ലക്കനം കൂടുതലുള്ള മമ്മൂട്ടിയെക്കുറിച്ചാണ് ഏവർക്കും പറയാനുള്ളത്. മികച്ച നടനെന്ന ദേശീയ അംഗീകാരത്തിന് ഏറ്റവുമധികം തവണ അർഹനായ നടനെന്ന പെരുമയെല്ലാം നിലനിൽക്കുമ്പോഴും ജാഡക്കാരനെന്ന പേരാണ് മലയാള സിനിമാലോകം മെഗാതാരത്തിനു ചാർത്തിക്കൊടുത്തത്. ലോകസിനിമാ വേദികളിൽ ഏറ്റവും പ്രശസ്തനായ മലയാള നടനെന്ന ഖ്യാതിയുള്ളപ്പോഴും എന്തുകൊണ്ടാണ് മമ്മൂട്ടിയെ മലയാളികൾ അഹങ്കാരിയാക്കുന്നത്. രാജമാണിക്യത്തിലെ ബെല്ലാരി രാജയെപ്പോലെ മമ്മൂട്ടിക്കും കൂളിങ് ഗ്ലാസ് വീക്ക്‌നെസ്സാണോ... എന്തുകൊണ്ടാണ് മമ്മൂട്ടിയെക്കുറിച്ച് ഇത്തരത്തിൽ പ്രചാരണം നടക്കുന്നത്.

എം ടി വാസുദേവൻ നായരും അടൂർ ഗോപാലകൃഷ്ണനുമൊക്കെ സിനിമയിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടു ഒരേസമയമെത്തിയാൽ എന്താകും മമ്മൂട്ടി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു തന്നെ അതുകേൾക്കാം... വനിതയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മമ്മൂട്ടി മനസുതുറന്നത്.

പി ഐ മുഹമ്മദുകുട്ടി എന്ന മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്നു വിളിച്ചത് മേക്കപ്പ്മാൻ എം ഒ ദേവസ്യയാണ്. 'തൃഷ്ണ' എന്ന ഐ വി ശശി ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് മേക്കപ്പ്മാൻ എം ഒ ദേവസ്യ മമ്മൂക്ക എന്ന് വിളിക്കുന്നത്. നിർമ്മാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ അച്ഛനാണ് എം ഒ ദേവസ്യ. ''അതോടെ ഐ വി ശശിയുടെ സെറ്റിൽ എല്ലാവരും അങ്ങനെ വിളിക്കാൻ തുടങ്ങി. തിരുവനന്തപുരത്തെ പ്രിയനും സംഘവും മമ്മൂട്ടിക്ക എന്നായിരുന്നു എന്നെ അന്ന് വിളിച്ചിരുന്നത്. പതുക്കെ പതുക്കെ എല്ലാവരും മമ്മൂക്ക എന്നു വിളിക്കാൻ തുടങ്ങി. ഇപ്പോഴും പ്രിയനു ഞാൻ മമ്മൂട്ടിക്കയാണ്.''- മമ്മൂട്ടി പറയുന്നു.

ഒരു കാലത്ത് ലോ കോളേജ് വിദ്യാർത്ഥികൾ നടത്തിയ സ്ട്രീക്കിങ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതിൽ മമ്മൂട്ടി പങ്കെടുത്തെന്നും ഇല്ലെന്നുമുള്ള തരത്തിലും പ്രചാരണങ്ങൾ നടന്നു. ശരിക്കും ഇതിൽ മമ്മൂട്ടി പങ്കെടുത്തിരുന്നോ. ലോ കോളേജിൽ ആദ്യ വർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് സ്ട്രീക്കിങ് നടന്നതെന്നു മമ്മൂട്ടി പറയുന്നു. ''ഏപ്രിൽ ഒന്നിന് സ്ട്രീക്കിങ്ങ് നടക്കുമ്പോൾ ഞാൻ എന്റെ പെങ്ങളുടെ വീട്ടിലാണ്, കാഞ്ഞിരപ്പള്ളിയിൽ. കോളേജിൽ ഞങ്ങൾ അത്യാവശ്യം അറിയപ്പെടുന്നവരായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ പേരും വന്നു. അല്ലാതെ അത്രത്തോളം ധൈര്യമുള്ള ആളല്ല ഞാൻ.''

