തിരുവനന്തപുരം: മലയാളം സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാറിനെ പൊലീസ് ബലാത്സംഗ കേസിലെ ഗൂഢാലോചനയിൽ അഴിക്കുള്ളിലാക്കുന്നത്. എല്ലാവരും ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയിരുന്നിടത്തു നിന്നാണ് ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ മാറിയത്. കേസ് അന്വേഷണത്തിന്റെ പല ഘട്ടത്തിലും കേസ് ഒതുക്കാനും ദിലീപിനെ രക്ഷിക്കാനും ശ്രമങ്ങൾ ശക്തമായിരുന്നു. ഇതിന് വേണ്ടി ചുക്കാൻ പിടിച്ചവരുടെ കൂട്ടത്തിൽ രാഷ്ട്രീയ ബന്ധമുള്ള സിനിമാക്കാരായിരുന്നു താനും. കൊല്ലം എംഎൽഎ മുകേഷിനെ മുൻനിർത്തിയായിരുന്നു കേസ് ഒതുക്കാനുള്ള ശ്രമങ്ങൾ നടന്നത്. എന്നാൽ, ഈ ഘട്ടത്തിൽ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വിഷയത്തിൽ മൗനം പാലിച്ചത് പല വിധത്തിൽ വിലയിരുത്തപ്പെടുന്നുണ്ട്.

അമ്മയുടെ യോഗത്തിൽ മുകേഷും ഗണേശും വൈകാരികമായി പ്രതികരിച്ചപ്പോഴും മമ്മൂട്ടി മൗനം പാലിക്കുകയായിരുന്നു. മോഹൻലാലും ദിലീപിന് വേണ്ടി ശബ്ദമുയുർത്താൻ തയ്യാറായില്ല. ഇതോടെയാണ് ദിലീപിന് മേൽകുരുക്കു മുറുക്കിയത്. ഒരു ഘട്ടത്തിൽ അന്വേഷണ സംഘത്തെ മാറ്റിയതുമായി ബന്ധപ്പട്ട് ചില വിവാദങ്ങളും ഉണ്ടായിരുന്നു. താരത്തിന് വേണ്ടിയുള്ള സെറ്റിൽമെന്റ് അണിയറയിൽ ഒരുങ്ങുകയായിരുന്നു. ഇതിന് ഒരു പ്രമുഖ പൊലീസ് ഓഫീസറും ശ്രമങ്ങൾ നടത്തിയെങ്കിലും കർക്കശ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും മഞ്ജു വാര്യരുടെ നിലപാടുമായിരുന്നു.

ദിലീപിനെ കേസിലേക്ക് വലിച്ചിഴച്ചതിന് പിന്നിലാരെന്ന വിധത്തിലാണ് ഒരു ഘട്ടത്തിൽ അന്വേഷണം നീണ്ടത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സന്ധ്യയെ മാറ്റിയതും അന്വേഷണ സംഘത്തിൽ അഴിച്ചുപണി നടത്തിയതും. എന്നാൽ, പെരുമ്പാവൂർ സിഐ ബൈജു പൗലോസ് കണ്ടെത്തിയ തെളിവുകൾ വളരെ വലുതായിരുന്നു. എളുപ്പത്തിൽ തേച്ചുമാച്ചു കഴിയാൻ സാധിക്കാത്ത വിധത്തിൽ കാര്യങ്ങൾ നീങ്ങിയതോടെയാണ് തിരുത്തൽ നടപടി ഉണ്ടായതും അന്വേഷണ നേർവഴിയിലേക്ക് വീണ്ടും എത്തിയതും. മുൻ ഡിജിപി സെൻകുമാറിന്റെ വെളിപ്പെടുത്തലുകളും അന്വേഷണ സംഘത്തെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ദിലീപിനെതിരെ യാതൊരു തെളിവും ഇല്ലെന്നാണ് സെൻകുമാർ പറഞ്ഞത്. ഇത് അന്വേഷണ സംഘത്തിന് തന്നെ തിരിച്ചടിയായി. ഇതൊക്കെ കേസ് സെറ്റിൽ മെന്റ് ചെയ്യാനുള്ള ഭാഗമായി നടന്നുവെന്നാണ് അറിയുന്നത്.

