തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ചും ആശംസകൾ അറിയിച്ചും മമ്മൂട്ടിയും മോഹൻലാലും. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും അവാർഡ് ജേതാക്കൾക്കുള്ള അഭിനന്ദനങ്ങൾ പങ്കുവച്ചത്. 'സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ' എന്നാണ് മമ്മൂട്ടിയുടെ അഭിനന്ദന സന്ദേശം

'നമ്മുടെ സംസ്ഥാന അവാർഡ് ജേതാക്കൾ അവരുടെ കഴിവുകളാൽ, ഞങ്ങൾക്കും അഭിമാനിക്കാൻ ഇടയാക്കിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജയസൂര്യയ്ക്കും അന്ന ബെന്നിനും അവരുടെ മികച്ച പ്രകടനത്തിന് പ്രത്യേക അഭിനന്ദനങ്ങൾ!' എന്നാണ് മോഹൻലാൽ കുറിച്ചത്.

ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച സിനിമയായി ഇത്തവണ തെരഞ്ഞെടുത്തത്. ജയസൂര്യ വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, കപ്പേളയിലെ അഭിനയം അന്ന ബെന്നിനെ മികച്ച നടിയാക്കി. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവയാണ്. മികച്ച ജനപ്രീതിയും കലാമേന്മയുള്ള ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയമാണ്. നവാഗത സംവിധായകനുള്ള അവാർഡ് കപ്പേളയിലൂടെ മുഹമ്മദ് മുസ്തഫ കരസ്ഥമാക്കി. ആഖ്യാനത്തിന്റെ പിരിയൻ ഗോവണികൾ എന്ന ഗ്രന്ഥം എഴുതിയ പികെ സുരേന്ദ്രൻ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടി. അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ എന്ന ലേഖനത്തിന് ജോൺ സാമുവൽ മികച്ച ലേഖനത്തിനുള്ള അവാർഡ് നേടി.