എന്നാൽ, സ്ട്രീക്കിങ്ങിന്റെ ഒന്നാം വാർഷികം മമ്മൂട്ടിയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. അടുത്ത ഏപ്രിൽ ഫൂൾ ദിവസം സ്ട്രീക്കിങ്ങിന്റെ ഒന്നാം വാർഷികത്തിന് എറണാകുളം ബ്രോഡ്‌വേയിൽ നിന്ന് എറണാകുളം ബോട്ടുജെട്ടി വരെ ആറുപേർ നഗ്‌നരായി ഓടുന്നുവെന്നു വൻ ച്രാരണവും നൽകി. സംഭവമറിഞ്ഞ് ഓടുന്നവരെ പിടിക്കാൻ പൊലീസുകാർ കാത്തുനിൽക്കുകയും ചെയ്തു. വൻ ജനക്കൂട്ടവും തടിച്ചുകൂടി. എല്ലാവരെയും സാക്ഷിനിർത്തി ആറുപേർ നഗ്‌നരായി ഓടുകയും ചെയ്തു. പക്ഷേ, പൊലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കാരണം എല്ലാവരും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളായിരുന്നു. ലോ കോളേജിനു പുറകിലെ ചേരിയിലെ കുട്ടികളായിരുന്നു അന്നത്തെ സ്ട്രീക്കിങ്ങിൽ പങ്കെടുത്തത്. ഉടുതുണി വാങ്ങാൻ പണമില്ലാത്ത ബാല്യത്തിന് ഞങ്ങൾ പുത്തനുടുപ്പ് സമ്മാനം നൽകിയെന്നും മമ്മൂട്ടി പറഞ്ഞു.

മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെയും എം ടി വാസുദേവൻ എന്ന മഹാമേരുവിന്റെയും സിനിമകളിൽ അഭിനയിക്കാൻ ഒരേ സമയം ക്ഷണം ലഭിച്ചാൽ മമ്മൂട്ടി സ്വീകരിക്കുക ഏതാകും. ഒരേ സമയം അടൂരിന്റെയും എം ടിയുടെയും സിനിമ വന്നാൽ രണ്ടുപേരുടെയും സിനിമ ചെയ്യാനുള്ള സാഹചര്യം ഒരുക്കാനാകുമെന്നു തന്നെയാണ് മമ്മൂട്ടിയുടെ വിശ്വാസം. 'ആരെങ്കിലും ഒരാൾ എനിക്കുവേണ്ടി കാത്തിരിക്കുമെന്നുറപ്പാണ്. രണ്ടുപേരോടും ഒന്നു വരാൻ പറയൂ. ഞാൻ കാത്തിരിക്കുകയാണ്.'- മമ്മൂട്ടി പറഞ്ഞു.

