തിരുവനന്തപുരം: ചാനൽ പരിപാടിക്കിടെ മമ്മൂട്ടിക്ക് തന്റെ അച്ഛനായി അഭിനയിക്കാം എന്നു പറഞ്ഞതിന്റെ പേരിൽ നടി അന്ന രേഷ് രാജിനെ ആക്രമിച്ചവർക്ക് രൂക്ഷവിമർശനവുമായി വി.ടി ബൽറാം എംഎ‍ൽഎ. ഫാൻസിനെ അംഗീകരിക്കുന്നുണ്ടെങ്കിൽ അവരാൽ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് മമ്മൂട്ടി ക്ഷമാപണം നടത്താൻ തയ്യാറാവണമെന്നാണ് വി.ടി ബൽറാം പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. 

അതല്ലെങ്കിൽ ആ ആൾക്കൂട്ടത്തെ തള്ളിപ്പറയാൻ അദ്ദേഹം തയ്യാറാവണമെന്നും എം എൽഎ പറഞ്ഞു.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ യുവനടിയാണ് രേഷ്മ അന്ന രാജൻ.. സൂര്യ ടി വിയിലെ ഒരു അഭിമുഖത്തിൽ അന്ന മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമർശമാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഇത് മമ്മൂട്ടിക്ക് എതിരാണന്ന് ചിലർ പ്രചരിപ്പിച്ചു. ഇതോടെ മമ്മൂട്ടി ആരാധകർ അന്നയ്ക്കു നേരേ കടുത്ത ആക്രമണം നടത്തി. സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ഫേസ്‌ബുക്ക് ലൈവിലൂടെ രംഗത്ത് വന്ന അന്ന പൊട്ടിക്കരഞ്ഞായിരുന്നു പ്രതികരിച്ചത്.'കുസൃതി ചോദ്യമായി അവർ എന്നോട് ചോദിച്ചു, മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചഭിനയിച്ചാൽ ആര് നായകനാകണമെന്ന്? ഞാൻ പറഞ്ഞു, ദുൽഖർ നായകനാകട്ടെ , മമ്മൂട്ടി അച്ഛനുമെന്ന്. ഇനി മമ്മൂട്ടിയാണ് നായകനെങ്കിൽ ദുൽഖർ മമ്മൂട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെ എന്നാണ് പറഞ്ഞത്. അതൊരു തമാശയായിരുന്നു. അല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനല്ല. പക്ഷെ ആളുകൾ അത് തെറ്റായി വ്യാഖ്യാനിച്ചു. ചില ഓൺലൈൻ മാധ്യമങ്ങളും സംഭവം വളച്ചൊടിച്ചു. തെറ്റിദ്ധരിച്ചെങ്കിൽ ക്ഷമിക്കണം. ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അവരെയൊന്നും താരതമ്യം ചെയ്യാൻ ഞാൻ ആളല്ല'- അന്നയുടെ പ്രതികരണത്ത്ിനെ തുടർന്നാണ് ബൽറാം അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

ഈ വിഷയത്തിനപ്പുറം മമ്മൂട്ടിയുടെ സമീപകാല കഥാപാത്രങ്ങളെ കുറിച്ചും ബൽറാം വിമർശിക്കുന്നുണ്ട്. വ്യക്തിപരമെന്നു പറയാവുന്ന രൂക്ഷമായ പ്രതികരണമാണിത്. 65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനിൽ നിന്ന് ശരീരസൗന്ദര്യ-ചർമ്മകാന്തി പ്രദർശനമല്ല, മികച്ച ക്യാരക്റ്റർ റോളുകൾ തന്നെയാണ് കോമൺസെൻസുള്ള പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെന്നാണ് വി.ടി ബൽറാം പറഞ്ഞിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഫേസ്‌ബുക് പോസ്റ്റ് പൂർണ്ണമായി വായിക്കാം

തന്റെ ഫാൻസ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ ശ്രീ. മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കിൽ അവരാൽ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താൻ തയ്യാറാവണം. അതല്ലെങ്കിൽ ആ ആൾക്കൂട്ടത്തെ തള്ളിപ്പറയാൻ അദ്ദേഹം കടന്നുവരണം. 65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനിൽ നിന്ന് ശരീരസൗന്ദര്യ-ചർമ്മകാന്തി പ്രദർശനമല്ല, മികച്ച ക്യാരക്റ്റർ റോളുകൾ തന്നെയാണ് കോമൺസെൻസുള്ള പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.