- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടർ പട്ടികയിൽ പേരില്ല; മെഗാ സ്റ്റാർ മമ്മൂട്ടിക്കും ഇത്തവണ വോട്ടില്ല; പനമ്പള്ളി നഗറിലെ ബൂത്തിൽ സാധാരണ വോട്ടു ചെയ്യാറുള്ള താരത്തിന് വോട്ടില്ലെന്ന് അറിഞ്ഞത് വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ; മമ്മൂട്ടിയുടെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടെന്നത് അവ്യക്തം
കൊച്ചി: മുഖ്യതെരഞ്ഞെടുപ്പു കമ്മീഷൻ ടീക്കാറാം മീണക്ക് വോട്ടില്ലാതെ പോയത് ഒന്നാംഘട്ട വോട്ടെടുപ്പിൽ കൗതുകം ഉണർത്തിയ കാര്യം. അതേസമയം ഇത്തവണ മലയാളത്തിന്റെ മെഗാ സ്റ്റാറിനും വോട്ടില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതാണ് വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കിയത്.
ഇന്നലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറ്. മമ്മൂട്ടിയുടെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമല്ല. ഇതു സംബന്ധിച്ച് വിശദീകകരണങ്ങളൊന്നും അധികൃതരിൽനിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. സാധാരണ ഓരോ തിരഞ്ഞെടുപ്പിലും ഷൂട്ടിങ് തിരക്കുകൾക്കിടയിലും മമ്മൂട്ടി നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താറുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കും വോട്ട് ചെയ്യാൻ സാധിക്കാതിരുന്നത് വാർത്തയായിരുന്നു. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്ന അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.
അതേസമയം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുകയാണ്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടർമാർ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തും. രണ്ടാം ഘട്ടത്തിൽ തൃശൂരിലെ വടക്കാഞ്ചേരിയിൽ മന്ത്രി എ.സി മൊയ്തീൻ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. വിവാദങ്ങൾ ബാധിക്കില്ലെന്നും വീട് മുടക്കുന്നവർക്ക് ജനം വോട്ട് നൽകില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി പ്രതികരിച്ചു.
രാവിലെ ആറര മുതൽ തന്നെ വോട്ടർമാർ പല പോളിങ് ബൂത്തുകളിലും എത്തിച്ചേർന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിങ് നടക്കുന്നത്. 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്ജെൻഡറുകളും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടർമാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതിൽ 57,895 കന്നി വോട്ടർമാരും ഉൾപ്പെടുന്നു. 12,643 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്നബാധിത പോളിങ് ബൂത്തുകളിൽ വെബ്കാസ്റ്റിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്