ജീവിതത്തിൽ എനിക്ക് എത്തിച്ചേരാൻ പറ്റാത്ത ഉയരത്തിലുള്ള ആളുകളോട് തനിക്ക് അസൂയ തോന്നാറില്ലെന്നും മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറയുന്നു. 'ഞാൻ എന്തിന് അസൂയപ്പെടണം. ഉദാഹരണത്തിന് സച്ചിൻ ടെൻഡുൽക്കർ. ഒരു ബാറ്റ് പിടിക്കാൻ പോലുമറിയാത്ത ഞാനെന്തിനു സച്ചിനെയോർത്ത് അസൂയപ്പെടണം. ഞാനും ശാസ്ത്രം പഠിച്ചതാണ്. പക്ഷേ എനിക്കൊരു മംഗൾയാന്റെ ഭാഗമാകാൻ കഴിഞ്ഞില്ല. അതോർത്ത് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞന്മാരോട് അസൂയപ്പെട്ടിട്ട് കാര്യമില്ലല്ലോ. എനിക്ക് അഞ്ചുണ്ടെങ്കിലല്ലേ പത്തുള്ളവരോട് അസൂയ തോന്നേണ്ട കാര്യമുള്ളൂ. എനിക്കറിയാവുന്നത് അഭിനയിക്കാനാണ്. അവിടെയും ഞാൻ ഷാറൂഖ് ഖാനോടോ അമിതാഭ് ബച്ചനോടോ അസൂയപ്പെട്ടിട്ട് എന്തുകാര്യം. അത്യാവശ്യം ഹിന്ദി പറയാനറിയാമെന്നല്ലാതെ ഒരു ഹിന്ദിക്കാരന്റെ ഹിന്ദി എന്റെ വായിൽ നിന്ന് വരില്ല. എനിക്ക് ആരോടും അസൂയയില്ല. എനിക്കുള്ളതുകൊതി മാത്രമാണ്. എന്റെ കൊതി നല്ല കഥാപാത്രങ്ങളോടാണ്. നല്ല വിശപ്പുള്ള ഒരാളുടെ മുന്നിൽ ഇഷ്ടഭക്ഷണം വിളമ്പിവയ്ക്കുമ്പോൾ ഉള്ള കൊതിയില്ലേ. അത്തരം കൊതി തോന്നാറുണ്ട് പല കഥാപാത്രങ്ങളോടും.'- സിനിമയോടും മികച്ച കഥാപാത്രങ്ങളോടുമുള്ള തന്റെ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ലെന്നു തന്നെയാണ് മമ്മൂട്ടിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.

ഏറെ പ്രതീക്ഷയോടെ കണ്ട ചില സിനിമകൾ പരാജയപ്പെടുമ്പോഴുണ്ടാകുന്ന വേദന മമ്മൂട്ടി എന്ന അഭിനയപ്രതിഭ വിലയിരുത്തുന്നത് ഇങ്ങനെയാണ്. കാലത്തിനു മുമ്പേ പിറന്ന സിനിമകളായാതാകാം പരാജയകാരണം. ചില സിനിമകൾ വൈകിയെത്തിയാലും പരാജയപ്പെടുമെന്നും മമ്മൂട്ടി പറയുന്നത്. സിനിമാസ്വാദകരെ വിലകുറച്ചു കാണരുതെന്നും മമ്മൂട്ടിക്കറിയാം. ''നല്ല സിനിമകളൊന്നും പരാജയപ്പെടില്ല. സാമ്പത്തികമായോ കലാപരമായോ ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റ പിറകിൽ മറ്റൊരു കാരണമുണ്ടാവും. ഉദാഹരണത്തിന് അഴകിയ രാവണൻ. ആ സിനിമ ടെലിവിഷനിലൂടെ കണ്ട് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. എത്ര നല്ല രസകരമായ സിനിമ. അന്ന് അത് സൂപ്പർഹിറ്റായില്ലല്ലോ? ഒരുപക്ഷേ ആ സിനിമ കാലത്തിനു മുമ്പേ പിറന്നതാവാം. പക്ഷേ പിന്നീട് ആസ്വദിക്കപ്പെട്ടതുകൊണ്ട് ആ സിനിമ വിജയം തന്നെ. ചില സിനിമകൾ വൈകിയെത്തിയതുകൊണ്ട് പരാജയപ്പെടും. സിനിമ ഇറങ്ങുന്ന കാലം വളരെ പ്രധാനമാണ്.''