പെരുമ്പാവൂർ സിഐ ബൈജു പൗലോസിൽ അന്വേഷണം കേന്ദ്രീകരിക്കുന്നത് തടയാനാണ് ശ്രമം ശക്തമായിട്ടുണ്ടായിരുന്നു. നേരത്തെ ദിലീപിലേക്ക് അന്വേഷണം എത്തിച്ച എഡിജിപി ബി സന്ധ്യയെ ചുമതലകളിൽ നിന്ന് തന്ത്രപരമായി ഒഴിവാക്കിയെന്ന പ്രതീതിയുമുണ്ടായി. പെരുമ്പാവൂർ സിഐ ബൈജു പൗലോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേസിൽ അതിനിർണ്ണായകമായത്. ആരും അറിയാതെ രഹസ്യമായി തെളിവ് ശേഖരണം നടത്തി.

സിനിമാ ലോകത്തിന്റെ പല വിശദീകരണങ്ങളേയും പൊളിക്കാനുള്ള തെളിവുകൾ കണ്ടെത്തി. ജോർജേട്ടൻസ് പൂരത്തിലെ സെൽഫി പുറത്തുവന്നതും ദൃശ്യങ്ങൾ കണ്ടെടുത്തതുമെല്ലാം ഇതിന്റെ സൂചനകളായിരുന്നു. എന്നാൽ പുറത്തുവന്നതിനേക്കാൾ അധികം തെളിവുകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇനി പിന്നോക്കം പോകാൻ സാധ്യമല്ലെന്ന് തിരിച്ചറിവിലെത്തിയത്. ഇത് കൂടാതെ സർക്കാറിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ വേണ്ടിയും കേസ് സത്യസന്ധമായി മുന്നോട്ടു പോകേണ്ടത് അനിവാര്യമായി മാറി ഇതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്.

നടിയുടെ ഗൂഢാലോചനക്കേസിൽ പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയനായതോടെ ദിലീപിന് ഒരു കാര്യം ഉറപ്പായി. പൾസർ സുനിയും ദിലീപുമായി അടുപ്പമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ പോലും അഴിയെണ്ണേണ്ടി വരുമെന്നും വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മയുടെ യോഗത്തിലെ മാപ്പു പറയുകയും ചെയ്തു. സിനിമയിലെ ചിലരാണ് തന്നെ തകർക്കാൻ ശ്രമിക്കുന്നതെന്ന് ദിലീപ് പറഞ്ഞില്ല. ഇതിൽ മമ്മൂട്ടിയുടെ ഇടപെടൽ ഉണ്ടായിരുന്നു. മമ്മൂട്ടി ഒരു ഘട്ടത്തിലും ദിലീപിനെ പൂർണമായും പിന്തുണക്കാൻ തയ്യാറായിരുന്നില്ല. ഇതിന് കാരണം ദിലീപിന് മേൽ ഒരു സംശയം സൂപ്പറുകൾക്കം ഉണ്ടായിരുന്നു.

ഇതിനിടെ അമ്മ യോഗത്തിന് ശേഷം സെൽഫികളുമായി മോഹൻലാലും മമ്മൂട്ടിയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ദിലീപിനെ വരുതിക്ക് കൊണ്ടുവന്ന ഇരുവരും ഇനി ഈ സെൽഫി നയതന്ത്രം സിനിമയിലും നടപ്പാക്കുമെന്ന സൂചനയായിരുന്നും ഇരുവരും നൽകിയത്. കൊച്ചി ലോബിയുടെ പ്രവർത്തനത്തിൽ മോഹൻലാലും മമ്മൂട്ടിയും തീർത്തും നിരാശരുമായിരുന്നു. ഇത് അവസാനിപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരമായിരുന്നു നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ വിവാദം.

നിലവിൽ സിനിമയുടെ റിലീസിങിൽ തീരുമാനമെടുക്കുന്നത് ദിലീപിന്റെ സംഘടനയാണ്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന് ആഗ്രഹിച്ച ദിവസം റിലീസ് പോലും സാധ്യമായില്ല. ഇതിന് പിന്നിൽ ദിലീപിന്റെ ഇടപെടലായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക തീയേറ്റർ ഉടമകളെയും ദിലീപ് കൈയിലെടുത്തിരുന്നു. ചുരുക്കത്തിൽ ഈ വിഷയത്തിൽ ദിലിപിനെ പൂർണമായും പിന്തുണക്കാത്ത നിലപാടായിരുന്നു താരങ്ങൾക്കുണ്ടായിരുന്നത്. മലയാളത്തിലെ സൂപ്പറുകൾ കൈവിട്ടെന്ന സന്ദേശം ലഭിച്ചതോടെ മുകേഷിനെ മുൻനിർത്തിയായിരുന്നു ചരടുവലികൾ. എന്നാൽ, ആ ചരടുവലികളും പൊലിഞ്ഞതോടെയാണ് ജനപ്രിയ നായകൻ അഴിക്കുള്ളിലാകുന്നത്.