- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആരോടാണു പണത്തിനു വേണ്ടി കൈനീട്ടേണ്ടത്; ഒരു വഴിയും മുന്നിലില്ല'; ഹൃദയം നുറുക്കുന്ന ആ വാക്കുകൾ ഏറ്റെടുത്ത് നടൻ മമ്മൂട്ടി; എം.നാരായണന് ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ഏർപ്പാടുകളും ചെയ്തു; നന്ദി പറഞ്ഞ് മുൻ എംഎൽഎ; സഹായം നൽകുമെന്ന് സിപിഐയും
കൊച്ചി: സിപിഐ നേതാവും ഹൊസ്ദുർഗ് മുൻ എംഎൽഎയുമായ എം.നാരായണനു സഹായവാഗ്ദാനവുമായി നടൻ മമ്മൂട്ടി. ഹൃദയശസ്ത്രക്രിയയ്ക്ക് മുമ്പ് ആശുപത്രിയിൽ അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. തിരുവനന്തപുരം നിംസിൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളെല്ലാം ചെയ്യുകയും അത് നാരായണനെ അറിയിക്കുകയും ചെയ്തു.
'മമ്മൂട്ടി സാറിന്റെ ഓഫിസിൽ നിന്ന് വിളിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ഏർപ്പാടുകളും മമ്മൂട്ടി നേരിട്ട് ചെയ്തിട്ടുണ്ടെന്നും എന്നു വേണമെങ്കിലും ഇത് ആവാമെന്നും അറിയിച്ചു' നാരായണൻ പറഞ്ഞു.
അതേസമയം, വാർത്ത കണ്ട് പാർട്ടിയിൽ നിന്ന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ വിളിച്ചതായും നാരായണൻ പറഞ്ഞു. ശ്രീചിത്രയിൽ നിന്ന് 70 ദിവസത്തേക്കുള്ള മരുന്നുവാങ്ങി. ഓഗസ്റ്റ് 13 നാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. അതിനുമുമ്പ് പണം ശരിയാക്കാമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്.
''സിപിഐ പ്രവർത്തകനെന്ന നിലയ്ക്ക് ശസ്ത്രക്രിയയ്ക്ക് പാർട്ടിയുടെ തന്നെ സഹായം സ്വീകരിക്കാനാണ് തീരുമാനം. വേറെ സഹായങ്ങൾ അദ്ദേഹം നൽകിയാൽ സ്വീകരിക്കും. നേരിട്ടു വിളിക്കാമെന്നു മമ്മൂട്ടി സാർ പറഞ്ഞിട്ടുണ്ട്. നേരിട്ട് കാണണമെന്നും ആഗ്രഹമുണ്ട്. പക്ഷെ എനിക്ക് ഇപ്പോൾ യാത്രചെയ്യാൻ കഴിയില്ലല്ലോ?. എന്നെപ്പോലുള്ള ഒരാളെ സഹായിക്കാനുള്ള മനസ്സ് അദ്ദേഹം കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട്.'' നാരായണൻ പറഞ്ഞു. പണത്തിന്റെ ബുദ്ധിമുട്ട് കൊണ്ടാണ് ശസ്ത്രക്രിയ ഓഗസ്റ്റ് 13 ലേക്കു നീട്ടിവച്ചത്. എന്നാൽ, ഇത് അൽപം നേരത്തേ ചെയ്താൽ ആരോഗ്യം കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
പത്ത് വർഷം എംഎൽഎ ആയിരുന്ന നാരായണൻ പെൻഷനായി ലഭിക്കുന്ന ചെറിയ തുകകൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ബുദ്ധിമുട്ട് നിറഞ്ഞ ജീവിതത്തിലേക്ക് രോഗം കൂടി എത്തിയതോടെ അദ്ദേഹം ആകെ തളരുകയായിരുന്നു. ഹൃദയ വാൽവ് മാറ്റിവയ്ക്കാൻ പണമില്ലാതെ നിസ്സഹായനായി. 'ആരോടാണു പണത്തിനു വേണ്ടി കൈനീട്ടേണ്ടത്. ഒരു വഴിയും മുന്നിലില്ല' കണ്ണീരണിഞ്ഞാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ 5 ലക്ഷം രൂപ ആദ്യം കെട്ടിവയ്ക്കണം. മുൻ എംഎൽഎ എന്ന നിലയിൽ സർക്കാരിൽനിന്ന് ഈ തുക പിന്നീടു നാരായണനു കിട്ടുമെങ്കിലും അതിനു ചികിത്സ കഴിഞ്ഞു രേഖകൾ നൽകണം. ഈ സാഹചര്യത്തിലാണ് പത്ത് വർഷം കേരള നിയമസഭയിൽ ഹൊസ്ദുർഗ് (ഇപ്പോഴത്തെ കാഞ്ഞങ്ങാട്) മണ്ഡലത്തെ പ്രതിനിധീകരിച്ച നാരായണന്റെ വേദന പൊതുസമൂഹം അടുത്തറിഞ്ഞത്.
അധികദൂരം നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഇദ്ദേഹം. സംസാരിക്കാനും ബുദ്ധിമുട്ട്. ശസ്ത്രക്രിയ മാത്രമാണു പരിഹാരമെന്നാണു ഡോക്ടറുടെ നിർദ്ദേശം.നാരായണൻ നിസ്വാർഥമായ പൊതുജീവിതത്തിനിടയിൽ ഒന്നും നേടാതിരുന്ന നേതാവായിരുന്നു. എംഎൽഎയായിരുന്നപ്പോഴും ബസിലും മറ്റും സഞ്ചരിച്ചു പരിപാടികളിൽ പങ്കെടുക്കാൻ എത്തിയിരുന്ന നാരായണന്റെ രീതി മണ്ഡലത്തിന്റെ മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്.
കെഎസ്ആർടിസിയിൽ നിന്നു സൗജന്യ യാത്രാ പാസ് ലഭിക്കുന്നതുകൊണ്ടു മാത്രമാണു തനിക്കു പുറത്തിറങ്ങി പൊതുപ്രവർത്തനം നടത്താൻ കഴിയുന്നതെന്നു നാരായണൻ പറയുന്നു.
കഷ്ടപ്പാട് നിറഞ്ഞ ജിവിതത്തിനിടെ ഇപ്പോൾ പ്രതീക്ഷിക്കാതെ എത്തിയ അസുഖം അദ്ദേഹത്തെ ആകെ തളർത്തിയിരിക്കുകയാണ്. സിപിഐ നേതാവ് ബിനോയ് വിശ്വം ഇടപെട്ടാണു നാരായണനെ ശ്രീചിത്രയിലേക്ക് എത്തിച്ചത്. അവിടെ പരിശോധനയിലാണ് എത്രയും പെട്ടെന്നു വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ നിർദേശിച്ചത്.
ന്യൂസ് ഡെസ്ക്