മലയാള സിനിമയ്ക്കുവെളിയിലും ഏറെപ്പേരോട് സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഈ മെഗാ സ്റ്റാർ. ചെന്നൈയിലായിരുന്ന കാലത്ത് അത്തരം സൗഹൃദങ്ങൾ ഒരുപാടുണ്ടായിരുന്നുവെന്നു മമ്മൂട്ടി പറയുന്നു. ''ദളപതിയിൽ ഞാനും രജനീകാന്തും ഒരുമിച്ചഭിനയിച്ചു. അന്നു ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. നിരന്തരം വിളിക്കും. നാലഞ്ചു വർഷം കഴിഞ്ഞപ്പോൾ വിളിയുടെ എണ്ണം കുറഞ്ഞു. രണ്ടുപേരും തിരക്കുകളിലേക്കു വീണു. ഞാനും ലാലും ഇവിടെ പ്രധാനികളാണെന്നു പറയുമ്പോലെ മറ്റു ഭാഷകളിൽ അന്നു തിളങ്ങി നിന്നിരുന്ന എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നു. ഒരേ സ്റ്റുഡിയോ കോമ്പൗണ്ടിലെ പല ഫ്‌ളോറിലാണ് അന്ന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലേയും സിനിമ പിറന്നത്. സ്റ്റുഡിയോയിൽ കിടന്നുറങ്ങുന്ന എന്നെ ചിരഞ്ജീവി എത്രയോ ദിവസം വിളിച്ചുണർത്തിയിട്ടുണ്ട്. ഞങ്ങൾ മണിക്കൂറുകളോളം സംസാരിച്ചിരുന്നിട്ടുണ്ട്. അന്ന് ഹിന്ദി സിനിമകളുടെ ഷൂട്ടിങ്ങ്‌പോലും ചെന്നൈയിലായിരുന്നു. രാജേഷ് ഖന്ന, ധർമേന്ദ്ര, ജിതേന്ദ്ര തുടങ്ങി നമ്മൾ ബഹുമാനിച്ചിരുന്ന പല നടന്മാരും നമ്മൾ അഭിനയിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി കടന്നുവന്നിട്ടുണ്ട്. ഒടുവിൽ കാണുമ്പോഴും രാജേഷ് ഖന്ന എന്നെ വിളിച്ചിരുന്നത് ഹായ് ഹാൻഡ്‌സം എന്നായിരുന്നു. ഒരു നഗരം വിടുമ്പോൾ നഷ്ടപ്പെടുന്നതു കുറെ ബന്ധങ്ങളാണ്.''

'അരപ്പട്ട കെട്ടിയ ഗ്രാമം' 'തൃഷ്ണ' എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് വീണ്ടും അഭിനയിച്ചാൽ കൊള്ളാമെന്നു മമ്മൂട്ടിക്കു തോന്നുന്നവ. സിനിമയെ കൂടുതൽ അറിഞ്ഞുവന്നശേഷം ആ രണ്ടു കഥാപാത്രങ്ങളെയും കൂടുതൽ മനസിലാകുന്നുവെന്നു മമ്മൂട്ടി പറയുന്നു.

ഇടയ്ക്ക് വാട്ട്‌സാപ്പിൽ മമ്മൂട്ടിക്ക് അഭിനയിക്കാൻ താൽപര്യമുണ്ടെന്നു കാട്ടി ഒരു പരസ്യം പ്രചരിച്ചിരുന്നു. അതു വ്യാജ പരസ്യമായിരുന്നുവെന്നു മമ്മൂട്ടി പറയുന്നു. ''അതു ഫേക്കാണ്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലെടുത്ത എന്റെ ഫോട്ടോയാണ് പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. വാട്ട്‌സാപ്പിൽ അഭിനയിക്കാൻ താൽപര്യമുണ്ട് എന്ന പരസ്യത്തിനും ഈ ചിത്രത്തിനുമൊപ്പം 1979ൽ പ്രസിദ്ധീകരിച്ചേക്കാമായിരുന്ന എന്നൊരു അടിക്കുറിപ്പുണ്ടായിരുന്നു. ആദ്യം കണ്ടപ്പോൾ അതിലെ തമാശ ഞാനും ആസ്വദിച്ചു. പക്ഷേ പിന്നീട് ആരോ അതിലെ ആ അടിക്കുറിപ്പ് എഡിറ്റ് ചെയ്തു. അതോടെ ഈ പരസ്യം ഞാൻ നൽകിയതാണെന്നേ ആർക്കും തോന്നൂ. ടെക്‌നോളജിയെ എങ്ങനെ നന്നായും മോശമായും ഉപയോഗിക്കാം എന്നതിന്റെ തെളിവാണിത്''.

