കൊച്ചി: മോഹൻലാൽ നായകനായ ചിത്രം 'ആറാട്ട്' റിലീസിന് പിന്നാലെ സിനിമയ്ക്ക് നേരെ ചില കോണുകളിൽ നിന്നും ഡീഗ്രേഡിങ്ങ് നേരിട്ടിരുന്നു. മോഹൻലാൽ പ്രണവണതക്കെതിരെ നേരിട്ടു രംഗത്തുവരികയും ചെയ്തു. ഇപ്പോൾ അത്തരം പ്രവണതയ്ക്കെതിരെ പ്രതികരിച്ചു രംഗത്തുവന്നിരിക്കയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയും. ഡീഗ്രേഡിങ് അത്ര നല്ല പ്രവണതയൊന്നുമല്ല. നല്ല സിനിമകളുണ്ട്, മോശം സിനിമകളുണ്ട്. അതിനപ്പുറം മനപ്പൂർവം ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യുന്നത് ശരിയല്ല. അതിനോട് യോജിക്കുന്നുമില്ല, മമ്മൂട്ടി പറഞ്ഞു.

ഭീഷ്മപർവ്വം എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിനിടയിലാണ് നടന്റെ പ്രതികരണം. ആറാട്ടിന്റെ റിലീസിന് പിന്നാലെ നടന്ന ഡീഗ്രേഡിങ്ങിനെതിരെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെ രംഗത്ത് വരുകയും ചെയ്തിരുന്നു. ആറാട്ടിനെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ അഞ്ചു പേർക്കെതിരെ മലപ്പുറം കോട്ടക്കൽ പൊലീസ് കേസെടുക്കുകയും ചെയ്തു.

തുടർന്ന് മലയാള സിനിമയിലെ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തിയേറ്ററുകളിലെ ഫാൻസ് ഷോകൾ നിരോധിക്കാൻ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് തീരുമാനം എടുക്കുകയും ചെയ്തിരുന്നു.ഫാൻസ് ഷോകൾ നിരോധിക്കാനുള്ള സംഘടനയുടെ തീരുമാനത്തെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ 'എല്ലാ സിനിമകളും സിനിമാ ആസ്വാദകരുടെതാണ്. അതിനാൽ തന്നെ ഫാൻസിനെ കയറ്റില്ലെന്ന് ആരും പറയില്ല, എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

മാർച്ച് മൂന്നിന് തിയറ്ററുകളിലെത്താനിരിക്കുന്ന ഭീഷ്മ പർവ്വത്തെക്കുറിച്ചും ചിത്രത്തിലെ മൈക്കിൾ എന്ന കഥാപാത്രത്തെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു.അമൽ നീരദും മമ്മൂട്ടിയും ഒത്തുചേർന്ന ആദ്യ ചിത്രം ബിഗ് ബിയിൽ താൻ അവതരിപ്പിച്ച ബിലാലിൽ നിന്നും മൈക്കിളിനെ വ്യത്യസ്തനാക്കാൻ താൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിൽ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, കെ.പി.എ.സി. ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ്- വിവേക് ഹർഷൻ, സംഗീതം- സുഷിൻ ശ്യാം. അഡീഷണൽ സ്‌ക്രിപ്റ്റ്- രവിശങ്കർ, അഡീഷണൽ ഡയലോഗ്സ് - ആർ.ജെ. മുരുകൻ, വരികൾ- റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ബാബു, ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈൻ- തപസ് നായക്, സ്റ്റണ്ട് ഡയറക്ടർ- സുപ്രീം സുന്ദർ, അസോസിയേറ്റ് ഡയറക്ടർ-ലിനു ആന്റണി.