകളിലുമായി വൈറലായി.

തുടർന്ന് വനം വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടതോടെ വീഡിയോ പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. കേസെടുത്തെന്നറിഞ്ഞതോടെ അമല തന്റെ പേജിൽ നിന്നും വീഡിയോ നീക്കം ചെയ്തു.