''അന്ന് ഇങ്ങനെ പരസ്യം കൊടുക്കാനൊന്നും പറ്റില്ല. പ്രൊഡക്ഷൻ കമ്പനികൾ നടീനടന്മരെ ആവശ്യമുണ്ടെന്നു പറഞ്ഞു പരസ്യം കൊടുക്കും. ഞാൻ അതിനും പോയിട്ടില്ല. സംവിധായകരെ നേരിൽ പോയി കണ്ടിട്ടുണ്ട്.''

എന്തുകൊണ്ടാണ് കൂളിങ് ഗ്ലാസ് വീക്ക്‌നെസാണ് മമ്മൂട്ടിക്ക് എന്നൊരു പ്രചാരണം വരുന്നത്. അത്രയധികം കൂളിങ് ഗ്ലാസുകളുണ്ടോ മമ്മൂട്ടിക്ക്. അദ്ദേഹം പറയുന്നതിങ്ങനെയാണ്. വെറും അഞ്ചോ ആറോ കൂളിങ് ഗ്ലാസുകളാണ് തനിക്കുള്ളതെന്ന് മമ്മൂട്ടി പറയുന്നു. ''നിങ്ങൾ സത്യന്റെ സിനിമകൾ ശ്രദ്ധിച്ചിട്ടുണ്ടോ. മിക്ക സിനിമയിലും അദ്ദേഹം കൂളിങ് ഗ്ലാസ് വച്ചിട്ടുണ്ട്. ചില ആളുകൾക്ക് കൂളിങ് ഗ്ലാസ് വച്ചാലെ വെയിലത്തിറങ്ങാൻ പറ്റൂ. വെയിലത്ത് ഒരുപാടു നേരം നിന്നാൽ എന്റെ കണ്ണുകൾ ചെറുതാവും. എന്റെ ആദ്യകാല സിനിമകളിൽ പലതിനും ഈ പ്രശ്‌നമുണ്ട്. അത്രയും അൾട്രാവയലറ്റ് രശ്മികൾ എന്റെ കണ്ണു താങ്ങില്ല. അതുകൊണ്ടാണ് കൂളിങ് ഗ്ലാസ് വെയ്ക്കുന്നത്. ഏറ്റവും ഭംഗിയുള്ളത് വച്ചേക്കാം എന്നു കരുതി നല്ലത് വെയ്ക്കുന്നു. അല്ലാതെ ഞാൻ കൂളിങ് ഗ്ലാസുമായി ജനിച്ചതല്ല. ലോകത്ത് വിവിധ കമ്പനികൾ ലക്ഷക്കണക്കിന് കൂളിങ് ഗ്ലാസ് ഉണ്ടാക്കുന്നത് എനിക്കൊരാൾക്കുവേണ്ടിയുമല്ല.''

അഭിനയിച്ച എല്ലാ നടിമാരെയും ഒരേപോലെയാണ് കണ്ടിട്ടുള്ളതെന്നും അതിൽക്കവിഞ്ഞ് ഒരാളോട് മാത്രം കൂടുതൽ കെമിസ്ട്രി എന്നതൊന്നും തനിക്കുണ്ടായിട്ടില്ല എന്നും മമ്മൂട്ടി പറഞ്ഞു. ''ആരാണ് മികച്ച നടിയെന്നു വിലയിരുത്തി മാർക്കിടാനും ഞാൻ ശ്രമിച്ചിട്ടില്ല. മാർക്കിടാൻ ഞാനാര്. ഞാൻ തന്നെ ഒന്നു ചൊവ്വാവട്ടെ. അതു കഴിഞ്ഞല്ലേ മറ്റുള്ളവരുടെ കാര്യം.'' മമ്മൂട്ടി പറയുന്നു.